കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതസ്വാധീനമുള്ള വ്യക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് ഈ ഘട്ടത്തില്‍ മൊഴി പകര്‍പ്പ് നല്‍കുന്നത് അന്വേഷണത്തെ തടസപ്പെടുത്തുമെന്നും കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് രേഖപ്പെടുത്തിയ തന്റെ മൊഴിയുടെ പകര്‍പ്പുകള്‍ക്കു വേണ്ടി സ്വപ്ന നല്കിയ അപേക്ഷ എറണാകുളം അഡി. സിജെഎം കോടതി നിരസിച്ചിരുന്നു. ഇതിനെതിരെ സ്വപ്ന നല്കിയ ഹര്‍ജിയിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കിയത്.
സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് സ്വപ്ന സുരേഷിന്റെ മൊഴിയില്‍ പരാമര്‍ശമുണ്ട്. പല രാഷ്ട്രീയ നേതാക്കളുമായും വിദേശ പ്രതിനിധികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഉന്നത അധികാര കേന്ദ്രങ്ങളുമായി സ്വപ്നയ്ക്ക് അടുപ്പമുണ്ട്. മാധ്യമങ്ങള്‍ പുറത്തുവിട്ട ചില ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങളില്‍ നിന്ന് ഇതു വ്യക്തമാണ്. വിദേശത്തടക്കം അന്വേഷണം പുരോഗമിക്കുകയാണ്. സ്വപ്നയുടെ മൊഴി പകര്‍പ്പ് നല്കിയാല് കേസുമായി ബന്ധമുള്ള ഉന്നത വ്യക്തികളിലേക്കുള്ള തുടര്‍ അന്വേഷണം തടസപ്പെടും. അധികാര കേന്ദ്രങ്ങളില്‍ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് സ്വപ്നയെന്നും കസ്റ്റംസ് പറയുന്നു.
സുരക്ഷാ ഭീഷണിയുണ്ടെന്നു ഭയന്ന് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയത്. ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ല. ആ നിലയ്ക്ക് മൊഴിപ്പകര്‍പ്പ് പുറത്തു വരുന്നത് അവരുടെ സുരക്ഷയെ ബാധിക്കും. ഉന്നതരിലേക്കും ഉയര്‍ന്ന രാഷ്ട്രീയ പൊതു വ്യക്തികളിലേക്കും എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ളവര്‍ ഇതിലുണ്ട്, വിശദീകരണ പത്രികയില്‍ പറയുന്നു. ഹര്‍ജി ഒക്ടോബര്‍ 12 ന് സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: