കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പണം തട്ടുന്നവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി പി. വിജയന്റെ പേരിലും വ്യാജ അക്കൗണ്ട്. ഇന്നലെ രാവിലെയാണ് വ്യാജ അക്കൗണ്ട് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഐജി തന്നെ മുന്നറിയിപ്പെന്ന നിലയില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പോലീസ് ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായി ഐജി പി. വിജയന് ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാജ അക്കൗണ്ട് നിര്‍മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് അക്കൗണ്ടുകള്‍ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നാണ് ഇത് ചെയ്തതെന്നാണ് സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. ഇതുസംബന്ധിച്ച നിരവധി പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജഅക്കൗണ്ടുകള്‍ നിര്‍മിച്ചാണ് ഇത്തരം സംഘം പണം തട്ടുന്നത്. കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് മുന്‍ ഡയറക്ടര്‍ ഡോ. സുരേഷ്കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എ. സജീവന് എന്നിവരുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഇരുവരും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുകയും എ. സജീവന് ഇതുസംബന്ധിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
നിലവില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളായ പലര്‍ക്കും വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് കിട്ടി സംശയം തോന്നി ബന്ധപ്പെടുമ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നവരുമായി ഉടന്‍ തന്നെ ചാറ്റ് നടത്തി അത്യാവശ്യമായി പണം വേണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. വലിയ സംഖ്യ ചോദിച്ച് അത്രയും ഇല്ലെന്ന് പറഞ്ഞാല്‍ ഉള്ള തുക ഗൂഗിള്‍ പേ വഴി അയക്കാന്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്കില്‍ പോസ്റ്റും ഷെയറും ചെയ്യപ്പെടുന്ന ഫോട്ടോകള്‍ ഉപയോഗിച്ചാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത്.
പലരും ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നില്ല. ഏതുവ്യക്തിയുടെ പേരിലാണോ വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആവ്യക്തിയുടെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചശേഷം അവരുമായി ചാറ്റിങ് നടത്തുന്നു. വിശ്വാസ്യത നേടിയശേഷം പണം ഓണ്‍ലൈനായി അയക്കാന്‍ ആവശ്യപ്പെടുകയാണ്. 2000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. ഗൂഗിള്‍ പേ വഴി പണം അയക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് സന്ദേശം അയക്കുന്നത്. ചെറിയ തുകയായതിനാല്‍ പരിചയക്കാരില്‍ പലരും പണം അയച്ചു കൊടുക്കും. പലരും ആ വ്യക്തിയുമായി നേരിട്ട് സംസാരിക്കുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഇത്തരം തട്ടിപ്പുകള്‍ സജീവമാണെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പോലീസും മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: