ദുബായ്: യുവ താരങ്ങളുടെ മിന്നുന്ന പ്രകടനമാണ് രാജസ്ഥാന് റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം സമ്മാനിച്ചതെന്ന് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക്. യുവാക്കളായ ഗുഭ്മാന്‍ ഗില്‍, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി എന്നിവരുടെ മികവിലാണ് കൊല്‍ക്കത്ത രാജസ്ഥാനെ തോല്‍പ്പിച്ചത്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഈ യുവാക്കള്‍ മികച്ച പ്രകടമനമാണ് കാഴ്ചവച്ചത്. ശുഭ്മാന്‍ ഗില്ലും അന്ദ്രെ റസ്സലും നന്നായി ബാറ്റ് ചെയ്തു. ഇയാന്‍ മോര്‍ഗനും മോശമായില്ല. ശിവം മാവി, നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഭംഗിയായി പന്തെറിഞ്ഞു. രണ്ട് വിക്കറ്റുകള്‍ വീതം ഇൗ താരങ്ങള്‍ വീഴ്ത്തി. സുനില്‍ നരെയ്ന്, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി യുവതാരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയെന്ന് കാര്‍ത്തിക് പറഞ്ഞു.
മുപ്പത്തിയേഴ് റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന് റോയല്‍സിനെ തോല്‍പ്പിച്ചത്. ആദ്യ ബാറ്റ് ചെയ്ത കൊല്‍ക്കത്ത യുവ ബാറ്റ്സ്മാന് ഗുഭ്മാന്‍ ഗില്ലല് (47), ആന്ദ്രെ റസ്സല്‍ (24), മോര്ഗന് (34 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 174 റണ്‍സ് എടുത്തു. തുടര്‍ന്ന് 175 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത രാജസ്ഥാന് ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സേ നേടാനായുള്ളൂ.
കരുത്തരായ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്, രാഹുല്‍ തെവാതിയ എന്നിവരടങ്ങുന്ന രാജസ്ഥാന് ബാറ്റിങ്നിരയെ യുവ ബൗളര്‍മാരായ ശിവം മാവി, നാഗര്‍കോട്ടി, വരുണ്‍ എന്നിവരാണ് പിടിച്ചുകെട്ടിയത്. സ്റ്റീവ് സ്മിത്തിനെ(3) പാറ്റ് കമിന്‍സും സഞ്ജു സാംസണെ(8) ശിവം മാവിയും പുറത്താക്കി. തെവാതിയയെ (14) വരുണ്‍ ക്ലീന്‍ ബൗള്‍ഡാക്കി.
നാഗര്‍കോട്ടില്‍ രണ്ട് ഓവറില്‍ പന്ത്രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം മാവി നാല് ഓവറില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റും വരുണ്‍ നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റും എടുത്തു.
രാജസ്ഥാനുവേണ്ടി ഓള്‍റൗണ്ടര്‍ ടോം കറന് മികവ് കാട്ടി. 36 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സറും അടക്കം 54 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ഈ വിജയത്തോടെ കൊല്‍ക്കത്തയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നാലു പോയിന്റായി. രാജസ്ഥാനും മൂന്ന് മത്സരങ്ങളില്‍ നാലു പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: