മംഗളൂരു: കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറുമാസമായി നിര്‍ത്തിവച്ചിരിക്കുന്ന മംഗളൂരു-കാസര്‍കോട് കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കാന്‍ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇടപെടുന്നു. കേരള സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കൊവിഡ് വ്യാപനം മൂലമുള്ള ആശങ്കകള്‍ കാരണം അടച്ചിട്ട കേരള-കര്‍ണാടക അതിര്‍ത്തി റോഡുകള്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടും തുറക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും റോഡുകള്‍ തുറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കാസര്‍കോട്-മംഗളൂരു ബസ് സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇതുകാരണം കാസര്‍കോട്ട് നിന്ന് മംഗളൂരുവുമായും തിരിച്ചും ബന്ധപ്പെടുന്ന യാത്രക്കാര്‍ യഥാസമയം വാഹനസൗകര്യമില്ലാതെ ദുരിതത്തിലാണ്. ലോക്ഡൗണിന് മുമ്പ് ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ ദിവസവും 5,000 ആളുകള്‍ സഞ്ചരിച്ചിരുന്നതായാണ് കണക്ക്. ഇപ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും രണ്ട് നഗരങ്ങളെയും ആശ്രയിക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
സര്‍വീസ് പുനരാരംഭിക്കുന്നതിന് ധാരണയിലെത്തേണ്ടത് രണ്ട് സര്‍ക്കാരുകളാണെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സേവനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ചും അതിന് ആവശ്യമായ നടപടികളെക്കുറിച്ചും കെ.എസ്.ആര്.ടി.സിയില്‍ നിന്നും ഗതാഗത വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കും. കഴിഞ്ഞ ആറുമാസമായി നിര്‍ത്തിവച്ചിരിക്കുന്ന ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി മുമ്പ് കേരള ഗതാഗത വകുപ്പിന് കത്ത് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: