സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ സ്ഥാനത്തും അസ്ഥാനത്തും ഇപ്പോള്‍ ഖുറാനെ ഉയര്‍ത്തിക്കാട്ടുകയാണ്. മുസ്ലീം മത വിശ്വാസികളേക്കാള്‍ ഭയഭക്തി ബഹുമാനത്തോടെയാണ് മതമില്ലാത്ത ജീവനുകള്‍ ഇപ്പോള്‍ ഇസ്ലാം മതത്തിനെ സമീപിക്കുന്നത്.
ചേരമാന്‍ പെരുമാളല്ല, സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ആദ്യ മോസ്ക് പണിത് കൊടുത്തത് എന്ന ലൈനിലാണ് ഇടത് നേതാക്കള്‍ സംസാരിക്കുന്നത്. ശരിക്കും സിപി എമ്മിന് മുസ്ലീം സ്നേഹം ഉണ്ടോ? ചില ചരിത്ര വസ്തുതകള്‍ പരിശോധിക്കാം. സിപിഎമ്മിനെ പോലെ അവസരത്തിനനുസരിച്ച് മതത്തെ ഉപയോഗിച്ച മറ്റൊരു രാഷ്ട്രീയപ്രസ്ഥാനവും ഇന്ത്യയില്‍ ഉണ്ടാവില്ല. സംസ്ഥാനത്ത് ആകെ നടന്നത് 13 വര്‍ഗ്ഗീയ കലാപം. അതില്‍ 7 എണ്ണത്തിലും ബന്ധമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം.
ചത്ത കുതിരയെന്ന് ജവഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച ലീഗിനെ മലപ്പുറം ജില്ല കൊടുത്ത് ജീവിപ്പിച്ചെടുത്തത് സിപിഎമ്മാണ്. എന്നിട്ടും അവര്‍ കോണ്‍ഗ്രസിനൊപ്പം പോയതിലുള്ള വൈരാഗ്യം തീര്‍ത്തതാണ് 1971 ലെ തലശ്ശേരി കലാപം. ഇത് പറഞ്ഞത് സിപിഐക്കാരാണ്.
തലശ്ശേരി കലാപത്തെപ്പറ്റി അന്വേഷിച്ച ജോസഫ് വിതയത്തില്‍ കമ്മീഷന് മുമ്പാകെ സിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്കിയ നല്കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. വേണമെങ്കില്‍ മൊഴിയില്‍ നിന്ന് രണ്ടു വരി.
When the Muslim league joined Achutha Menon Govt. after the resignation of the govt of EMS the Marxist party regarded it as a betrayal. This led to armed conflict b/w the 2 parties and to the looting of shops and the houses, destruction of mosques and murder of people in Madayi, Payyannur and Koothuparambu. (Page 11).
ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില സംഭവങ്ങള്‍ പരിശോധിക്കാം. എട്ടിക്കുളം പള്ളി ഇമാം അബ്ദുറഹ്മാന് മുസ്ലിയാരെ പള്ളിയില്‍ കയറി വെട്ടി കൊന്നു. പള്ളിയ്ക്കു തീയിട്ടു നശിപ്പിച്ചു. ഇത് വലിയ വിമര്‍ശത്തിന് ഇടയാക്കി. പാര്‍ട്ടി നിലപാട് സ്വീകരിക്കാന്‍ എകെജിയുടെ നേതൃത്വത്തില്‍ വിശദീകരണ ജാഥ കാസര്‍ഗോഡു നിന്നും ആരംഭിച്ചു. മുസ്ലിം ലീഗിനെതിരെ നടന്ന ഈ ജാഥ ഫലത്തില്‍ മുസ്ലിം വിരുദ്ധ പ്രചരണമായി മാറി. മേലൂട്ട് മടപ്പുരയിലേക്കുള്ള ഘോഷയാത്രയ്ക്ക് നേരെ നൂര്ജഹാന് ഹോട്ടലില്‍ നിന്ന് ചെരുപ്പേറ് ഉണ്ടായതോടെയാണ് സംഘര്‍ഷം വ്യാപകമായത്. സിപിഎം നേതാവായ മാട്ടംകോട്ടം രഘുവായിരുന്നു ഘോഷയാത്ര നയിച്ചത്. 1971 ഡിസം 28, 29, 30 തീയതികളിലായി തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലും ചെറുതും വലുതുമായ 33 മുസ്ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടു. 569 ക്രൈം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ് 51, പാനൂര്‍ 62, എടക്കാട് 12, ധര്‍മ്മടം 59, കണ്ണൂര്‍ 1, മട്ടന്നൂര്‍ 1 എന്നിങ്ങനെയാണ് FIR എണ്ണം. ഈ പ്രദേശങ്ങള്‍ മുഴുവന്‍ CPM ന്റെ പാര്‍ട്ടിഗ്രാമങ്ങളായിരുന്നു.’
ഈ പ്രദേശങ്ങളില്‍ആകെ അന്ന് RSS ന് ഒരു ശാഖയും 500ല്‍ താഴെ അനുഭാവികളും മാത്രമാണുണ്ടായിരുന്നത്. തലശ്ശേരി തിരുവങ്ങാട് എന്ന സ്ഥലത്താണ് ആ ശാഖ പ്രവര്‍ത്തിച്ചിരുന്നത്.
മെരുവെമ്പായിലെ പള്ളി സംരക്ഷിക്കാന്‍ പോയ സഖാവ് കുഞ്ഞിരാമന് എങ്ങനെയാണ് 2 കിലോമീറ്റര്‍ അകലെയുള്ള നീര്‍വേലി കള്ളു ഷാപ്പില് കുത്തേറ്റ് മരിച്ചു കിടന്നതെന്ന് സഖാക്കള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി പള്ളികള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും സിപിഐ നേതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം തകര്‍ക്കപ്പെട്ട പള്ളി പിണറായി പാറപ്പുറത്തേതാണ്. ഖുറാന് കൂട്ടിയിട്ട് കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 4 പ്രതികളാണുള്ളത്. (ക്രൈം നമ്പര്‍ 123/1972). കുമാരന്, പുരുഷോത്തമന്, വിജയന്, ഗിരിരാജന്‍. ഒന്നാം പ്രതി കുമാരനെ നമ്മള് അറിയും. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്.
കാലാപവുമായി ബന്ധപ്പെട്ട് സഖാക്കള്‍ പ്രചരിപ്പിക്കുന്ന വാദഗതികളില്‍ പ്രധാനം അന്നത്തെ തലശ്ശേരി എം.എല്‍എ ആയ സ: പിണറായി വിജയന് മെഗഫോണ്‍ കെട്ടിയ വാഹനത്തില്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ അഭ്യര്‍ത്ഥന നടത്തിയതു കൊണ്ടാണ് കലാപം കെട്ടടങ്ങിയത് എന്നാണ്. അങ്ങനെ വരുമ്പോള്‍ അവിടെ ഒരു ചോദ്യം പ്രസക്തമാണ്. പിണറായി പറഞ്ഞാല്‍ അനുസരിച്ച് കലാപം നിര്‍ത്തി പോകുന്നവര്‍ ഏതു പാര്‍ട്ടിക്കാരായിരിക്കും ? കലാപത്തിന് ശേഷം തലശ്ശേരി എംഎല്‍എ ആയിരുന്ന പിണറായി വിജയന് നടത്തിയ നിയമസഭാ പ്രസംഗത്തിനെതിരെ സിപിഐ രൂക്ഷമായി രംഗത്തു വന്നിട്ടുണ്ട്. നേതൃത്വം ആരുടേത് പിണറായി വിജയന് മറുപടി പറയുമോ എന്ന പേരില്‍ 1972 ല്‍ സിപിഐ വടക്കുമ്പാട് ലോക്കല്‍ കമ്മിറ്റി ഇറക്കിയ നോട്ടീസിന് 48 വര്‍ഷമായിട്ടും പിണറായി മറുപടി പറഞ്ഞിട്ടില്ല.
പിന്നീട് സി പിഎമ്മിന്റെ മുസ്ലീം സ്നേഹം കേരളം കണ്ടത് 1988 ലെ നാദാപുരം കലാപത്തിലാണ്. നാദാപുരത്തിനടുത്ത് കക്കട്ടില്‍ മണ്ണിയൂര്‍ താഴെ വെച്ച് 1988 ല്‍ നമ്പോടന്‍ ഹമീദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളാണ് തുടക്കം. പ്രതിഷേധ പ്രകടനത്തിനിടെ കുറ്റിയാടി ഭാഗത്തേക്കു പോവുകയായിരുന്ന കര്‍ഷക സംഘം നേതാവ് എ.കണാരന്റെ കാറില്‍ യൂത്ത് ലീഗ്പ്രവര്‍ത്തകര്‍ കൊടികെട്ടിയ വടി കൊണ്ട് അടിച്ചു. ചെറിയ തോതില്‍ കല്ലേറുമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. എന്നാല്‍ പൊടിപ്പും തൊങ്ങലും വെച്ച് നാദാപുരത്ത് വലിയ പ്രചാരണം സിപിഎം അഴിച്ചു വിട്ടു. കല്ലേറില്‍ പരുക്കേറ്റ കണാരന് ഗുരുതരാവസ്ഥയില്‍ എന്ന് മൈക്ക് അനൗണ്‍സ്മെന്റ് നടത്തി.
തുടര്‍ന്നുണ്ടായ (ഉണ്ടാക്കിയ) സംഘര്‍ഷത്തില്‍ 8 മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. അന്ന് കണ്ണൂര്‍ അഡീ.എസ്പിയായിരുന്ന, പിന്നീട് ഡിജിപി ആയ സിബി മാത്യൂസിന്റെ ആത്മകഥയായ നിര്‍ഭയം (പേജ് 122) ഇതേപ്പറ്റി വെളിപ്പെടുത്തലുണ്ട്. പഴയ സിപിഎം നേതാവും മന്ത്രിയുമായ എം.വി രാഘവന്റെ ആത്മകഥയിലും ഇതേപ്പറ്റി പരാമര്‍ശമുണ്ട്. നാദാപുരത്ത് അഴിഞ്ഞാടിയ സിപിഎം നേതാക്കന്മാര് അതു വഴി കടന്നു പോയ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ചതിനെപ്പറ്റിയാണ് അദ്ദേഹം എഴുതുന്നത്. മാപ്പിളയുണ്ടോടാ എന്ന് ആക്രോശിച്ചായിരുന്നു വാഹനം തടഞ്ഞ് അക്രമിച്ചതെന്ന് രാഘവന് പറയുന്നു. (ഒരു ജന്മം പേജ് 371) കൊളമുള്ളതില്‍ നബീസയുടെ വീടാക്രമിച്ചതിനെപ്പറ്റിയും രാഘവന് രേഖപ്പെടുത്തിയിട്ടുണ്ട്. വടിവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി 45 പവനും 25000 രൂപയും കവര്‍ന്നു.മാത്രമല്ല നബീസയെ മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടാണ് സിപിഎം അക്രമികള്‍ പോയത്. നബീസയുടെ 9 വയസ്സുള്ള മകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമമുണ്ടായതായും രാഘവന് പറയുന്നുണ്ട്. പ്രദേശത്തെ നിരവധി പള്ളികള്‍ ഇവര്‍ തല്ലിത്തകര്‍ത്തതായും പഴയ സിപിഎം നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും പറഞ്ഞത് സിപിഎമ്മിന് അക്രമം നടത്താന്‍ ആരാധനാലയങ്ങളോ മതമോ ഒന്നും പ്രശ്നമല്ല. അവരുടെ നിലനില്‍പ്പിനായി അവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ പുകഴ്ത്തും. ചിലപ്പോള്‍ തകര്‍ക്കും. അത്രതന്നെ.
ഇപ്പോള്‍ ജലീലിനെ രക്ഷപ്പെടുത്താന്‍ ഖുറാന് ഒരു മറയാക്കാന്‍ പറ്റുമോ എന്ന് പരിശ്രമിക്കുന്നു. അതിനാല്‍ ഖുറാന് ഇപ്പോള്‍ വിശുദ്ധ പദവി നല്കി, ഖുറാന് എന്ത് പിഴച്ചു എന്ന മാസ്ഡയലോഗ് അടിച്ചു. അത്രമാത്രം. ഇതൊന്നും കണ്ട് ആരും തെറ്റിദ്ധരിക്കേണ്ട. പുള്ളിപ്പുലിയുടെ പുള്ളി തേച്ചാലും മാച്ചാലും പോകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: