വടശ്ശേരിക്കര: മകരവിളക്കിന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽ നിന്ന് ശബരിമല സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്രയ്ക്കുള്ള പാത ഹാരിസൺ ഇരുമ്പുഗേറ്റിട്ടു പൂട്ടി.റാന്നി പെരുനാട് വില്ലേജിലെ പുതുക്കട മുതൽ ളാഹ വരയുള്ള തിരുവാഭരണ പാതയാണ് വിവാദ കമ്പനിയായ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് പൂട്ടിയത്. ഇതുമൂലം പുതുക്കട മുതൽ ളാഹ വരയുള്ള തിരുവാഭരണ പാതയിലൂടെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. ഈ പ്രദേശത്ത് ഹാരിസൺ കൈവശം വച്ചിരിക്കുന്ന എസ്റ്റേറ്റിന്റെ ഉള്ളിലൂടെയാണ് പാത കടന്നു പോകുന്നത്. ഇവിടെ മൂന്നു സ്ഥലങ്ങളിലാണ് പാത ഇത്തരത്തിൽ ഇരുമ്പു ഗേറ്റിട്ടു മറച്ചിരിക്കുന്നത്. സ്ഥിരം സംവിധാനം എന്ന നിലയിലാണ് ഗേറ്റുകളുടെ നിർമാണം.
പന്തളം കൊട്ടാരം മുതൽ ശബരിമല സന്നിധാനം വരെ തിരുവാഭരണ പാതക്കായി പ്രത്യേകം സ്ഥലം അളന്നു തിട്ടപ്പെടുത്തി ഉപയോഗിച്ച് വരുന്നതാണ്. പുതുക്കട, വയറൻ മരുതി, തേവർവേലിൽ സ്കൂളിന് സമീപത്തു നിന്ന് എസ്റേറ്റിലേക്കു കയറുകയും, ഇരുമ്പുട്ടാൻതോട്ടിൽ എത്തി ശബരിമല പാത കടന്ന് വീണ്ടും എസ്റ്റേറ്റിലൂടെ കയറി ളാഹ ആശുപത്രിക്കു സമീപം ളാഹ മുത്താരമ്മൻ കോവിൽ എത്തുന്ന രീതിയിലാണ് തിരുവാഭരണപാത ഉള്ളത്. 8 മീറ്റർ വീതിയും, 3005 മീറ്റർ നീളവുമാണ് ഈ പ്രദേശത്തെ പാതക്ക്. ഇങ്ങനെ തിട്ടപ്പെടുത്തി വച്ചിരിക്കുന്ന പരമ്പരാഗത പാതയിൽ യാതൊരു വിധത്തിലുള്ള കയ്യേറ്റമോ തടസ്സങ്ങളോ പാടില്ല.
ആകെ 495 കയ്യേറ്റങ്ങളാണ് തിരുവാഭരണ പാതയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കയ്യേറ്റങ്ങളും ഉണ്ട്. ഈ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് അതാത് പഞ്ചായത്തുകൾക്ക് സ്ഥലം കൈമാറണമെന്നാണ് ഉന്നതതല തീരുമാനം. എന്നാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇതുവരെ റവന്യു വകുപ്പ് തയ്യാറായിട്ടില്ല. ഇതിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. കേസ് പരിഗണിച്ച കോടതി ജില്ലാ ഭരണകൂടം കൊടുത്ത കയ്യേറ്റങ്ങളുടെ പട്ടികയിലെ അപാകത കണ്ടെത്തിയിരുന്നു. കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചെന്ന് ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചെങ്കിലും അഞ്ച് ശതമാനം കയ്യേറ്റം മാത്രമാണ് ഇതുവരെ ഒഴിപ്പിച്ചതെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി വാദിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി കോടതി ചീഫ് സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞിരിക്കുകയാണ്.
ഹാരിസൺ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നേരത്തെയും തിരുവാഭരണ പാത ഇരുമ്പു ഗേറ്റിട്ടു തടസ്സപ്പെടുത്തിയിരുന്നു. അന്ന് ഭക്തർ സമരം നടത്തിയതിനെ തുടർന്നാണ് തടസ്സം നീക്കിയത്.സർക്കാരിന്റെ പതിനായിരകണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഹാരിസൺ കമ്പനിക്കെതിരെ തണുപ്പൻ സമീപനമാണ് റവന്യു വകുപ്പും സ്വീകരിക്കുന്നത്.തിരുവാഭരണ പാതയിൽ കമ്പനി നടത്തുന്ന ഇടപെടലുകൾക്കെതിരെ കണ്ണടയ്ക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: