‘ഒരു വിദേശ രാജവോ അധികാരിയോ ഭരണകൂടമോ സാമ്രാജ്യമോ ആയുള്ള എന്റെ എല്ലാ കൂറും വിശ്വസ്തതയും പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും നിരസിക്കുകയും ചെയ്യുന്നുവെന്ന് സത്യപ്രതിജ്ഞയിലൂടെ ഞാന്‍ പ്രഖ്യാപിക്കുന്നു’ അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള സത്യപ്രതിജ്ഞയിലെ ആദ്യ വാചകമാണിത്. അമേരിക്കന്‍ ഭരണഘടനയേയും നിയമങ്ങളേയും അംഗീകരിക്കുമെന്നും ആവശ്യമെങ്കില്‍ അമേരിക്കയ്‌ക്കുവേണ്ടി യുദ്ധം ചെയ്യാനിറങ്ങുമെന്നും തുടരുന്ന പ്രതിജ്ഞ ‘അതിനാല്‍ ദൈവമേ എന്നെ സഹായിക്കൂ’ എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ഈ സത്യപ്രതിജ്ഞയുമായി കമ്മ്യൂണിസ്റ്റുകള്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് അമേരിക്കയുടെ വാദം. അതിനാലാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്നും അമേരിക്ക പറയുന്നു.
അതിനാൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന നിലപാട് ഉറപ്പിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ഗനിര്‍ദ്ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നതില്‍ തര്‍ക്കമില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു കടുത്ത തീരുമാനം. വ്യാപാര തര്‍ക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗുറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി തര്‍ക്കത്തിലാണ് അമേരിക്ക. ചൈനയ്‌ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും എതിരെ പ്രസിഡന്റ് ട്രംപ് തുടര്‍ച്ചയായി അരോപണം ഉന്നയിക്കുന്നുമുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് യാത്രാവിലക്കും ചൈനീസ് കമ്പനികളില്‍ നിക്ഷേപ വിലക്കും അടുത്തകാലത്ത് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്കയില്‍ കമ്മ്യൂണിസം വന്നതിന്റെ നൂറാം വാര്‍ഷികം ആചരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇതിനു പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് ബന്ധമുണ്ടെങ്കില്‍ പൗരത്വമില്ല എന്ന തീരുമാനം വരുന്നത്. 1919 ല്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപികരിക്കപ്പെട്ടത്. ആദ്യ കാലഘട്ടത്തില്‍ ഒളിവിലായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. സോവിയറ്റ് യൂണിയനുമായും മറ്റ് അന്താരാഷ്‌ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമേരിക്കന്‍ പാര്‍ട്ടി 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സജീവമായത്.
അമേരിക്കയിലെ കറുത്തവര്‍ഗക്കരുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രസ്ഥാനങ്ങളുമായി പാര്‍ട്ടി സജീവമായി ബന്ധപ്പെട്ടിരുന്നു. റഷ്യയുടെ സാമ്പത്തിക സഹായം പറ്റിയായിരുന്നു അമേരിക്കയിലേയും കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനം. എന്നാല്‍ 1960 നുശേഷം പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞു. അന്താരാഷ്‌ട്ര രാഷ്‌ട്രീയ സംഭവ വികാസങ്ങളും റഷ്യയുടെ തകര്‍ച്ചയും അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെയും സ്വാധീനത്തെയും പ്രതികൂലമായി സ്വാധീനിച്ചു.
1949 ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം ചൈനയുമായി ശത്രുതയില്‍ കഴിഞ്ഞ അമേരിക്ക, പ്രസിഡന്റ് നിക്‌സണ്‍ന്റെ 1972 ലെ ചൈന സന്ദര്‍ശനത്തിന് ശേഷം സാവധാനം അടുത്തുവരികയായിരുന്നു. വ്യവസായ വിപ്ലവത്തോടനുബന്ധിച്ച് തുടങ്ങിയ പാശ്ചാത്യരുടെ സാമ്രാജ്യത്വ സംരംഭത്തിന്റെ തുടര്‍ച്ചയായിരുന്നു അമേരിക്കയുടെ ചൈന നയം. ജനാധിപത്യം ഉപദേശിച്ച് ചൈനയെ സ്വന്തമാക്കാമെന്നു പോലും അമേരിക്ക കരുതി. മുതലാളിത്ത പാതയിലൂടെ മുന്നേറി ചൈന തങ്ങളെ പിന്നിലാക്കുന്ന അവസ്ഥ വന്നതോടെ അമേരിക്കന്‍ ഭരണകൂടം തീവ്ര ചൈന വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. അതിന്റെ ഒടുവിലത്തേതാണ് പുതിയ വിലക്ക്.
കമ്മ്യൂണിസം അമേരിക്കയിലെത്തിയിട്ട് ഒരു നൂറ്റാണ്ട് പഴക്കമേ ഉള്ളൂവെങ്കിലും കമ്മ്യൂണിസ്റ്റ് ആഹ്വാനമായ ‘സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന ആഹ്വാനത്തിന്റെ പിറവിക്ക് അമേരിക്ക സാക്ഷ്യം വഹിച്ചതിന് 135 വര്‍ഷത്തെ പഴക്കമുണ്ട്. 1886ല്‍ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓര്‍മ പുതുക്കലാണ് ലോകതൊഴിലാളി ദിനമായി പിന്നീട് ആചരിച്ചതെങ്കിലും അമേരിക്കയില്‍ മെയ് ഒന്ന് ‘നീതി നടപ്പാക്കല്‍’ ദിനമായിട്ടാണ് ആചരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് അമേരിക്കയില്‍ ദേശീയ തൊഴിലാളി ദിനം. കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള എതിര്‍പ്പു തന്നെയായിരുന്നു തൊഴിലാളി ദിനാചരണത്തിലും അമേരിക്ക പ്രതിഫലിച്ചത്.
റഷ്യയിലേക്കും പിന്നീട് ചൈനയിലേക്കും കാതു കൂര്‍പ്പിച്ചിരിക്കുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും അമേരിക്ക ചതുര്‍ത്ഥിയായിരുന്നു. അടുത്ത കാലത്താണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അമേരിക്കയിലേക്ക് പോകാന്‍ തന്നെ തയ്യാറായത്. പോക്കു തുടങ്ങിയപ്പോള്‍ പതിവ് യാത്രയായി എന്നു മാത്രം. നാട്ടില്‍ സഖാക്കളായി വിലസിയവര്‍ അമേരിക്കയിലെത്തിയാല്‍ നിശബ്ദമായി തൊഴിലെടുത്ത് ജീവിച്ചത് ഭരണകൂടത്തിന്റെ കമ്മ്യുണിസ്റ്റ് വിരുദ്ധത മനസ്സിലാക്കിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ച് ചുവന്ന പരവതാനി വിരിച്ചവര്‍ ഇപ്പോള്‍ അങ്കലാപ്പിലാണ്. യു.എസ്.സി.ഐ.എസ് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ പേരില്‍ നോട്ടപ്പുള്ളികളാകുമോ എന്നതാണ് അവരുടെ ഭയം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിലക്ക് നിയമപരമായി ഏര്‍പ്പെടുത്തുന്ന അമേരിക്ക ബിജെപി യെ നിയമപരമായി അംഗികരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഭാരതത്തില്‍ നിന്നുള്ള ആദ്യ രാഷ്‌ട്രീയ പാര്‍ട്ടിയായി ബിജെപി മാറി. 1938ലെ ഫോറിന്‍ ഏജന്റ്സ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരമാണ് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി (ഒഫ്ബിജെപി) എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: