ഭാരതത്തിലെ 1.3 ബില്യൺ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ ഓരോ അംഗരാജ്യത്തേയും ഐക്യരാഷ്ട്ര സംഘടനയുടെ 75ാം വാർഷികത്തിൽ ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗമെന്ന നിലയിൽ ഭാരതത്തിന് അഭിമാനമുണ്ട്. ഈ ചരിത്രപരമായ നിമിഷത്തിൽ ഈ ആഗോള വേദിയിൽ ഞാൻ എത്തിയിരിക്കുന്നത് ഭാരതത്തിലെ 1.3 ബില്യൺ ജനങ്ങളുടെ വികാരം പങ്കുവയ്ക്കാനാണ്.
ഇന്നത്തെ ലോകം 1945ലേതിൽ നിന്ന് പ്രകടമായി മാറിയിരിക്കുന്നു. ആഗോള സാഹചര്യം,വിഭവങ്ങൾ, പ്രശ്നങ്ങൾപരിഹാരങ്ങൾ എല്ലാം വളരെയേറെ മാറിയിരിക്കുന്നു. അതത് സാഹചര്യമനുസരിച്ച് ആഗോള സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് ശേഷം ഇന്ന് നമ്മൾ വളരെ വ്യത്യസ്തമായ ഒരു കാലഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. ,ഭൂതകാലത്തിൽ നിന്ന് വ്യത്യസ്തമായ ആവശ്യങ്ങളും വെല്ലുവിളികളുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വർത്തമാനഭാവി കാലങ്ങളിലേത്. അന്താരാഷ്ട്ര സമൂഹം വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഇപ്പോൾ ഉന്നയിക്കുന്നത്: 1945ൽ ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന സാഹചര്യങ്ങളാണോ ഇന്ന്നിലവിലുള്ളത്? അത് ഇന്ന് പ്രസക്തമാണോ? നൂറ്റാണ്ടുകൾ മാറുന്നതിനനുസരിച്ച് നമ്മൾ മാറുന്നില്ലെങ്കിൽ മാറ്റങ്ങൾ വരുത്താനുള്ള കഴിവ് ദുർബലമാകും. ഐക്യരാഷ്ട്ര സംഘടനയുടെ കഴിഞ്ഞ 75 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ വളരെയധികം നേട്ടങ്ങൾ നമുക്ക് കാണാനാകും.
അതേസമയം ഐക്യരാഷ്ട്ര സംഘടനയുടെ നിർണായക ഇടപെടൽ ആവശ്യമായിരുന്ന നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാനാകും. മൂന്നാമതൊരു ലോക മഹായുദ്ധം ഒഴിവാക്കിയെന്ന് നമുക്ക് പറയാനാകുമെങ്കിലും നിരവധി യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും ഉണ്ടായത് നമുക്ക് തടയാനായില്ല. നിരവധി ഭീകരാക്രമണങ്ങൾ ലോകത്തെ വിറപ്പിക്കുകയും നിരവധി സ്ഥലങ്ങളിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുകയും ചെയ്തു. സാധാരണ മനുഷ്യർക്കാണ് ഈ യുദ്ധങ്ങളിൽ ജീവൻ നഷ്ടമായത്. ലോകത്തെ പരിപോഷിപ്പിക്കുന്ന പൗരൻമാരായി മാറേണ്ടിയിരുന്ന നിരവധി കുട്ടികളാണ് ഈ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് വീടും സമ്പാദ്യങ്ങളും നഷ്ടമാകുകയും അഭയാർത്ഥികളായി മാറുകയും ചെയ്തു. ആ സംഭവങ്ങളെ നേരിടാൻ ഐക്യരാഷ്ട്ര സംഘടനയുടെ നടപടികൾ പര്യാപ്തമായിരുന്നോ? ആവശ്യമായ നടപടികൾ ഇന്നും സ്വീകരിക്കുന്നുണ്ടോ? കഴിഞ്ഞ 89 മാസമായി ലോകം ഒന്നാകെ കോവിഡ് മഹാമാരിയെ നേരിടുകയാണ്. ഈ സംയുക്ത പോരാട്ടത്തിന് ഐക്യരാഷ്ട്ര സംഘടന എന്ത് സംഭാവനയാണ് നൽകിയത്? എവിടെയാണ് സംഘടന ഫലപ്രദമായി പ്രതികരിച്ചത്?
ഐക്യരാഷ്ട്ര സംഘടനയിൽ സമൂലമായ ഒരു പരിവർത്തനം ഇന്നിന്റെ ആവശ്യകതയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാരതത്തിലെ പ്രവർത്തനങ്ങൾ താരതമ്യമില്ലാത്തതാണ്. എന്നാൽ യുഎന്നിൽ പരിഷ്കരണം നടപ്പിലാക്കുന്നതിന് ഭാരത ജനത ഏറെ നാളായി കാത്തിരിക്കുകയാണ്. പരിഷ്കരണങ്ങൾ അതിന്റെ വസ്തുനിഷ്ഠമായ പൂർത്തീകരണത്തിൽ എത്തിച്ചേരുമോ എന്ന ആശങ്കയിലാണ് ഇന്ന് രാജ്യത്തെ ജനങ്ങൾ.
ഐക്യരാഷ്ട്ര സംഘടനയിലെ തീരുമാനമെടുക്കുന്ന വിഭാഗങ്ങളിൽ പങ്കാളിയാക്കാതെ എത്ര കാലം മാറ്റിനിർത്തും? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം, ലോക ജനസംഖ്യയുടെ 18 ശതമാനമുള്ള രാജ്യം, നൂറുകണക്കിന് ഭാഷകളും ഭാഷാവകഭേദങ്ങളും ആശയധാരകളുമുള്ള രാജ്യം, നൂറ്റാണ്ടുകളോളം ആഗോള സാമ്പത്തിക ശക്തികളിലൊന്നായി നിലകൊള്ളുകയും നൂറുകണക്കിന് വർഷങ്ങൾ വൈദേശിക ഭരണത്തിന് കീഴിൽ കഴിയുകയും ചെയ്ത രാജ്യമാണ് ഭാരതം.
ഞങ്ങൾ ശക്തരായിരുന്നപ്പോൾ ഞങ്ങൾ ലോകത്തിന് ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ല. ദുർബലരായപ്പോൾ ഞങ്ങൾ ലോകത്തിനൊരു ഭാരവുമായിട്ടില്ല.ലോകത്തിന്റെ വലിയൊരു ഭാഗത്തെ സ്വാധീനിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു രാജ്യം ഇക്കാലത്ത് എത്ര കാലമാണ് കാത്തിരിക്കേണ്ടത്?
ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചപ്പോൾ സ്വീകരിച്ച ആശയങ്ങൾ ഭാരതത്തിന്റെ ആശയങ്ങളോട് വളരെയധികം സാമ്യമുള്ളതും ഭാരതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വിഭിന്നവുമായിരുന്നില്ല. ലോകം മുഴുവൻ ഒരു കുടുംബം ‘വസുധൈവ കുടുംബകം’ എന്നത് ഭാരതത്തിന്റെ സംസ്കാരത്തിന്റെയും സ്വഭാവത്തിന്റെയും ചിന്തയുടേയും ഭാഗമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായപ്പോൾ ഭാരതം ലോകത്തിന്റെയാകെ ക്ഷേമത്തിനാണ് എല്ലായ്പ്പോഴും മുൻഗണന നൽകിയത്. 50ഓളം സമാധാന സംരക്ഷണ ദൗത്യങ്ങൾക്ക് ധീരസൈനികരെ സംഭാവന ചെയ്ത രാജ്യമാണ് ഭാരതം. സമാധാന പാലനത്തിനായുള്ള ദൗത്യത്തിനായി ഏറ്റവും കൂടുതൽ ധീര സൈനികർ രക്തസാക്ഷിത്വം വഹിച്ചത് ഭാരതത്തിൽ നിന്നുള്ളവരായിരുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഭാരതം നൽകിയ സംഭാവനകൾ നോക്കിക്കാണുന്ന ഓരോ ഭാരതീയനും ഇന്ന് ഭാരതത്തിന് യുഎന്നിൽ വർദ്ധിച്ച പങ്കാളിത്തത്തിന് അർഹതയുണ്ടെന്ന് കരുതുന്നു.
ഒക്ടോബർ 2 ”അന്താരാഷ്ട്ര അഹിംസാദിനം”, ജൂൺ 21 ”അന്താരാഷ്ട്ര യോഗ ദിനം” എന്നിവ ആചരിക്കുന്നതിന് ഭാരതമാണ് മുൻകൈ എടുത്തത്. അതുപോലെ തന്നെ ദുരന്ത നിവാരണ രംഗത്തെഅടിസ്ഥാനസൗകര്യം, അന്താരാഷ്ട്ര സോളാർ സഖ്യം എന്നിവ ഇന്ന് യാഥാർത്ഥ്യമാകുന്നതിന് ഭാരതത്തിന്റെ സംഭാവനകൾ നിർണായകമായിരുന്നു. നിക്ഷിപ്ത താൽപര്യങ്ങൾക്കതീതമായി ഭാരതം എല്ലായ്പ്പോഴും മാനവികതയ്ക്കും മനുഷ്യസമൂഹത്തിനുമായി നിലകൊണ്ടു. എല്ലായ്പ്പോഴും ഭാരതത്തിന്റെ നയങ്ങളുടെ ചാലകശക്തിയായി നിലകൊണ്ടത് ഇതാണ്.. പ്രദേശത്തെ എല്ലാവരുടേയും സുരക്ഷയ്ക്കും വളർച്ചയ്ക്കുമായി ഭാരതം കൊണ്ടുവന്ന അയൽരാജ്യങ്ങളോടുള്ള നയമായ ആക്റ്റ് ഈസ്റ്റ് പോളിസി, ഇന്തോ പസിഫിക് പ്രദേശത്തെ രാജ്യത്തിന്റെ നയം എന്നിവ ഭാരതത്തിന്റെ മാനവിക മുഖമുള്ള നയങ്ങളുടെ നേർകാഴ്ചയായി ആർക്കും കാണാവുന്നതാണ്. മറ്റ് രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ പങ്കാളിത്തവും സഹകരണവും ഈ നയങ്ങളിൽ ഊന്നിയുള്ളതാണ്. ഏതെങ്കിലും രാജ്യത്തോട് ഭാരതം സൗഹൃദം കാണിക്കുന്നു എന്നതിനർത്ഥം അത് മറ്റേതെങ്കിലും രാജ്യത്തിനെതിരാണെന്നല്ല. വികസന കാര്യത്തിൽ ഭാരതം ഏതെങ്കിലും രാജ്യവുമായി സഹകരിക്കുന്നത് അവരെ ചൂഷണം ചെയ്യാനോ ആശ്രിതരാക്കാനോ അല്ല. ഞങ്ങളുടെ വികസന നേട്ടങ്ങളുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുവാൻ ഞങ്ങൾ ഒരിക്കലും മടി കാട്ടിയിട്ടില്ല.
മഹാമാരി കൊണ്ട് കഷ്ടപ്പെടുന്ന കാലത്തും ഭാരതത്തിലെ ആരോഗ്യ മേഖല 150 രാജ്യങ്ങളിലേക്ക് അത്യാവശ്യ മരുന്നുകൾ കയറ്റിയയച്ചു. ഏറ്റവുമധികം വാക്സിൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ, ഉൽപ്പാദിപ്പിക്കുന്ന വാക്സിൻ കൊവിഡ് മഹാമാരിയെ നേരിടാൻ ആഗോള സമൂഹത്തിനാകെ ലഭ്യമാക്കാൻ തയ്യാറാണെന്നു ഞാൻ ഉറപ്പ് നൽകുന്നു. വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. വാക്സിനുകളുടെ സുരക്ഷിത ശേഖരണത്തിനും വിതരണത്തിനുമായി ഭാരതം എല്ലാ രാജ്യങ്ങൾക്കും സഹായം വാഗ്ദാനം ചെയ്യുന്നു.
അടുത്ത ജനുവരി മുതൽ സുരക്ഷ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗം എന്ന നിലയിലുളള ഉത്തരവാദിത്വം ഭാരതം നിർവഹിക്കുന്നതാണ്. ഇക്കാര്യത്തിൽ ഭാരതത്തോട് വിശ്വാസമർപ്പിച്ച എല്ലാ അംഗരാജ്യങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഈ അഭിമാനവും അനുഭവവും ലോകത്തിനാകെ ക്ഷേമമുണ്ടാകുന്നതിനായി ഞങ്ങൾ ഉപയോഗിക്കും. ഭാരതം എല്ലായ്പ്പോഴും സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയ്ക്കാണ് പിന്തുണ നൽകുന്നത്. മാനവികത, മനുഷ്യകുലം, മനുഷ്യത്വം എന്നിവയ്ക്കെതിരായ ഭീകരവാദം, കള്ളക്കടത്ത്, അനധികൃത ആയുധങ്ങൾ, മയക്കുമരുന്ന്, കള്ളപ്പണം തുടങ്ങിയവയ്ക്കതിരെ പ്രതികരിക്കുന്നതിൽ ഭാരതം ഒരിക്കലും മടി കാട്ടില്ല. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം, പാരമ്പര്യം, ആയിരക്കണക്കിന് വർഷത്തെ അനുഭവ സമ്പത്ത് എന്നിവ എല്ലായ്പ്പോഴും വികസ്വര രാജ്യങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കും. ഭാരതത്തിന്റെ ഉയർച്ചയും താഴ്ചയും നിറഞ്ഞ വികസന യാത്ര ലോക ക്ഷേമത്തിനായുള്ള യാത്രയെ ശക്തിപ്പെടുത്തും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള പരിഷ്കരണംപ്രകടനംപരിവർത്തനം എന്ന മന്ത്രത്തിന്റെ ഫലമായി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഭാരതത്തിന് കഴിഞ്ഞു.. ഈ അനുഭവം ലോകത്തെ മറ്റ് നിരവധി രാജ്യങ്ങൾക്ക് ഉപകാരപ്രദമാണ്. 400 മില്യൺ ജനങ്ങൾക്ക് 45 വർഷത്തിനുള്ളിൽ ബാങ്കിംഗ് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നത് നിസാരമായ ഒരു കാര്യമായിരുന്നില്ല. എന്നാൽ അതിന് സാധിക്കുമെന്ന് ഭാരതം തെളിയിച്ചു. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയിരുന്ന 600 മില്യൺ ആളുകൾക്ക് കക്കൂസ് നിർമിച്ചു നൽകുക എന്നത് നിസാരമായ ഒരു കാര്യമായിരുന്നില്ല. എന്നാൽ ഭാരതം അത് നേടി. 23 വർഷത്തിനുള്ളിൽ 500 മില്യണിലധികം പേർക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുക എന്നത് നിസാരമായ ഒരു കാര്യമായിരുന്നില്ല. എന്നാൽ ഭാരതത്തിന് അതിന് കഴിഞ്ഞു. ഡിജിറ്റൽ ഇടപാടുകളിൽ ഇന്ന് ഭാരതം മുൻപന്തിയിലുള്ള ഒരു രാജ്യമാണ്. കോടിക്കണക്കിന് പൗരൻമാർക്ക് ഡിജിറ്റൽ ആക്സസ് നൽകുന്നിലൂടെ ഭാരതം ശാക്തീകരണവും സുതാര്യതയും ഉറപ്പുവരുത്തുന്നു. 2025ഓടെ ക്ഷയരോഗ നിർമാർജന രാജ്യമായി ഭാരതത്തെ മാറ്റുന്നതിനുള്ള ബൃഹദ് ക്യാംപെയ്ൻ രാജ്യത്ത് നടക്കുന്നു. 150 മില്യൺ ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് വഴിയുള്ള കുടിവെള്ളമെത്തിക്കുന്ന പദ്ധതി ഭാരതം നടപ്പിലാക്കുന്നു. അടുത്തിടെ 6 ലക്ഷം ഗ്രാമങ്ങളെ ബ്രോഡ്ബാൻഡ് ഒപ്റ്റിക്കൽ ഫൈബർ മുഖേന ബന്ധിപ്പിക്കുന്ന ബൃഹദ് പദ്ധതിക്ക് ഭാരതംതുടക്കം കുറിച്ചിരുന്നു.
കോവിഡ് അനുബന്ധ സാഹചര്യത്തിൽ ”ആത്മ നിർഭർ ഭാരത്” എന്ന ലക്ഷ്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുകയാണ്. സ്വയം പര്യാപ്ത ഭാരതം ആഗോള സാമ്പത്തിക രംഗത്തിനും ഊർജമേകും. ഓരോ പദ്ധതിയുടേയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ പൗരൻമാർക്കിടയിൽ വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. സ്ത്രീകൾ ആരംഭിക്കുന്ന സംരംഭങ്ങൾക്കും സ്ത്രീകൾ നേതൃസ്ഥാനത്ത് എത്തിച്ചേരുന്നതിനും വലിയ തോതിലുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ഇന്ന് രാജ്യത്തെ സ്ത്രീകൾ. സ്ത്രീകൾക്ക് 26 ആഴ്ച വേതനത്തോട് കൂടിയുള്ള പ്രസവാവധി നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഭാരതം.. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും അവകാശങ്ങൾക്കുമായി നിയമനിർമാണങ്ങൾ നടത്തിയിരിക്കുന്നു.
പുരോഗതിയിലേക്കുള്ള യാത്രയിൽ ലോകത്തിൽ നിന്ന് പഠിക്കാനും ലോകവുമായി സ്വന്തം അനുഭവങ്ങൾ പങ്കിടാനും ഭാരതത്തിന്ആഗ്രഹമുണ്ട്. 75ാം വാർഷികത്തിൽ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ അംഗങ്ങളും മഹത്തായ ഈ സംഘടനയുടെ പ്രാധാന്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നതിന് സംഭാവനകൾ നൽകുമെന്ന് എനിക്ക് ഉറപ്പാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഉള്ളിലെ സ്ഥിരതയും ഐക്യരാഷ്ട്ര സംഘടനയുടെ ശാക്തീകരണവും ലോക ക്ഷേമത്തിന് അനിവാര്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ 75-ാം വാർഷികത്തിൽ, ലോക ക്ഷേമത്തിനായി നാം സമർപ്പിതരാകുമെന്നു ഒരിക്കൽ കൂടി പ്രതിജ്ഞ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: