പാരീസ്: പത്തൊമ്പതുകാരിയായ ഇഗ സ്വയ്ടെക് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ കടന്നു. സെമിയില്‍ അര്‍ജന്റീനയുടെ നാദിയ പൊഡോറോസ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-2, 6-1. ഇതാദ്യമായാണ് ഇഗ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്നത്.
വനിതാ ഫൈനലില്‍ എത്തുന്ന ഏഴാമത്തെ അണ്‍സീഡഡ് താരമാണ് ഇഗ. ഇതിന് മുമ്പ് ഫൈനലിലെത്തിയ അണ്‍സീഡഡ് താരം ജെലീന ഒസ്റ്റപെങ്കോയാണ്. 2017ലാണ് ജെലീന ഒസ്റ്റപെങ്കോ ഫൈനലിലെത്തിയത്. അന്ന് ജെലീന കിരീടവും സ്വന്തമാക്കി.
ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും.
17-ാം സീഡായ പാബ്ലോ കരേനോ ബുസ്റ്റയെ ശക്തമായ പോരാട്ടത്തില്‍ കീഴടക്കിയാണ് ദ്യോക്കോവിച്ച് സെമിയില്‍ കടന്നത്. മൂന്ന് മണിക്കൂര്‍ 10 മിനിറ്റ് നീണ്ട മത്സരത്തില്‍ 4-6, 6-2, 6-3, 6-4 എന്ന സ്കോറിനാണ് ദ്യോക്കോവിച്ച് വിജയം നേടിയത്. ഇത് 10-ാം തവണയാണ് ദ്യോക്കോവിച്ച് റോളാങ് ഗാരോസില്‍ സെമി ഫൈനലില്‍ എത്തുന്നത്.
സ്റ്റെഫാനോ സിറ്റ്സിപാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്ദ്രെ റുബലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 7-2, 6-2, 6-3. ഗ്രീക് താരമായ സിറ്റ്സിപാസ് ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ കടക്കുന്നത്.
രണ്ടാം സെമിയില്‍ 12 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ റാഫേല്‍ നദാല്‍ ഡീഗോ ഷ്വാര്‍ട്സ്മാനെ നേരിടും.
മൂന്നാം സീഡായ ഡൊമിനിക് തീമിനെ അട്ടിമറിച്ചാണ് 12-ാം സീഡായ ഷ്വാര്ട്സ്മാന് സെമിയിലെത്തിയത്. സ്കോര്‍: 7-6, 5-7, 7-6, 6-2.
രണ്ടാം സീഡായ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ യാനിക് സിന്നറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 7-6, 6-4, 6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: