ഹൂസ്റ്റൺ: കറുത്ത വർഗക്കാരി വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ കൊലകുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കനക്കുന്നു. വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടയിൽ ഉറങ്ങി കിടന്നിരുന്ന മെഡിക്കൽ ജീവനക്കാരിയുമായ ബ്രിയോണ ടെയ്ലർ (26) കഴിഞ്ഞ മാർച്ച് മാസത്തിലാണ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഹൂസ്റ്റണിൽ പ്രതിഷേധക്കാർ റോഡുകളിൽ കിടന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധിച്ചു.
ഞായറാഴ്ച വൈകിട്ടാണ് ഹൂസ്റ്റൺ വീഥികളിൽ ബ്രയോണ വീട്ടിൽ ഉറങ്ങി കിടന്നിരുന്നതിനെ അനുസമരിച്ചു പുതിയ സമര മുറയ്ക്ക് പ്രതിഷേധക്കാർ തയാറായത്. ദിവസങ്ങൾക്കു മുമ്പ് ബ്രയോണ കൊല്ലപ്പെട്ട സംഭവത്തിൽ കെന്റിക്കി ഗ്രാന്റ് ജൂറി പൊലീസ് ഓഫീസർമാർക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കുന്നതിന് വിസമ്മതിച്ചതാണ് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായത്.
ഹൂസ്റ്റണിൽ ആദ്യമായാണ് ഈ സംഭവത്തിൽ പ്രതിഷേധ പ്രകടനം അരങ്ങേറുന്നത്. നിരവധി സ്ത്രീകളും രാഷ്ട്രീയ നേതാക്കളും മത നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു. തലയിണകളും ഷീറ്റുകളും പ്ലാകാർഡുകളുമായാണ് പ്രകടനക്കാർ എത്തിയിരുന്നത്. ബ്രയോണ ടെയ്ലറിന് നീതി ലഭിച്ചില്ലെന്നു കോൺഗ്രസ് വുമൺ ഷീല ജാക്സൻ ആരോപിച്ചു. നീതി ലഭിക്കുന്നതുവരെ അതിനായി പോരാടുമെന്ന് ഇവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: