വടശേരിക്കര: ശബരിമല സന്നിധാനത്തെ സുരക്ഷയെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങള്‍ ബലപ്പെടുന്നതായി സൂചനകള്‍. സന്നിധാനത്തിന്റെ സുരക്ഷയ്ക്കായി മുഴുവന്‍ സമയ പോലീസ് സ്റ്റേഷന് പതിനെട്ടാംപടിക്കു സമീപം സ്ഥാപിച്ചിട്ടും സുരക്ഷ മെച്ചപ്പെട്ടതായി കരുതാന്‍ കഴിയാത്ത സാഹചര്യമാണ് ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ സന്നിധാനത്തെത്തിയ സംഭവത്തിലൂടെയുണ്ടായത്.
യുവാക്കള്‍ നടപ്പന്തലിലെത്തിയ വിവരം സന്നിധാനം പോലീസ് ആദ്യം നിഷേധിച്ചു. നടപ്പന്തലിനു സമീപം സൂക്ഷിച്ച സ്കൂട്ടറിന്റെ ചിത്രം പ്രചരിച്ചപ്പോഴും സംഭവം സന്നിധാനം പോലീസ് നിഷേധിച്ചു. യുവാക്കള്‍ നടപ്പന്തലിലെത്തിയത് സന്നിധാനത്തെ പോലീസിന്റെ വീഴ്ചയായി കരുതാന്‍ കഴിയില്ലെങ്കിലും സംഭവം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്.
യുവാക്കളുടെ സന്നിധാനത്തേക്കുള്ള പ്രവേശനത്തില്‍ ഒരപാകവുമില്ലെന്നാണ് പമ്പ പോലീസിന്റെയും നിലപാട്. യുവാക്കള്‍ക്കെതിരെ കേസെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. അതേസമയം, സുരക്ഷയില്‍ വീഴ്ചയുണ്ടായെന്നു തന്നെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് വ്യക്തമാക്കുന്നത്. നട തുറക്കുമ്പോഴല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനമില്ലാത്ത സ്ഥലമാണ്.
വാര്‍ത്ത പുറത്തു വന്നിട്ടും അത് മറയ്ക്കാന്‍ പോലീസ് ശ്രമിക്കുന്നത് സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടോയെന്ന സംശയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കാര്യങ്ങള്‍ ഇത്ര ലാഘവമായാണെടുക്കുന്നതെങ്കില് പുല്ലുമേട് വഴി ആര്‍ക്കെങ്കിലും സന്നിധാനത്തെത്താന്‍ പ്രയാസമുണ്ടാകില്ല. യുവാക്കള്‍ സന്നിധാനത്തെത്തിയത് സാധാരണ സംഭവമായി വിലയിരുത്തുന്ന പോലീസിന്റെ നിലപാടിലും ദുരൂഹതയുണ്ട്.
ഈ സാഹചര്യവും പരിഗണിച്ചാണ് പന്തളം കൊട്ടാരം ഉള്‍പ്പെടെ സന്നിധാനത്തിന്റെ സുരക്ഷാ കേന്ദ്രസേന ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ത്തുന്നത്. സന്നിധാനത്തിന്റെ സുരക്ഷാ കേന്ദ്രസേന ഏറ്റെടുക്കണമെന്ന നിലപാടിലാണ് ഹൈന്ദവ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: