സനാതന ധര്‍മം അഥവാ ഹൈന്ദവ ധര്‍മം എന്നത് ഒരു ജീവിതരീതിയാണ്. എന്തിന് വേണ്ടിയാണ് ആ ജീവിതചര്യ എന്നു ചോദിച്ചാല്‍ നാമെല്ലാം ആഗ്രഹിക്കുന്ന പരിപൂര്‍ണമായ ദുഃഖനിവൃത്തിയിലേക്ക് അഥവാ മോക്ഷത്തിലേക്ക് നമ്മെ ഉയര്‍ത്താന്‍ വേണ്ടിയാണ്.
ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? ഇതിനെ നിയന്ത്രിക്കുന്ന നിയാമകശക്തി എന്താണ്? ഇതിനെ അന്വേഷിക്കുന്ന ഞാന്‍ ആരാണ്? ഇപ്രകാരം ജീവ ഈശ്വരപ്രപഞ്ചത്തിന്റെ സത്തയെ അന്വേഷിച്ച് കണ്ടെത്താന്‍ കെല്‍പ്പുള്ള ബുദ്ധി മനുഷ്യന് മാത്രമുള്ളതാണ്. ഈ അന്വേഷണത്തിന്റെ പരിസമാപ്തിയിലാണ് ജീവേശ്വരപ്രപഞ്ചത്തിന്റെ സത്ത അഥവാ ഉണ്മ ഏകമാണ് എന്ന അനുഭവം. ഈ സ്വാനുഭവമാണ് മോക്ഷം. ആ മോക്ഷത്തിലേക്ക് ഉയര്‍ത്തുന്ന ഒരു ജീവിതചര്യയാണ് സനാതനധര്‍മം. ഇതാണ് സനാതനധര്‍മത്തിന്റെ ആത്യന്തികലക്ഷ്യവും. ആ ലക്ഷ്യത്തിലേക്ക് നടന്നു കയറുവാനുള്ള മാര്‍ഗമാണ് ധര്‍മം. ആ ധര്‍മം ആചാരപ്രധാനമാണ്. ‘ആചാര പരമോ ധര്‍മഃ, ആചാര പ്രഭവോ ധര്‍മഃ, ആചാരഹീനഃ പശുഭിഃ സമാനഃ’ എന്നെല്ലാം നമ്മുടെ ശാസ്ത്രങ്ങള്‍ ആചരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നു.
ആചരണം ശാസ്ത്രീയമായിരിക്കണം. അതായത് ശാസ്ത്രവുമായി ബന്ധപ്പെട്ടതായിരിക്കണം. അല്ലെങ്കില്‍ അത് അനാചാരവും ദുരാചാരവുമായി തീരും. ആചരണത്തില്‍ തന്നെ ഒരിക്കലും മാറ്റം വരുത്തേണ്ട ആവശ്യമില്ലാത്തവയും ദേശകാലങ്ങള്‍ക്കനുസരിച്ച് പരിഷ്കരിച്ച് മാറ്റം വരുത്തേണ്ടവയും ഉണ്ട്. ഇവയെ യഥാക്രമം ശ്രുതി എന്നും സ്മൃതി എന്നും പറയുന്നു.
ശ്രുതി വേദോക്തമാണ്, സനാതനമാണ്. പരമസത്യത്തെ പ്രതിപാദിക്കുന്നതാണ്. അതിനാല്‍ അവ ദേശകാലാതിവര്ത്തിയണ്. എന്നാല്‍ സ്മൃതികള്‍ ദേശകാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടതാണ്. അതാത് കാലങ്ങളില്‍ സമാജനന്മയ്ക്കുതകുന്നതും സനാതനധര്‍മത്തെ പരിപോഷിപ്പിക്കുന്നതും വേദവിരുദ്ധമല്ലാത്തതുമായ സ്മൃതികള്‍ സ്വീകരിക്കുകയും, സമൂഹത്തിന് ദോഷകരമാകുന്ന സ്മൃതികള്‍ പരിഷ്കരിക്കുകയോ ചിലവ ഉപേക്ഷിക്കുകയോ വേണ്ടി വരും. എന്നാല്‍ ഇന്ന് കാണുന്ന ആചാരപരമായ വിഷയങ്ങള്‍ പലപ്പോഴും വിവാദമാകുന്ന ഒരു കാലഘട്ടത്തില്‍ ശ്രുതിവിരുദ്ധമല്ലാത്ത രീതിയിലുള്ള സ്മൃതി പരിഷ്കരണത്തെ കുറിച്ച് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ട ഒരു കാലഘട്ടമാണ്. അതിന് അതാത് വിഷയങ്ങളില്‍ പ്രഗത്ഭരായ സംന്യാസിവര്യന്മാരും താന്ത്രികാചാര്യന്മാരും മറ്റു വൈദിക ആചാര്യന്മാരും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തു തയ്യാറാക്കണം. അതിനെ അംഗീകരിക്കുന്ന മനസ്സ് ഹൈന്ദവ സമൂഹത്തിന് ഉണ്ടാവുകയും വേണം. എങ്കില്‍ ഹിന്ദു ധര്‍മാചരണത്തില്‍ ഇന്നുള്ള പല വിവാദങ്ങളും ഒഴിവാക്കാന്‍ സാധിക്കും.
യുക്തി ഒരിക്കലും പണയപ്പെടുത്താതെ ശിഷ്യന്മാരെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന ഗുരുക്കന്മാരെയാണ് നാം സനാതന ധര്‍മ്മ ശാസ്ത്രങ്ങളില്‍ കാണുന്നത്. അല്ലാതെ ചോദ്യം ചെയ്യാതെ വിശ്വസിപ്പിന്‍ എന്ന് നമ്മുടെ ആചാര്യന്മാര് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വേദങ്ങളായാലും ഇതിഹാസപുരാണങ്ങളായാലും അവയൊക്കെ സംവാദരൂപത്തിലാണ്. യുക്തിപൂര്‍വകവും ശാസ്ത്രീയവുമായ വാദപ്രതിവാദരൂപത്തിലൂടെ മാത്രമേ വ്യക്തമായ വഴി ഉരുത്തിരിഞ്ഞു വരുകയുള്ളൂ. അതുകൊണ്ട് അനുഭവികളായ, സത്യസാക്ഷാത്കാരസമ്പന്നരായ നമ്മുടെ വൈദിക ഋഷിമാര്‍ ഒരു ചോദ്യവും ഭയപ്പെട്ടിരുന്നില്ല. എന്നു മാത്രമല്ല ‘നാതഃപരമസ്തി’ ഇതിനപ്പുറം മറ്റൊന്നില്ല എന്ന് പറയുവാന്‍ കരുത്തുള്ളവരായിരുന്നു ആ മഹാമനീഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: