അടിമാലി: കുഞ്ചിത്തണ്ണിയില്‍ മുതിരപ്പുഴയാറില്‍ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാ സേനഎത്തി സാഹസികമായി രക്ഷപെടുത്തി. ഇരുപതേക്കര്‍ ഭാഗത്തേയ്ക്കുള്ള പാലത്തിന്റെ തൂണിന്റെ തറയില്‍ കുടുങ്ങിപ്പോയ ബൈസണ്‍വാലി സ്വദേശി മണ്ണില്പ്പുരയിടം ബേബിച്ചനെ(70) ആണ് മൂന്നാര്‍, അടിമാലി അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ എത്തി രക്ഷപെടുത്തിയത്.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. വീടുപേക്ഷിച്ച് നടന്നിരുന്ന വയോധികന് കുറച്ച് നാളായി പാലത്തിന്റെ അടിയില്‍ കരയോട് ചേര്‍ന്നുള്ള തൂണിന്റെ തറയിലാണ് രാത്രി ഉറങ്ങാറുള്ളത്. പതിവുപോലെ കഴിഞ്ഞ രാത്രിയും അവിടെ കിടന്നുറങ്ങിയെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് വെള്ളം പൊങ്ങിയതോടെ ഒഴുക്കില്‍പ്പെടുന്ന സ്ഥിതിയിലായി. സമീപവാസികളാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.
കുതിച്ചൊഴുകുന്ന പുഴയില്‍ ഇറങ്ങിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ഒഴുക്ക് വകവയ്ക്കാതെ വയോധികന്റെ സമീപം എത്തി. തുടര്‍ന്ന് വലയില്‍ പൊതിഞ്ഞ ശേഷം പാലത്തിന്റെ മുകളിലേയ്ക്ക് വലിച്ച് കയറ്റുകയറ്റി രക്ഷപെടുത്തുകയായിരുന്നു. അവശനിലയിലായിരുന്ന വയോധികനെ ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
മൂന്നാര്‍ സ്റ്റേഷന് ഫയര്‍ ഓഫീസര്‍ ബാബുരാജ്, ബാബു ഹനീഫ, അടിമാലി യൂണിറ്റ് ഓഫീസര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തി അഞ്ചോളം അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: