തരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ലൈഫ് മിഷന് ഇടപാടില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കുന്നു. ലൈഫ് മിഷന്റെ സിഇഒ യു.വി. ജോസിനോട് അന്വേഷണ സംഘം മുന്പാതെ ഹാജരാകാന്‍ നോട്ടീസ് അയച്ചു. അടുത്ത മാസം അഞ്ചാം തീയതി രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി ഓഫിസില്‍ എത്താനാണ് നിര്‍ദേശം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകളില്‍ വ്യക്തത വരുത്താനാണ് സിബിഐ നീക്കം. ഫയലുകള്‍ സംബന്ധിച്ച് ആധികാരികമായി മറുപടി നല്കാന് സാധിക്കുന്ന ഉദ്യോഗസ്ഥനേയും ഒപ്പം കൂട്ടാന്‍ ജോസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റുകളുടെ നിര്‍മാണച്ചുമതല യൂണിടാക്കിന് നല്‍കിയത് റെഡ്ക്രസന്റ് അറിയാതെയാണെന്ന് സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍. യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷനാണ് എന്ന ആരോപണം ശരിവക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ധാരണാപത്രമനുസരിച്ച് നിര്‍മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നല്കുന്ന യുഎഇ റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍, ഈ വ്യവസ്ഥ അട്ടിമറിച്ച് സര്‍ക്കാരിലെ ഉന്നതരുടെ താത്പര്യപ്രകാരം ദുബായ് കോണ്‍സല്‍ ജനറല്‍ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നുവെന്നാണ് സിബിഐ നിഗമനം. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് വഴിയാണ് ദുബായ് കോണ്‍സലിനെ സ്വാധീനിച്ചതെന്നും യൂണിടാകിനു വേണ്ടി റെഡ്ക്രസന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. ഇത് സംബന്ധിച്ച പ്രധാന തെളിവുകള്‍ക്കായി സ്വപ്നയെയും മറ്റൊരു പ്രതി സന്ദീപ് നായരെയും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് സിബിഐ. ധാരണാപത്രത്തില്‍ ഒപ്പിട്ട ഉദ്യോഗസ്ഥന് എന്ന നിലയിലാണ് ലൈഫ് മിഷന് സിഇഒ യു. വിജോസിനെയും സിബിഐ ചോദ്യം ചെയ്യുന്നത്.
ഫ്ളാറ്റുകളുടെ നിര്‍മ്മാണച്ചുമതല യൂണിടാക്കിന് കൈമാറിയതെങ്ങനെയെന്ന രേഖകളുടെ പരിശോധനയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും നടത്തിയത്. ലൈഫ് മിഷന് ആസ്ഥാനം, വടക്കാഞ്ചേരി നഗരസഭ, യൂണിടാക്ക് ഓഫീസ്, എം.ഡി.സന്തോഷ് ഈപ്പന്റെ വീട് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകള്‍ ഇതില്‍ നിര്‍ണായകമായി.
ഹാബിറ്റാറ്റാണ് നിര്‍മ്മാണം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ റെഡ്ക്രസന്റിനെ അറിയിച്ചിരുന്നത്. യുഎഇയിലെ സ്പോണ്സര് 15 കോടി രൂപ നല്‍കുമെന്നും ഈ പണത്തിന് നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാന്‍ സമര്‍പ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് സര്‍ക്കാര്‍ കത്തയച്ചിരുന്നു. സ്പോണ്സര് റെഡ്ക്രസന്റാണെന്ന കാര്യവും നല്‍കുന്നത് 20 കോടിയാണെന്ന കാര്യവും മറച്ചുവെച്ചു. അഞ്ചു കോടി കുറച്ചാണ് കാണിച്ചത്. കോണ്‍ഫിഡന്‍ഷ്യല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത് 2019 ഏപില്‍ 30നാണ് ഹാബിറ്റാറ്റിന് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഏജന്‍സിയായ ലൈഫ് മിഷന് മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഹാബിറ്റാറ്റിനുള്ള കത്തിലുണ്ട്.
ഹാബിറ്റാറ്റ് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ അയച്ച കത്തും അന്വേഷണ സംഘം കണ്ടെത്തി. 2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് പ്ലാന്‍ സമര്‍പ്പിക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്ത ശേഷം റെഡ്ക്രസന്റ് അറിയാതെ യൂണിടാകിനെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും റെഡ്ക്രസന്റിനെ അറിയിച്ചിരുന്നില്ല. ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാനനുസരിച്ച് നിര്‍മ്മാണം നടത്താന്‍ യൂണിടാകിനെ ചുമതലപ്പെടുത്തിയ ശേഷം അവരെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന് റെഡ്ക്രസന്റിന് കത്തയക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ മാത്രമാണ് ഹാബിറ്റാറ്റല്ല യൂണിടാക്കാണ് നിര്‍മ്മാണം നടത്തുന്നതെന്ന് റെഡ്ക്രസന്റിന് അറിവ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: