കണ്ണൂര്‍: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശാപമോക്ഷം ലഭിക്കാതെ പഴശ്ശിയിലെ ഉദ്യാനം. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ പഴക്കമുളളതും നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചതുമായ ഉദ്യാനമാണ് ഏതാനും വര്‍ഷങ്ങളായി അധികൃതരുടെ കടുത്ത അനാസ്ഥ കാരണം കൂടുമൂടി പാമ്പുകളും മറ്റ് ജിവികളും വിഹരിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നത്.
പഴശ്ശി പദ്ധതി സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച പൂന്തോട്ടങ്ങളായിരുന്നു ഷട്ടറിനോട് ചേര്‍ന്ന് ഡാമിന്റെ താഴെ വശത്തായി ഉണ്ടായിരുന്ന് രണ്ട് മനോഹര പൂന്തോട്ടങ്ങള്‍. എന്നാല്‍ ഇന്ന് ഇവിടെ പൂന്തോട്ടങ്ങളുണ്ടായിരുന്നുവെന്ന് പറയാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണുളളത്. ഏതാനും വര്‍ഷം മുമ്പ് ഡാമിലെ ജലനിരപ്പുയര്‍ന്ന് ഷട്ടര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ വെളളം നിറഞ്ഞ് കവിഞ്ഞൊഴുകിയതോടെ ഒരു വശത്തെ ഉദ്യാനം പൂര്‍ണ്ണമായും നശിച്ചിരുന്നു. എന്നാല്‍ മറുഭാഗത്തേത് സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു.
പദ്ധതി ആരംഭിച്ച് വര്‍ഷങ്ങളോളം ജലസേചന വകുപ്പിന് കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചരുന്ന ഉദ്യാനത്തിന്റെ നടത്തിപ്പും സംരക്ഷണവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഏറ്റെടുത്തതോടെ താളം തെറ്റുകയായിരുന്നു. തുടക്കത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും ഇടക്കാലത്ത് എല്ലാ തകിടം മറിഞ്ഞു. രണ്ട് പാര്‍ക്കുകളും പുനരുദ്ധരിക്കുമെന്നും ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും രണ്ട് പാര്‍ക്കുകളുടേയും നവീകരണം ഇതുവരെ നടന്നില്ല. മാത്രമല്ല കാലങ്ങളായി ലക്ഷങ്ങള്‍ ചിലവഴിച്ച ഈ രണ്ട് പാര്‍ക്കുകളും നവീകരിക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ ലക്ഷങ്ങള്‍ മുടക്കി പാലത്തിന്റെ മറുകരയില്‍ വനങ്ങള്‍ തിങ്ങി നിറഞ്ഞ മറ്റൊരു പാര്‍ക്ക് സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ഒരു ഭാഗവും കാടുകയറി നശിച്ചിരിക്കുകയാണ്. ഇത് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും യാതൊരു സുരക്ഷയും ഇല്ലാതെ വൃത്തി ശൂന്യമായി കന്നുകാലികളും പശുകളും അലഞ്ഞു തിരിയുന്ന അവസ്ഥയാണ്.
ജില്ലയിലെ മുഴുവന്‍ കാര്‍ഷികാവശ്യത്തിനുമായി ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ പദ്ധതി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലക്ഷ്യത്തിലെത്താതെ ഒടുവില്‍ കുടിവെളള പദ്ധതിയായി മാറി. ഇതൊടൊപ്പം ജില്ലയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ഉയര്‍ന്ന പഴശ്ശി അധികൃതരുടെ കടുത്ത അനാസ്ഥയില്‍ ജനം തിരിഞ്ഞു നോക്കാത്ത സ്ഥിതിയിലാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു ഇവിടെ. നിരവധി ബസ്സ് സര്‍വ്വീസുകളുണ്ടായിരുന്ന ഇവിടേക്ക് നിലവില്‍ ഒരു കെഎസ്ആര്‍ടിസി ബസ്സും സ്വാകാര്യ ബസ്സും മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ ടൂറിസും വികസനത്തിനും പദ്ധതി വികസനത്തിനും കോടികളാണ് അനുവദിച്ചത്. എന്നാല്‍ ഇതെല്ലാം ഉദ്യോഗസ്ഥ-ഭരണകൂട ലോബികള്‍ വിഴുങ്ങുകയും പഴശ്ശിക്ക് വികസനം അന്യമായി മാറുകയായിരുന്നു. ഏറ്റവും ഒടുവില്‍ പദ്ധതി പ്രദേശത്ത് കോടികള്‍ മുടക്കി പഴശ്ശിസാഗര്‍ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കാനുളള തുരങ്ക നിര്‍മ്മാണമുള്‍പ്പെടെ അവസാന ഘട്ടത്തിലാണ്. സംസ്ഥാന ഖജനാവില്‍ നിന്നും കോടികള്‍ വിഴുങ്ങിയ ജലസേചന പദ്ധതി പ്രദേശത്തെ സര്‍ക്കാരിന്റെ പുതിയ പദ്ധതിയും അഴിമതിക്കാര്‍ക്ക് പണം വിഴുങ്ങാനുളള പദ്ധതിയാകുമോയെന്ന ചോദ്യം നാട്ടുകാര്‍ക്കിടയില്‍ ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: