ആലപ്പുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ തമ്മിലടി. പാര്‍ട്ടിയിലെ യുവജന നേതാക്കളാണ് ഏറ്റുമുട്ടുന്നത്.ജില്ലാ പഞ്ചായത്ത് അംഗവും മഹിളാകോണ്‍ഗ്രസ് നേതാവുമായ ബബിതാ ജയനെതിരെ ഉയര്‍ന്ന ആക്ഷേപമാണ് തമ്മിലടിക്ക് കാരണം. സൈബര്‍ അതിക്രമം ആരോപിച്ച് യൂത്തുകോണ്ഗ്രസിനെതിരെ ജില്ലാപോലീസ് മേധാവിക്ക് ബബിത പരാതി നല്കി. ഇതോടെ യൂത്തുകോണ്‍ഗ്രസ് നേതൃത്വം ബബിതക്കെതിരെ പാര്‍ട്ടിക്കും പരാതിനല്‍കി. കഴിഞ്ഞ കുറെ മാസങ്ങളായി ബബിതാ ജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്.
ചെന്നിത്തല പക്ഷത്തുനിന്ന് ഐ ഗ്രൂപ്പില്‍തന്നെ കെ.സി.വേണുഗോപാല്‍ പക്ഷത്തേക്ക് കൂടുമാറിയതോടെയാണ് ബബിതയ്ക്കെതിരെ എതിര്‍പ്പ് ശക്തമായതെന്ന് പറയപ്പെടുന്നു. ജില്ലാപഞ്ചായത്തംഗത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന ധ്വനിയില്‍ കെഎസ്യു സംസ്ഥാന ഉപാധ്യക്ഷ ആര്.വി.സ്നേഹ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി യൂത്തുകോണ്‍ഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നും ബബിതയ്ക്കെതിരെ ആക്ഷേപം ഉണ്ടായി. മന്ത്രി കെ.ടി ജലീലിനെതിരെ സമരങ്ങള്‍ ആളിക്കത്തുന്ന സമയത്ത് താന്‍ പുതുതായി അഭിനയിക്കുന്ന സീരിയല്‍ കാണണമെന്ന് ആവശ്യപ്പെട്ട് കലാകാരി കൂടിയായ ബബിത പോസ്റ്റിട്ടിരുന്നു.
മഹിളാകോണ്‍ഗ്രസിന്റെ പ്രതിഷേധപരിപാടിയില്‍ പോലും പങ്കെടുക്കാതെ, സംസ്ഥാന ജനറല്‍സെക്രട്ടറിയായിരിക്കുന്ന താങ്കള്‍ സംഘടനയിലെ മറ്റ് പ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നായിരുന്നു കമന്റ്. കൂടാതെ സ്ത്രീത്വത്തെ അമാനിക്കുന്ന തരത്തില്‍ ഒരു വാക്കും ഉപയോഗിച്ചുവെന്ന് ബബിത ജയന് പരാതിപ്പെട്ടു. പാര്‍ട്ടി നേതൃത്വം അറിയാതെ പൊലീസില്‍ പരാതി നല്‍കുകയും ഇത് വാര്‍ത്തയായതും യൂത്തുകോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. യൂത്തുകോണ്‍ഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണനാണ് കെപിസിസിക്കും യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പരാതി നല്‍കിയത്. യൂത്തുകോണ്‍ഗ്രസ് കുമാരമപുരം എന്ന അക്കൗണ്ട് ഒഫീഷ്യല്‍ അല്ലെന്നും ആലോചനകൂടാതെ പരാതി നല്കുകവഴി സംഘടനയെ അപമാനിക്കാനാണ് മഹിളാനേതാവ് ശ്രമിച്ചതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത് നില്‍ക്കെ പാര്ട്ടിനേതാക്കള്ക്കിടയിലുണ്ടായ പോര് ഡിസിസിക്ക് വലിയ തലവേദനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: