തൃശൂര്‍: പുതുക്കാട് ചിമ്മിനി ഡാം റോഡില്‍ കാട്ടാന ഇറങ്ങി ബൈക്ക് യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമം. ഓടി രക്ഷപ്പെടുന്നതിനിടെ വീണ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ടാപ്പിംഗ് തൊഴിലാളികളായ പുലിക്കണ്ണി പള്ളിപ്പുറത്ത് ഷക്കീര്‍ (51) മകന് ആരിഫ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വലിയകുളം ആറളപാടിക്ക് സമീപമാണ് സംഭവം. റോഡിലെ വളവില്‍ നിന്നിരുന്ന ഒറ്റയാനയാണ് ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചത്. വളവ് തിരിഞ്ഞയുടനെയാണ് ബൈക്ക് യാത്രക്കാര്‍ നടുറോഡില്‍ നിന്നിരുന്ന ആനയെ കണ്ടത്.
ബൈക്കിന് നേരെ വന്ന ആനയെ കണ്ട് രണ്ടു പേരും ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതില്‍ ആരിഫിനെ ആന ഓടിച്ചു. റബ്ബര്‍ തോട്ടത്തിലൂടെ ഓടുന്നതിനിടെ മരക്കമ്പ് കൊണ്ട ആരിഫിന്റെ വയറിനും കാലിനും പരിക്കേറ്റു. ഷക്കീറിനും നിസാര പരിക്കേറ്റു. ആരിഫ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ആന ചവിട്ടി ഇവരുടെ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു. അപകടകാരിയായ ഒറ്റയാനാണ് റോഡില്‍ ഇറങ്ങി യാത്രക്കാര്‍ക്ക് ഭീക്ഷണിയാകുന്നത്. പുനര്‍ നടീല്‍ നടന്ന റബ്ബര്‍ തോട്ടത്തില്‍ തീര്‍ത്ത വൈദ്യുതി വേലിയില്‍ നിന്ന് ഈ ആനക്ക് ഷോക്കേറ്റതായി നാട്ടുകാര്‍ പറയുന്നു. ആനക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയ കൊമ്പന് പല സമയങ്ങളിലും റോഡിലാണ് നിലയുറപ്പിക്കുന്നത്.
കഴിഞ്ഞ ദിവസവും ഈ ആന യാത്രക്കാര്‍ക്ക് നേരെ തിരിഞ്ഞിരുന്നു. റോഡിന് ഇരുവശത്തുള്ള തോട്ടങ്ങളില്‍ കാടുവളര്‍ന്നതോടെ ആനകള്‍ നിന്നാല്‍ കാണാന്‍ സാധിക്കുന്നില്ല. തോട്ടം തൊഴിലാളികളും എച്ചിപ്പാറ, ചിമ്മിനി എന്നിവിടങ്ങളിലേക്കുള്ളവരും ഭീതിയോടെയാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. കാട്ടാനശല്യം രൂക്ഷമായിട്ടും വനപാലകര്‍ വേണ്ടത്ര നടപടികള്‍ എടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കഴിഞ്ഞ മാസം പാലപ്പിള്ളിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്ന് തോട്ടം തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: