കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 471 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 453 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 310 പേര്‍ക്കാണ് ഇന്നലെ കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 3161 പേരും സ്ഥാപനങ്ങളില്‍ 1270 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4431 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1479 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 431 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 280 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 167 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 167 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
11258 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 739 പേര് വിദേശത്ത് നിന്നെത്തിയവരും 569 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9950 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 8250 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 91 ആയി. നിലവില്‍ 2917 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1513 പേര് വീടുകളില്‍ ചികിത്സയിലാണ്.
അജാനൂര്‍ 63, കാഞ്ഞങ്ങാട് 48, പുല്ലൂര്‍ പെരിയ 39, കാസര്‍കോട് 29, ചെമ്മനാട് 28, പള്ളിക്കര 26, നീലേശ്വരം 23, ബളാല്‍ 16, എന്മകജെ 15, ചെറുവത്തൂര്‍ 14, മഞ്ചേശ്വരം 14, കോടോംബേളൂര്‍ 14, ബേഡഡുക്ക 13, ഉദുമ 12, മംഗല്പാടി 12, കിനാനൂര്‍ കരിന്തളം 11, പടന്ന 11, മധൂര്‍ 10 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന് ഏഴുദിവസമാക്കിയത് കാസര്‍കോട് പോലുള്ള അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വ്യാപനത്തിന് തീവ്രത കൂട്ടുന്നതായി പരക്കെ ആക്ഷേപമുയര്‍ന്നു. പുതിയ ലോക്ഡൗണ്‍ ഇളവുകളിലാണ് പതിനാലു ദിവസത്തെ ക്വാറന്റൈന് ഏഴു ദിവസമായി ചുരുക്കിയത്. വടക്കന്‍ കേരളത്തിലെത്തുന്ന കര്‍ണാടക, മഹാരാഷ്ട്ര, ഓഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും പടരുന്ന കൊവിഡ് വൈറസുകള്‍ ജനിതക മാറ്റം സംഭവിച്ച് തീവ്രശക്തി പ്രാപിച്ചതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് വ്യാപകമായാല്‍ രോഗമുക്തിക്ക് കൂടുതല്‍ സമയമെടുക്കുകയും ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്യും. ക്വാറന്റൈന് കാലാവധി ചുരുക്കിയതോടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളും കച്ചവടക്കാരും നിര്‍ലോഭം ജില്ലയിലെത്തുന്നുണ്ട്. തീവ്രശേഷിയുള്ള വൈറസുകള്‍ വ്യാപിക്കാന്‍ ഇത് കാരണമായേക്കും എന്നാണു വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: