മഹര്‍ഷേ, ഞാന്‍ എന്റെ രാജ്യവും അതിലെ സര്‍വസമ്പത്തുകളും അങ്ങേക്കായി ദാനം ചെയ്തു കഴിഞ്ഞു. വിശ്വാമിത്ര മഹര്‍ഷിയോട് ഹരിശ്ചന്ദ്രന് വ്യക്തമാക്കി.
അങ്ങു നിര്‍ദേശിച്ചതു പോലെ ഞാനും എന്റെ കുടുംബവും ഉടന്‍ തന്നെ രാജ്യം വിട്ടുപോവുകയാണ്. എന്നാല്‍ ഒരു കാര്യത്തില്‍ അങ്ങു ക്ഷമിച്ചാലും.
സര്‍വസ്വം മമ തേ ബ്രഹ്മന്‍
ഗൃഹീതം വിധിവത് വിഭോ
സുവര്‍ണ ദക്ഷിണാം
ദാതുമശക്തോളദ്യാധുനോ ദ്വിജ
സര്‍വസ്വവും ഇപ്പോള്‍ അങ്ങയുടേതാണ്. ആ സ്ഥിതിക്ക് ഞാന്‍ ഉടനേ സുവര്‍ണ ദക്ഷിണ നല്കാന് അശക്തനാണ്. എനിക്ക് എപ്പോഴെങ്കിലും ധനം ലഭിക്കുമ്പോള്‍ അപ്പോള്‍ തന്നെ ഞാന്‍ ആ ദക്ഷിണ അങ്ങ് ചൊന്നപോലെ തന്നെ നല്‍കുന്നതാണ് എന്നു പറഞ്ഞുകൊണ്ട് ഹരിശ്ചന്ദ്രന് കുടുംബത്തോടൊപ്പം പുറത്തിറങ്ങി.
വിശ്വാമിത്ര മഹര്‍ഷി പുറകേ ചെന്നു. പലരും വിശ്വാമിത്രനെ പഴിക്കുന്നതു കേട്ടു. എന്നാല്‍ അതിലൊന്നും ശ്രദ്ധിക്കാതെ മഹര്‍ഷി ഹരിശ്ചന്ദ്രനോട് പറഞ്ഞു, ഹേ, രാജന്, എന്റെ ദക്ഷിണ തന്നിട്ട് പോയാലും. ഇനി അഥവാ അതു നല്കാന് സാധ്യമല്ലെങ്കില്‍ അക്കാര്യം വ്യക്തമായി പറഞ്ഞാലും. ഞാന്‍ അത് ഉപേക്ഷിച്ചു കൊള്ളാം. തരാന്‍ മടിയുണ്ടെങ്കില്‍ രാജ്യം മുഴുവനും അങ്ങ് തിരിച്ചെടുത്തോളൂ.
ഇതുകേട്ട് ഹരിശ്ചന്ദ്രനില്‍ സത്യാഭിമാനം ജ്വലിച്ചു. ഹേ, മുനിശ്രേഷ്ഠാ, എന്റെ പ്രതിജ്ഞയെച്ചൊല്ലി അങ്ങ് വിഷമിക്കേണ്ട. വാക്കു നല്കിയതു പോലെ ദക്ഷിണാസ്വര്ണം തരാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല.
സ്വസ്ഥോഭവ, പ്രദാസ്യാമി
സുവര്‍ണം മനസേപ്സിതം
കിഞ്ചിത്കാലം പ്രതീക്ഷസ്വ
യാവത് പ്രാപ്സ്യാമ്യഹം ധനം
അങ്ങ് മനസ്സില്‍ നിശ്ചയിച്ചതുപോലെയുള്ള സുവര്‍ണം നല്‍കാനായി ധനസമ്പാദനത്തിന് എനിക്ക് കുറച്ചു കാലം അവസരം നല്‍കണം.
എന്നാല്‍ മഹാരാജന്, രാജ്യവും ഖജനാവും എല്ലാം നഷ്ടപ്പെട്ട അങ്ങ് എങ്ങനെയാണ് ഇനി ധനസമ്പാദനത്തിന് പ്രാപ്തനാവുക. ഇനിയും ധനത്തിനായി ഞാന്‍ അങ്ങയെ ക്ലേശിപ്പിച്ചാല് ഞാന്‍ ഒരു ധനലോഭിയാണെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തും. അതു കൊണ്ട് ധനം നല്കാന് ന ിര്വാഹമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അങ്ങേയ്ക്ക് പോകാവുന്നതാണ്. അങ്ങ് അക്കാര്യം തുറന്നു പറഞ്ഞാല്‍ ഞാന്‍ ധനാശ വിട്ട് പൊയ്ക്കൊള്ളാം എന്ന് വിശ്വാമിത്രന് വാക്ലംഘനത്തിന് ഹരിശ്ചന്ദ്രനെ പ്രേരിപ്പിച്ചു. അതിന് ഹരിശ്ചന്ദ്രന് നല്കിയ മറുപടിയിലും ദേഹാഭിമാനവും സത്യാഹങ്കാരവും ജ്വലിച്ചു നിന്നു.
മമ ദേഹോളസ്തി ഭാര്യായാഃ
പുത്രസ്യ ച ഹ്യ നാമയഃ
ക്രീത്വാദേഹം തു തം നൂന-
മൃണം ദാസ്യാമി തേ ദ്വിജ
എന്റെ ഈ ശരീരമുണ്ട്. ഭാര്യയും പുത്രനും കൂടെയുണ്ട്. ഇതൊക്കെ വിറ്റിട്ടാണെങ്കിലും ഞാന്‍ അങ്ങയുടെ കടം വീട്ടും. നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു ഹരിശ്ചന്ദ്രന്റെ മറുപടി.
ഹരിശ്ചന്ദ്രന് കുടുംബസമേതം കൊട്ടാരം വിട്ടു പോയി. ഗംഗയില്‍ കുളിച്ച് മറ്റുമാര്‍ഗങ്ങളെക്കുറിച്ച് ആലോചിച്ചു.
അവിടെയും വിശ്വാമിത്ര മഹര്‍ഷിയെത്തി. എന്തായീ വാക്കിന്റെ കാര്യം? എന്റെ സ്വര്‍ണമെവിടെ? സ്വര്‍ണ ദക്ഷിണ വാക്കു നല്‍കിയിട്ട് മാസം തികയാറായി. പറ്റില്ലെങ്കില്‍ അതു പറഞ്ഞോളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: