ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായുള്ള ദേവികുളം ഗ്യാപ്പ് റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം തകര്‍ത്തത് 50 ഹെക്ടറിലേറെ കൃഷി ഭൂമി. അനധികൃതമായി വന്‍തോതില്‍ പാറപൊട്ടിച്ചതടക്കം നിരവധി ക്രമക്കേടുകള്‍ ഇതിന് പിന്നിലുണ്ടെന്നതു സംബന്ധിച്ചു തെളിവ് സഹിതം പുറത്ത് വരുമ്പോഴും പേരിന് പോലും അന്വേഷണം നാളിതുവരെ ഉണ്ടായിട്ടില്ല. 2018ല്‍ തന്നെ അന്നത്തെ സബ് കളക്ടറും തഹസില്‍ദാരുമാണ് ഗ്യാപ്പ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് നല്‍കുന്നത്.
ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി മാത്രം നശിച്ചത് 50 ഹെക്ടറോളം കൃഷി ഭൂമിയാണ്. ഇതിനൊപ്പം ഒരു വീട് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി. ഗ്യാപ്പ് റോഡ്-കിളവിപ്പാറ റോഡ്, ചേലക്കല്‍ എസ്റ്റേറ്റ് വനവാസിക്കുടിയിലേക്കുള്ള പഞ്ചായത്ത് റോഡ് എന്നിവയും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.
2018ലും 2019ലും ഉണ്ടായ മലയിടിച്ചിലില്‍ ഏലവും തേയിലക്കാടും വന്‍തോതില്‍ നശിച്ചിരുന്നു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായുള്ള പാറഖനനം മൂലം കൂറ്റന്‍ പാറകളും കല്ലുകളും ദേശീയപാതയിലും സമീപഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. ഇത് തെക്കു ഭാഗത്തുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളേയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനൊപ്പം ഇവ വലിയ തോതില്‍ ഭീതി പരത്തുന്നതായും അത്യന്തം അപകടകരമാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതായും സബ് കളക്ടര്‍ വ്യക്തമാക്കുന്നു.
നിലവില്‍ നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ഗ്യാപ്പ് റോഡിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ തുച്ഛമായ പണം നല്കി ഇത് തീര്‍ക്കാനുള്ള നീക്കമാണ് കോണ്ട്രാക്ടര് നടത്തുന്നത്. ദേശീയപാതയാണെന്നിരിക്കെ കൃത്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുമില്ല. വലിയ അപകടങ്ങള്‍ ഉണ്ടായിട്ടും ജില്ലാ കളക്ടര്‍ അല്ലാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിട്ടുമില്ല. മന്ത്രിമാരും ദേശീയപാത നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇവിടെ എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ല.
കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-കുമളി-ബോഡിമെട്ട് വരെയുള്ള 48 കിലോ മീറ്റര്‍ ഭാഗത്താണ് വീതി കൂട്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ നിന്ന് പൊട്ടിക്കുന്ന പാറ ഉപയോഗിച്ച് ഇവിടെ തന്നെ നിര്‍മ്മാണം നടത്തണമെന്നാണ് നിര്‍ദേശം. കൃത്യമായ പഠനം നടത്താതെ ഉപകരാര്‍ എടുത്ത കമ്പനി വന്‍ മലകള്‍ കുത്തനെ പൊട്ടിച്ചിറക്കിയതും വന്‍തോതില്‍ സ്ഫോടനങ്ങള്‍ നടത്തിയതുമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്കും സ്ഥലത്തെ പരിസ്ഥിതി ഘടന തന്നെ മാറുന്നതിനും കാരണമായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: