മറാഠകള്‍, മഹാരാഷ്ട്രത്തിനുവേണ്ടിയോ അവരുടെ കുടുംബത്തിനോ വയലുകള്‍ക്കോ വേണ്ടിയോമാത്രമല്ല പൊരുതിയത്. ഹിന്ദുമതത്തിന്റെയും ഹിന്ദു രാഷ്ട്രത്തിന്റെയും മോചനമായിരുന്നു അവരുടെ ഒരേയൊരു ലക്ഷ്യം. മഹാരാഷ്ട്ര അതിന്റെ ഒരു ഭാഗം മാത്രമാണെന്നവര്‍ക്കറിയാമായിരുന്നു. ഇസ്ലാമിക നുകത്തിന് കീഴില്‍നിന്ന് വിമോചിതമായി, ഭാരത വര്ഷമെങ്ങും ഹൈന്ദവശക്തിയുടെ സാര്‍വഭൗമത്വം സ്ഥാപിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഉയര്‍ന്നെഴുന്നേറ്റ മഹാരാഷ്ട്രത്തിന്റെ ആന്തരിക ആഹ്വാനം, ഇസ്ലാമിക സാമ്രാജ്യ ശക്തിയെ സ്ഥാനഭ്രഷ്ടമാക്കി തല്‍സ്ഥാനത്ത് ഹിന്ദു സാമ്രാജ്യ പതാക ഉയര്‍ത്തുകയായിരുന്നു. ഹിന്ദുക്കളുടെ രാജ്യം നിങ്ങള്‍ തട്ടിയെടുത്തു. എന്നാല്‍ പ്രാചീന കാലം മുതല്‍ ഈ രാജ്യത്തിന്റെ അവകാശികള്‍ ഹിന്ദുക്കളാണ്. ഭാരതത്തില്‍ ഭരണം നടത്താനുള്ള അവകാശം, അധികാരം ഹിന്ദുക്കള്‍ക്കുള്ളതാണെന്ന് ശിവാജി തന്റെ ചെറിയ പ്രായത്തില്‍ തന്നെ ധരിക്കുകയും, ആ ധാരണയുടെ വെളിച്ചത്തില്‍ അദ്ദേഹം തന്റെ രാജകീയ മുദ്ര രാഷ്ട്രഭാഷയായ സംസ്കൃതത്തില്‍ നിര്‍മിക്കുകയും ചെയ്തു.
”പ്രതിപച്ചന്ദ്രലേഖേവ വര്ധിഷ്ണുര് വിശ്വവന്ദിതാ!
ശാഹസൂനോശ്ശിവസൈ്യഷാ മുദ്രാ ഭദ്രായ രാജതേ!!”
വിശ്വവന്ദിതയും പ്രതിദിനം വളരുകയും പ്രകാശിക്കുകയും ചെയ്യുന്ന ശുക്ലപക്ഷത്തിലെ ചന്ദ്രക്കലപോലെ, ശഹാജിയുടെ പുത്രനായ ശിവന്റെ ഈ രാജമുദ്ര സര്‍വമംഗളത്തിനായി നിലകൊള്ളുന്നു.
ഛത്രപതി ശിവാജി
ക്ഷത്രിയ കുലാവതംസഃ സിംഹാസന ധീശ്വരഃ മഹാരാജഃ ഛത്രപതിഃ ശഹാജി ഭോംസലേ പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അഹമ്മദ് നഗരത്തിന്റെ നൈസാം ശാഹിയുടെ കേന്ദ്രം ദൗലതാബാദ് (ദേവഗിരി) ആയിരുന്നു. ദേവഗിരിയിലെ യാദവ വംശജരില്‍ ലഖുജിയാദവ് (ജാധവറാവ്) നൈസാമിന്റെ സേനയിലായിരുന്നു. അതേസമയം സിസോദിയാ വംശത്തിലെ വിഠോജി ഭോംസലേയുടെ മകന് മാലോജി ഭോംസലേയും നൈസാമിന്റെ സേനയില്‍ ഉണ്ടായിരുന്നു. ശഹാജി മാലോജിയുടെ മകനായിരുന്നു. ലഖുജി ജാധവറാവുവിന്റെ മകളായ ജീജാബായിയുമായി ശഹാജിയുടെ വിവാഹം നടന്നു.
ദല്‍ഹിയിലെ സുല്ത്താനായാലും ദൗലതാബാദിലെ നൈസാമായാലും ഇവരുടെ പ്രവൃത്തികള്‍ സമാനങ്ങളായിരുന്നു. ഒരു ദിവസം നൈസാം ലഖൂജി ജാധവിനേയും അദ്ദേഹത്തിന്റെ പുത്രന്മാരായ അചലോജി, രഘുജിയേയും പൗത്രനായ യശവന്തറാവുവിനെയും ദര്‍ബാറില്‍ വിളിച്ചുവരുത്തി കൊന്നുകളഞ്ഞു. ശഹാജി പരിസ്ഥിതിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സ്വതന്ത്രമായ ഭരണകൂടം സ്ഥാപിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു. ദൗലതാബാദ് ഒഴികെയുള്ള പഴയ നിജാംശാഹിയുടെ മുഴുവന്‍ പ്രദേശങ്ങളും ശഹാജി തന്റെ ഭരണത്തിന് കീഴില്‍ കൊണ്ടുവന്നു.
ശഹാജി ഭാര്യ ജീജാബായിയും മൂത്തമകന് സംഭാജിയുമായി മാഹുലിക്കോട്ടയിലായിരുന്നപ്പോള് മുകള്‍ സേന കോട്ട വളഞ്ഞു. തുടര്‍ന്ന് ഒരൊത്തുതീര്‍പ്പുണ്ടാക്കി. അതനുസരിച്ച് ശഹാജിയും ഭാര്യ ജീജാബായിയും കോട്ടയില്‍ നിന്നും പുറത്തുവന്നു. ഈ സമയം ജീജാബായി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. സംഭാജിക്ക് പതിനാല് വയസ്സ് പ്രായമുണ്ടായിരുന്നു. ശഹാജി ജീജാബായിയേയും സംഭാജിയേയും ജുന്നറിലെ കോട്ടയില്‍ പാര്‍പ്പിച്ചു. ഈ പരിതസ്ഥിതിയില്‍ ജുന്നര്കോട്ടയില് 1627 ഫെബ്രുവരി 19 ന് ശിവാജി ജനിച്ചു. (ചില ചരിത്രകാരന്മാര് 1630 ലാണ് ശിവാജി ജനിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്)
1635 സെപ്തംബര്‍ 29. ആഗ്രയില്‍ നിന്ന് പുറപ്പെട്ട ഷാജഹാന് ദൗലതാബാദില്‍ വന്ന് നിജാം ശാഹിയെ സമാപ്തമാക്കിയതായി വിളംബരം ചെയ്തു. ആദില്‍ ശാഹിലുമായി സന്ധി ചെയ്ത് 1636 മെയ് 6 ന് ദില്ലിയിലേക്ക് തിരിച്ചുപോയി. ആദില്‍ ശാഹ നൈസാംശാഹിയുടെ മുഴുവന്‍ പ്രദേശങ്ങളും ശഹാജിയില്നിന്നും പിടിച്ചെടുത്തു. മറ്റുപായങ്ങളില്ലാത്തതിനാല് ശഹാജി ബീജാപൂരിന്റെ ആധിപത്യം അംഗീകരിച്ചു.
ശിവാജീ രാജേ ഭോംസലേ
സിസോദിയാ വംശീയനായ മാലോജി ഭോസലേയുടെ പുത്രനായ ശഹാജിയുടേയും യാദവവംശജരായ ലഖുജി ജാധവറാവുവിന്റെ പുത്രിയായ ജീജാബായിയുടെയും പുത്രനായിട്ടാണ് 1627 ഫെബ്രുവരി 19 ന് ജുന്നറിലെ ശിവനേരി കോട്ടയില്‍ ശിവാജി ഭൂജാതനായത്. (ചില ചരിത്രകാരന്മാര് 1630 ലാണ് ശിവാജി ജനിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ഫാല്‍ഗുന കൃഷ്ണപക്ഷ തൃതീയാ)
അമ്മയുടെ മുലപ്പാല്‍ കുടിച്ച് പ്രതിദിനം വളര്‍ന്നുകൊണ്ടിരുന്ന ശിവാജിക്ക് അമ്മ ഉണ്ണുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും ധര്‍മാത്മാക്കളും വീരന്മാരുമായ ഇതിഹാസപുരുഷന്മാരുടെയും ചരിത്ര നായകാരന്മാരുടെയും കഥകള്‍ പറഞ്ഞുകൊടുത്തു.
പരാധീനനായിരുന്ന ശഹാജി രണ്ടാമത്തെ മകനെങ്കിലും സ്വതന്ത്രമായ അന്തരീക്ഷത്തില്‍ സ്വാഭിമാനത്തോടു കൂടി വളരട്ടെ എന്നു കരുതി, ജ്യേഷ്ഠ പുത്രനായ സംഭാജിയെ തന്റെ കൂടെ ബെംഗളൂര് നഗരത്തില്‍ താമസിപ്പിച്ച് പ്രശിക്ഷണം നല്‍കാനും, രണ്ടാമത്തെ മകനായ ശിവാജിയെ തന്റെ അധീനതയിലും ഭരണത്തിലുമായിരുന്ന പൂണേ നഗരത്തില്‍ അയയ്ക്കാനും നിശ്ചയിച്ചു.
ജ്ഞാന വൃദ്ധനും രാജനീതി നിപുണനുമായ ദാദാജി കൊണ്ഡദേവനെ, മകന്റെ പ്രശിക്ഷണത്തിന്റെയും യോഗക്ഷേമത്തിന്റെയും നിര്‍വഹണച്ചുമതല ഏല്‍പ്പിച്ചുകൊണ്ട് 1636-ല്‍ ജീജാബായിയേയും ബാലനായ ശിവാജിയേയും പൂണേക്കയച്ചു. ശൈശവാവസ്ഥയില്‍ അമ്മയില്‍നിന്നും ഗുരുവില്‍നിന്നും ലഭിച്ച പ്രശിക്ഷണത്തില്നിന്നും അപൂര്‍വങ്ങളായ സദ്ഗുണങ്ങള്‍ ബാലനില്‍ മൊട്ടിട്ടു. അമ്മ പറയുന്ന ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഭീമാര്‍ജുനന്‍ന്മാരുടെയും ഹനുമാന്റെയും മറ്റും കഥകള്‍ വളരെ ആസക്തിയോടെ ബാലനായ ശിവാജികേള്‍ക്കുമായിരുന്നു. ആ മഹാപുരുഷന്മാരുടെ ജീവന സന്ദേശമായ ദുഷ്ടനിഗ്രഹം ശിഷ്ടപരിപാലനം ധര്‍മരക്ഷണം എന്നീ ആദര്‍ശം ശിവാജിയുടെ അന്തഃരംഗത്തില് പതിച്ചു.
പൂണേ നഗരത്തില്‍ ചുറ്റിനടന്നിരുന്ന ശിവാജി നഗരത്തിലെല്ലാടവും തകര്‍ന്ന ക്ഷേത്രങ്ങളും മഠങ്ങളും ആളൊഴിഞ്ഞ വഴികളും കണ്ടു. ദുഃഖവും ഭീതിയും നിറഞ്ഞ മുഖത്തോടുകൂടിയ ജനങ്ങളെ കണ്ടു. ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച ബാലനായ ശിവാജി ഇതിന്റെ കാരണമെന്താണെന്ന് അമ്മയോട് ചോദിക്കുമായിരുന്നു.
അമ്മ പറഞ്ഞു: ഇവിടുത്തെ ഭരണാധികാരികള്‍ നമ്മുടെ ആളുകളല്ല. നമ്മുടെ ആളുകള്‍ മുസ്ലിം രാജാക്കന്മാരുടെ അധീനതയിലാണ്. വിധര്‍മികളായ മുസ്ലിങ്ങളാണ് ഇക്കാണുന്ന ക്ഷേത്രങ്ങളും മഠങ്ങളും വിഗ്രഹങ്ങളും തകര്‍ത്തെറിഞ്ഞത്. അവരില്‍നിന്നുള്ള ഭയമാണ് ഇവിടുത്തെ പ്രജകളുടെ ജീവിതം ദുഃഖപൂര്ണമാക്കിയിരിക്കുന്നത്. നമ്മുടെ ധര്‍മം വിപത്തില്‍പ്പെട്ടിരിക്കുകയാണ്. വിധര്‍മികളായ രാക്ഷസന്മാരുടെ അട്ടഹാസം കേള്‍ക്കുമ്പോള്‍ ശിവാജി ക്രുദ്ധനാകുമായിരുന്നു. അമ്മമാരുടെയും സഹോദരന്മാരുടെയും കണ്ണീര് സീതാ-ദ്രൗപതിമാരെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ആ ദൃശ്യം ശിവാജിയുടെ ഹൃദയം ദ്രവിപ്പിക്കുന്നതായിരുന്നു.
ശിവാജിയുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനെന്താണ് പരിഹാരം? ആരാണ് ഇത് പരിഹരിക്കുക? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന രൂപത്തില്‍ ശിവാജി സ്വയം തയ്യാറെടുത്തു തുടങ്ങി. ശസ്ത്രങ്ങളുടെയും അസ്ത്രങ്ങളുടെയും പ്രയോഗങ്ങളിലും, രാജനീതിശാസ്ത്രം, അര്ത്ഥനീതിശാസ്ത്രം മുതലായവകളിലും അതിവേഗം പ്രാവീണ്യം സമ്പാദിക്കാന്‍ തുടങ്ങി. സമവയസ്കരായ ബാലന്മാരുടെ കൂടെ കളിക്കുന്നത് ഏറെ പ്രിയമായിരുന്നു ശിവാജിക്ക്. മണ്ണുകൊണ്ട് കോട്ടകളുണ്ടാക്കി രണ്ട് സംഘങ്ങളായി തിരിഞ്ഞ് യുദ്ധം ചെയ്ത് കോട്ട കീഴടക്കുന്ന കളിയായിരുന്നു ഏറ്റവും പ്രിയം.
എഴുപതാമത്തെ വയസ്സിലും ദാദാജി കൊണ്ഡദേവ് കര്ത്തവ്യനിഷ്ഠയിലും അനുശാസനത്തിലും അതീവതല്പരനായിരുന്നു. അക്കാലത്ത് പൂണേക്ക് ചുറ്റും ഉണ്ടായിരുന്ന (ബാരാമാവല്‍) മാവള പ്രദേശം സ്ഥാനീയരായ ദേശ്പാണ്ഡെമാരും ദേശ്മുഖുമാരുമാണ് നയിച്ചിരുന്നത്. സ്വാര്‍ത്ഥരും ദുരഭിമാനികളും വിലാസപ്രിയരുമായിരുന്ന ഇവര്‍ സ്വജനങ്ങളുടെ മേലെതന്നെ അത്യാചാരം പ്രവര്‍ത്തിക്കുമായിരുന്നു. ബീജാപൂരിന്റെ കീഴില്‍നിന്നുകൊണ്ട് ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. ദാദാജി കൊണ്ഡദേവ് ദേശമുഖുമാരെ നിലയ്ക്കു നിര്‍ത്തുകയും, കര്‍ഷകരെ രക്ഷിക്കുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഏറെ താമസിയാതെ പന്ത്രണ്ട് മാവള പ്രദേശത്തും നല്ല ഭരണവ്യവസ്ഥയുണ്ടാക്കി. ശിവാജിക്ക് താമസിക്കാനായി ‘ലാല്‍ മഹല്‍’ നിര്‍മിച്ചു. പൂണേ നഗരത്തിന്റെ ഭരണം ശിവാജിയുടെ നാമധേയത്തിലാക്കി. ഭരണനിര്‍വഹണം എങ്ങനെയായിരിക്കണമെന്ന്, കൊണ്ഡദേവന്റെ മാര്‍ഗദര്‍ശനത്തില്‍ നന്നായി മനസ്സിലാക്കിയിരുന്നു ശിവാജി.
1636-ല്‍ ഷാജഹാന് ആദില്‍ശാഹയും കുതുബശാഹയുമായി സന്ധി ചെയ്തതിനാല്‍ ഉത്തരഭാരതത്തില്‍ രാജ്യവിസ്താരം ചെയ്യാന്‍ ആലോചിച്ചു തുടങ്ങി. ആദില്‍ ശാഹിക്കുവേണ്ടി ദക്ഷിണഭാരതം കീഴടക്കാന്‍ 1637-ല്‍ ശഹാജി നിയുക്തനായി. 1640-ല്‍ ശഹാജി ഇന്നത്തെ ബെംഗളൂരു തന്റെ കേന്ദ്രമാക്കി. ദക്ഷിണ ഹിന്ദുസ്ഥാനിലെ പ്രജകള്‍ വിജയനഗര സാമ്രാജ്യത്തിന്റെ പരമ്പരയുടെ പ്രതീകമായിട്ടാണ് ശഹാജിയെ കണ്ടത്.
ശഹാജി ജീജാബായിയേയും ശിവാജിയേയും ബേങ്കളൂരിലേക്ക് വിളിപ്പിച്ചു. 1640-ല്‍ ഇവര്‍ ബേങ്കളൂരില്‍ ശഹാജിയുടെ അടുത്തെത്തി. ബെംഗളൂരു നഗരം ദീര്‍ഘകാലം ഹിന്ദു സാമ്രാജ്യമായിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നതുകൊണ്ട്. ഇപ്പോഴും ഹിന്ദുസാമ്രാജ്യത്തിന്റെ പരിവേഷം അവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു. ബീജാപൂരിന്റെ അധീനത്തിലാണെങ്കിലും ശഹാജി കര്‍ണാടകത്തില്‍ ഹിന്ദു അന്തരീക്ഷം നിലനിര്‍ത്തിപ്പോന്നു. ശഹാജിയുടെ രാജ്യസഭാ വിജയനഗര സാമ്രാജ്യത്തിന്റെ രാജ്യസഭയുടെ ഒരു ലഘുപതിപ്പായിരുന്നു.
ശഹാജിയുടെ ദിനചര്യ ഒരു യാഥാസ്ഥിതിക ഹിന്ദുവിന്റെതായിരുന്നു. പുലര്‍ച്ചെ ഉണര്‍ന്ന് ആല്‍വൃക്ഷത്തെ പ്രദക്ഷിണം ചെയ്ത്, സൂര്യനമസ്കാരം ചെയ്ത് കുളി, പൂജ എന്നിവയായിരുന്നു നിത്യകര്മങ്ങള്. ഈ അന്തരീക്ഷത്തില്‍ ശിവാജിയുടെ മനസ്സ് ആനന്ദഭരിതമായി. ഈ കാലഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ എവിടെയും ഇങ്ങനെയൊരന്തരീക്ഷം ഉണ്ടായിരുന്നില്ല. വടക്ക് രജപുത്ര രാജാക്കന്മാരുണ്ടായിരുന്നെങ്കിലും അവര്‍ ഹിന്ദു വ്യവഹാരങ്ങള്‍ സംരക്ഷിച്ചില്ല, മുഗളന്മാരെ അന്ധമായി അനുകരിക്കുകയാണ് ചെയ്തത്. ശിവാജിയുടെ പിതാമഹനായ മാലോജി തന്റെ പുത്രന് മുസ്ലിം ശൈലിയിലുള്ള ‘ശഹാജി’ എന്ന് നാമകരണം ചെയ്തത് ഇതിനുദാഹരണമാണ്. അത്രമാത്രം മുസ്ലിം പ്രഭാവം ഹിന്ദുഗൃഹങ്ങളില്‍ ഉണ്ടായിരുന്നു. കര്‍ണാടകം ഒഴികെ ഹിന്ദുസ്ഥാനില്‍ മറ്റൊരിടത്തും പവിത്രമായ ഹിന്ദു അന്തരീക്ഷം കാണാന്‍ സാധിക്കുമായിരുന്നില്ല. ബെംഗളൂരില്‍ വച്ചാണ് ശിവാജിക്ക് ഹിന്ദുസാമ്രാജ്യ സ്ഥാപനത്തിന്റെ ഭവ്യമായ സങ്കല്പം ഉണ്ടായതെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: