തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ 144 പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം. സിആര്‍പിസി 144 നടപ്പിലാക്കുന്നതോടെ കേരളം പൂര്‍ണമായും അടച്ചിടുന്ന പ്രതീതി തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒക്ടടോബര്‍ മൂന്നുമുതലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 730 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 29 മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 105 ആരോഗ്യ പ്രവര്‍ത്തകരിലും ഇന്ന് രോഗബാധ കണ്ടെത്തി.
കോവിഡ് രോഗത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തെതന്നെ ഏറ്റവും മോശം സംസ്ഥാനമെന്ന നിലയിലേക്ക് മാറുകയാണ്. പ്രതിദിന സജീവ രോഗികളുടെ കാര്യത്തില്‍ കേരളമാണ് ഒന്നാമത്. കേരളത്തില്‍ 5271 സജീവ രോഗികളുടെ വര്‍ധനവാണ് ഉള്ളത്. ആകെയുള്ള സജീവ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്കും കര്‍ണാടകയക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം
ഇതോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 30,258 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 85,376 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 52,73,201 ആയി. 83.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അവസാന പത്ത് ലക്ഷം പേര് രോഗമുക്തി നേടിയത് വെറും 12 ദിവസത്തിനുള്ളില്‍ ആണ്.
രോഗമുക്തി നേടിയവരില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ മഹാരാഷ്ട്രയിലാണ്. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങള്‍ ആണ് രണ്ടും മൂന്നും സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: