1658 ല്‍ ഔറംഗസേബ് ദല്‍ഹിക്കു പോകുമ്പോള്‍ ബീജാപ്പൂര്‍ ഭരണകര്‍ത്താക്കള്‍ക്ക് ഒരു എഴുത്തയച്ചിരുന്നു. ശിവാജിയെ സൂക്ഷിച്ചോണം എന്ന് സൂചിപ്പിച്ചായിരുന്നു അത്. 1656-ല്‍ ബീജാപ്പൂര്‍ ആദില്‍ശാഹ മുഹമ്മദ് അന്തരിച്ചതിനുശേഷം അദ്ദേഹത്തിന്റെ പത്നി മകന് അലിയുടെ നാമധേയത്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആദില്‍ശാഹയുടെ ഭരണമായിരുന്നു. ഈ പ്രദേശങ്ങളാണ് ശിവാജി കൈവശപ്പെടുത്തിയിരിക്കുന്നത്. ആദില്‍ ശാഹയുടെ പന്ത്രണ്ടിലേറെ കോട്ടകളാണ് ശിവാജിയുടെ കൈയിലേക്ക് പോയത്.
ശഹാജിയെ മോചിപ്പിക്കുന്നതിനായി ശിവാജി കൊണ്ഡാദുര്‍ഗം ബീജാപ്പൂരിന് വിട്ടുകൊടുത്തിട്ടുണ്ടായിരുന്നു. അത് തിരിച്ചുപിടിക്കാന്‍ നിശ്ചയിച്ചു. ഒരു സൈനിക നടപടിയില്‍ കൂടി കൊണ്ഡാണ കോട്ട തിരിച്ചുപിടിച്ചു. പഴയപടി കൊണ്ഡാണ ദുര്‍ഗത്തില്‍ ഭഗവപതാക പാറിത്തുടങ്ങി. ശിവാജിയുടെ സേനാനായകന്മര് അടിമത്തച്ചങ്ങല വെട്ടിമുറിക്കാന്‍ വെമ്പല്‍ കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം സൈന്യാധിന്മാരെ വിളിച്ചുകൂട്ടി ഓരോരുത്തര്‍ക്കും ഓരോ കോട്ടയുടെ പേര് നിര്‍ദ്ദേശിച്ചു. അവര്‍ സ്വസൈന്യങ്ങളുമായിപ്പോയി. കോട്ടയുടെ മേല്‍ പുലികളെ പോലെ ആക്രമണം നടത്തി. ഓരോ കോട്ടകളും ജയിച്ചു. എല്ലാവരും നോക്കിനില്‍ക്കെ നാല്പത് കോട്ടകള്‍ മോചിപ്പിച്ചു. പുരുന്ദര്ദുര്ഗം, കല്യാണ്‍ദുര്‍ഗം എന്നിവകളും ഈ സന്ദര്‍ഭത്തിലാണ് ശിവാജിയുടെ കൈയില്‍ വന്നത്.
ഇതിനു ശേഷം ശിവാജി നാവികസേനയുടെ വിഷയത്തില്‍ ചിന്തിക്കാനാരംഭിച്ചു. പാശ്ചാത്യര്‍ സമുദ്രമാര്‍ഗം വന്ന് പടിഞ്ഞാറന്‍ സമുദ്രതീരം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു. അവരുടെ നയവിനയപൂര്ണമായ വ്യവഹാരംകൊണ്ട് ദില്ലി ബാദുഷയും ബീജാപ്പൂര്‍ സുല്‍ത്താനും ആകര്‍ഷിക്കപ്പെട്ടിരുന്നു. പാശ്ചാത്യര്‍ക്ക് വ്യാപാരത്തിനായി പല ആനുകൂല്യങ്ങളും അവര്‍ അനുവദിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ശിവാജിയുടെ ദൃഷ്ടിയില് ഭാവിയില്‍ വിപത്ത് ഇവരില്‍നിന്നും ഉണ്ടാകും, പടിഞ്ഞാറന്‍ തീരം രക്ഷിക്കാന്‍ ശക്തായ നാവികസേനയുടെ ആവശ്യമുണ്ട്. ഇത് മനസ്സില്‍ കണ്ടുകൊണ്ട് നാവികസേനയുടെ നിര്‍മാണം ആരംഭിച്ചു.
ഇസ്ലാമിക സാമ്രാജ്യത്തെ നേരിടുന്നതുപോലെ തന്നെ ക്രൈസ്തവ സാമ്രാജ്യത്തേയും നേരിടേണ്ടിവരും എന്ന് ശിവാജിക്ക് അറിയാമായിരുന്നു. അതിനായി സമുദ്രത്തില്‍ വിജയദുര്ഗം-സുവര്‍ണദുര്‍ഗം-കല്യാണദുര്‍ഗം എന്നീ ജലദുര്ഗങ്ങള് നിര്‍മിച്ചു. നാവികസൈന്യത്തെ തയ്യാറാക്കി പരിശീലിപ്പിച്ചു യുദ്ധക്കപ്പലുകള്‍ നിര്‍മിച്ചു. നാവിക സൈന്യാധിപനേയും നിയമിച്ചു.
അപ്പോഴേക്കും ജാവലിയില്‍ നിര്‍മാണത്തിലിരുന്ന പ്രതാപഗഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. പ്രതാപഗഡിനോട് കിടപിടിക്കാന്‍ മറ്റു ദുര്ഗങ്ങളില്ലായിരുന്നു. അത്രയും കിടയറ്റതായിരുന്നു പ്രതാപദുര്ഗത്തിന്റെ നിര്‍മിതി. അവിടെ സ്വയംഭൂവായ ഒരു ശിവലിംഗം ലഭിച്ചു. ദുര്‍ഗത്തിന്റെ അധിദേവതയായി അതവിടെ വിധിപൂര്‍വം പ്രതിഷ്ഠിച്ചു. ഇക്കാലത്താണ് ശിവാജിയുടെ പ്രഖ്യാതമായ വാള് ‘ഭവാനി ഖഡ്ഗം’ ലഭിച്ചത്. രണ്ടാം ശിവാജി എന്നറിയപ്പെട്ടിരുന്ന നേതാജി പാല്ക്കറെ സ്വരാജ്യത്തിന്റെ സര്‍വസൈന്യാധിപനായി നിശ്ചയിച്ചു. ഇങ്ങനെ അനേകം സംഭവവികാസങ്ങള്‍ ഈ കാലത്ത് ഒരുമിച്ചു നടന്നു.
ശിവാജിയുടെ സ്വരാജ്യ പ്രവര്‍ത്തനം ബീജാപ്പൂരിന് അസഹ്യമായിത്തീര്‍ന്നു. പ്രതിദിനം ഓരോ കോട്ടകളായി ബീജാപ്പൂരിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത കേട്ട് അലി-ആദില്‍ ശാഹയുടെ മാതാവ് ഉലിയ-ബഡിയാ കത്തിജ്വലിച്ചു. സ്വഭാവംകൊണ്ട് ക്രൂരസര്പ്പത്തെപ്പോലെയായിരുന്നു ഇവര്‍. ഇനിയെങ്കിലും ശിവാജിയുടെ ആക്രമണത്തെ അടിച്ചമര്‍ത്തണം എന്നവര്‍ നിശ്ചയിച്ചു. അച്ഛനില്‍ കൂടി മകന് കൂച്ചുവിലങ്ങിടാം എന്നവര്‍ കരുതി. ബാദുഷായുടെ പേരില്‍ ശഹാജിരാജേക്ക് ഒരു പത്രം അയച്ചു. താങ്കളുടെ പുത്രന്റെ ഉദ്ദണ്ഡത വളരെയധികം വര്‍ധിച്ചിരിക്കുന്നു. ഇത് ഉടന്‍തന്നെ തടയണം. അല്ലെങ്കില്‍ പരിണതഫലം അനുഭവിക്കേണ്ടിവരും എന്നായിരുന്നു പത്രത്തിന്റെ താല്‍പ്പര്യം.
മകന്റെ പ്രതാപം അറിഞ്ഞ് പിതാവിനും സന്തോഷമായി. ശഹാജി നിര്‍ഭയനായി പത്രത്തിന് മറുപടി അയച്ചു. മകന് എന്റെ നിയന്ത്രണത്തിലല്ല. എന്റെ വാക്കുകള്‍ അവന് കേള്‍ക്കുന്നില്ല. താങ്കള്‍ക്ക് യഥോചിതം പ്രവര്‍ത്തിക്കാം. ഇതായിരുന്നു ശഹാജിയുടെ മറുപടി.
ബഡിയാബീഗത്തിന്റെ പ്രഥമതന്ത്രം പരാജയപ്പെട്ടു. അച്ഛനും മകനും വിശ്വാസവഞ്ചകരാണ് എന്നവര്‍ ശപിച്ചു. ശിവാജിയെ വകവരുത്തുക എന്നത് പ്രഥമകര്ത്തവ്യമായവരെടുത്തു. ഒരു വിശേഷസഭ അവര്‍ വിളിച്ചുകൂട്ടി. പ്രമുഖരായ 22 പേരെയാണ് വിളിച്ചിരുന്നത്. ഇതുകൂടാതെ മാറാട്ടാ നായകന്മാരും പഠാണ്‍ വീരന്മാരും സഭയില്‍ ക്ഷണിക്കപ്പെട്ടിരുന്നു. ബാദുഷായുടെ സിംഹാസനത്തിനു മുന്നില്‍ ഒരു തളികയില്‍ താമ്പൂലം വച്ചിട്ടുണ്ടായിരുന്നു. ശിവാജിയെ കൊല്ലാന്‍ സാമര്‍ത്ഥ്യമുള്ള പുരുഷ സിംഹത്തിന് താമ്പൂലം എടുക്കാം. ഇതൊരു വെല്ലുവിളിയായിരുന്നു.
ബീജാപ്പൂരിന്റെ ആസ്ഥാനം നിശ്ശബ്ദമായി. ആരും തലയുയര്‍ത്തുന്നില്ല. അത്രയധികം പ്രഭാവമായിരുന്നു ശിവാജിയുടേത്. താഴോട്ടു നോക്കിനില്ക്കുന്ന സേനാപതികളെക്കണ്ട് ഉലിയാബീഗത്തിന്റെ മുഖം ക്രോധംകൊണ്ട് ജ്വലിച്ചു. നിങ്ങളില്‍ ശിവാജിയെ പിടിച്ചുകൊണ്ടുവരാന്‍ തയ്യാറുള്ള ആരുമില്ലെയെന്നവര് വിലപിച്ചു. അപ്പോഴും സഭ നിശ്ശബ്ദമായിരുന്നു. അതാ സഭാമധ്യത്തില്‍നിന്ന് പര്‍വതാകാരമായ ഒരു ശരീരം എഴുന്നേറ്റ് ആസ്ഥാനഭൂമിയെ ഇളക്കിക്കൊണ്ട് മുന്നോട്ടു നടന്നുവന്നു. തളികയില്‍ വച്ചിരുന്ന താമ്പൂലം എടുത്തു. ഞാന്‍ ശിവാജിയെ പിടിച്ചുകെട്ടിക്കൊണ്ടുവരും എന്ന് പ്രഖ്യാപിച്ചു.
അതോടെ ആസ്ഥാനത്തുള്ളവരുടെ സിരകളില്‍ രക്തം ഓടിത്തുടങ്ങി. അന്തരീക്ഷത്തിന് മാറ്റം വന്നു. ഉലിയബീഗത്തിന്റെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. എല്ലാവരും ഉത്സാഹത്തോടെ പറഞ്ഞുതുടങ്ങി. അഫ്സല് ഖാന് പ്രതിജ്ഞ ചെയ്താല്‍ അത് നടന്നിരിക്കും. വിശേഷ സഭ വിളിച്ചുകൂട്ടിയത് സാര്‍ത്ഥകമായി.
ഇതിനെത്തുടര്‍ന്ന് അഫ്സല്‍ഖാന്‍ വലിയ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 12,000 കുതിരപ്പട, 10,000 കാലാള്‍പ്പട, 1200 ഒട്ടകങ്ങള്‍, ആനകള്‍, മഞ്ചങ്ങള്‍, പീരങ്കികള്‍, സ്ഫോടകവസ്തുക്കള്‍, ആഹാര പദാര്‍ത്ഥങ്ങള്‍, വ്യാപാരശാലകള്‍, ചെലവിനുള്ള ധനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഖജാനകള്‍ എന്നിവകള്‍ തയ്യാറായി. പുറപ്പെടുന്നതിനു മുന്‍പ് ഉലിയാബീഗവും അലി ആദില്‍ ശാഹയും അഫ്സല് ഖാനെ വിളിച്ച് രഹസ്യമായി പറഞ്ഞു. ചതുരുപായവും പ്രയോഗിച്ച് ശിവാജിയെ കൊന്നുകളയുക. താങ്കള്‍ക്കതു സാധിക്കും, താങ്കളെക്കൊണ്ടേ സാധിക്കുകയുള്ളൂ എന്നെല്ലാം ഖാനെ മുക്തകണ്ഠം പ്രശംസിച്ചു. വജ്രം പതിച്ച ഒരു വാള് സമ്മാനമായി കൊടുത്തു. അഫ്സല് ഖാന്റെ കൂടെ വിഖ്യാതരായ പഠാന്-ഹബശീ-അറബി നായകന്മാരും ഏറെ മറാഠാ വീരന്മാരും ഉണ്ടായിരുന്നു. രാജദൂതനായി അഫ്സല് ഖാന്റെ വിശ്വസ്തനായ കൃഷ്ണാജി ഭാസ്കര്‍ കുല്‍കര്‍ണി എന്ന ബ്രാഹ്മണനും പിന്തുടര്ന്നു.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: