കൊട്ടാരക്കര: കൊട്ടാരക്കര ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. സ്കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് സിപിഐയെ മനപ്പൂര്‍വം ഒഴിവാക്കിയതാണ് മുന്നണിയില്‍ വിള്ളലുണ്ടാക്കിയത്. സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ.
കൊട്ടാരക്കര ടൗണ്‍ യുപി സ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് മുന്നണിയില്‍ പൊട്ടിത്തെറിക്ക് വഴിവച്ചത്. കൊട്ടാരക്കര നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. സിപി
എമ്മിന്റെ ശ്യാമളാമ്മയാണ് ചെയര്‍പേഴ്സണ്‍. സിപിഐയുടെ ഡി. രാമകൃഷ്ണപിള്ള വൈസ് ചെയര്‍മാനും. ആദ്യ രണ്ടരവര്‍ഷം സിപിഐയുടെ ഗീതാകുമാരിയായിരുന്നു ചെയര്‍പേഴ്സണ്‍. അന്ന് കേരള കോണ്‍ഗ്രസ് ബാലകൃഷ്ണ വിഭാഗത്തിലെ ഷാജുവായിരുന്നു വൈസ് ചെയര്മാന്. മുന്നണി ധാരണപ്രകാരം രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥാനം മാറി.
കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തെ കൂട്ടുപിടിച്ച് തങ്ങളെ ഒതുക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന ആരോപണം സിപിഐക്ക് നേരത്തേ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷവും തുടര്‍ച്ചയായി നഗരസഭ ഭരിക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി മുമ്പ് പലപ്പോഴും മുന്നണിക്കുള്ളില്‍ പല പൊട്ടലും ചീറ്റലും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളെ മനപ്പൂര്‍വം ഒതുക്കുകയാണെന്ന പരാതി സിപിഐക്കുണ്ട്. അതിന്റെ ഭാഗമായാണ് സ്കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ നിന്ന് പാര്‍ട്ടിയുടെ ജനപ്രതിനിധികളെയും നേതാക്കളെയും ഒഴിവാക്കിയതെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.
സിപിഐ നേതാക്കളെയും നഗരസഭ വൈസ് ചെയര്‍മാനായ തന്നെയും അറിയിക്കാതെ, നഗരസഭയില്‍ ഒരു നോട്ടീസ് പോലും കൊടുക്കാതെയാണ് കെട്ടിട ഉദ്ഘാടനം നടത്തിയതെന്ന് ഡി. രാമകൃഷ്ണപിള്ള ആരോപിക്കുന്നു. സിപിഎമ്മിന്റെ അധ്യാപകസംഘടനയായ കെഎസ്ടിഎയുടെ നേതാവു കൂടിയായ സ്കൂള്‍ ഹെഡ്മാസ്റ്റര് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സിപിഎം നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി ഉദ്ഘാടനം സംഘടിപ്പിക്കുകയായിരുന്നത്രെ. സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണവേളയില്‍ പോലും വിവരം തിരക്കിയാല്‍ തികഞ്ഞ അവഗണനയോടെയുള്ള മറുപടിയായിരുന്നു സ്കൂള്‍ എച്ച്എം നല്‍കിയിരുന്നതെന്നും രാമകൃഷ്ണപിള്ള പറയുന്നു. സ്ഥലം എംഎല്‍എ പി. അയിഷാപോറ്റിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. വരും ദിവസങ്ങളില്‍ കൊട്ടാരക്കരയിലെ ഇടതുമുന്നണിയില്‍ കടുത്ത ചേരിപ്പോരുണ്ടാകുമെന്നാണ് പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: