ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറുകളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍. ഐപിഎല്ലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സും ഉപനായകന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി. അതേസമയം ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയ റോയല്‍ ചലഞ്ചേഴ്സ് രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനോട് നാണം കെട്ടു.
ചെന്നൈക്കെതിരായ മത്സരത്തില്‍ തളിങ്ങാന് കഴിയാതെപോയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ മിന്നുന്ന പ്രകടനത്തില്‍ കൊല്‍ക്കത്തക്കെതിരെ ടീമിന് വിജയം നേടിക്കൊടുത്തു. രോഹിത് 54 പന്തില്‍ 80 റണ്‍സ് നേടി.
അതേസമയം വിരാട് കോഹ്ലി ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടു. സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ പതിനാല് റണ്‍സിനും കിങ്സ് ഇലവനെതിരെ അഞ്ചു പന്തില്‍ ഒരു റണ്‍സിനും പുറത്തായി. ഫീല്‍ഡിങ്ങിലും പരാജയപ്പെട്ടു. കിങ്സ് ഇലവന് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ രണ്ട് തവണ കൈവിട്ടു.
റോയല്‍ ചലഞ്ചേഴ്സിന്റെ ബൗളിങ്ങിലും ആശങ്കയുണ്ട്. ഇന്ത്യന്‍ പേസറായ ഉമേഷ് യാദവ് ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ നാല് ഓവറില്‍ 48 റണ്‍സും രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ മൂന്ന് ഓവറില്‍ 35 റണ്‍സും വിട്ടുകൊടുത്തു. ദക്ഷിണാഫ്രിക്കന്‍ പേസറായ ഡെയ്ല്‍ സ്റ്റെയ്നും ഫോമിലേക്കുയരാന്‍ ആയാസപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: