പാറശ്ശാല/തിരുവനന്തപുരം: കൊറോണ ചികിത്സാകേന്ദ്രത്തിലെ ശുചിമുറിയില്‍ രഹസ്യമായി മൊബൈല്‍ സ്ഥാപിച്ച് സ്ത്രീകളുടെ നഗ്നചിത്രം പകര്‍ത്തിയ ഡിവൈഎഫ്ഐ നേതാവിനെ പാറശ്ശാല പോലീസ് അറസ്റ്റു ചെയ്തു. പാറശ്ശാല ചെങ്കല്‍ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് ഷാലു (26) ആണ് പിടിയിലായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
ചികിത്സയിലായതിനാല്‍ ഷാലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ചികിത്സാ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഇയാള്‍ കേന്ദ്രത്തില്‍ തുടരും. പാറശ്ശാല പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാണ് സംഭവം. കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഷാലു. ചികിത്സാകേന്ദ്രത്തിലെ ശുചിമുറിയില്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ സ്ഥാപിച്ചാണ് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പൊതുവായ ശുചീകരണ സൗകര്യങ്ങളാണ് സെന്ററിലുള്ളത്. ഇതിനെതിരെ തുടക്കം മുതലെ പരാതിയുയര്‍ന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല.
ചികിത്സാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോഴും ചികിത്സയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള അലംഭാവം തുടരുന്നു. ഡിവൈഎഫ്ഐ നേതാവ് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ ആശങ്കയിലാണ് കേന്ദ്രത്തില്‍ ചികിത്സയിലുള്ളവരും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയവരും. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറിയിട്ടുണ്ടോ എന്നും സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പ് നടന്നിട്ടുണ്ടോയെന്നും ആശങ്ക നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: