ശ്രീനഗര്‍: വിജ്ഞാനം, സംരംഭങ്ങള്‍, നൂതനാശയം, ശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ജമ്മുകാശ്മീര്‍ മാറുന്നതാണ് തന്റെ സ്വപ്നമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദേശീയ വിദ്യാഭ്യാസ നയം ജമ്മുകാശ്മീരില്‍ നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ ശ്രീനഗറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.
വിജ്ഞാന വിഷയങ്ങളിലെ മേഖലയുടെ മികവിനെ അഭിനന്ദിച്ച രാഷ്ട്രപതി, പുതിയ വിദ്യാഭ്യാസം നയം കൃത്യമായ രീതിയില്‍ നടപ്പാക്കുന്നത് വഴി, അറിവ്, നൂതനാശയങ്ങള്‍ അധ്യയനം എന്നിവയുടെ കേന്ദ്രമായി ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തെ മാറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
മൂല്യാധിഷ്ഠിത പഠനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി നമ്മുടെ പാരമ്പര്യത്തെപ്പറ്റിയും സാംസ്കാരിക പൈതൃകത്തെപ്പറ്റിയും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. മാതൃഭാഷ അധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ ഇത് നേടാനാകൂ. ദേശീയ വിദ്യാഭ്യാസനയത്തില്‍ മാതൃഭാഷയ്ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം വ്യക്തമാകുന്നത് ഇവിടെയാണ്. നയത്തില്‍ പരാമര്‍ശിക്കുന്ന മൂന്ന് ഭാഷ ഫോര്‍മുല, ദേശീയ ഐക്യവും ബഹുഭാഷാ പരിചയവും പ്രോത്സാഹിപ്പിക്കാന്‍ സഹായകരമാകും. അതേസമയം രാജ്യത്തെ സംസ്ഥാനത്തങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഏതെങ്കിലും ഒരു പ്രത്യേക ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും രാഷ്ട്രപതി ഉറപ്പുനല്‍കി.
നയത്തിലെ ലക്ഷ്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ നടപ്പാക്കാനും സമാധാനപൂര്‍ണവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു ഭാവി സ്വന്തമാക്കാനും ജമ്മുകാശ്മീരിലെ യുവതയ്ക്ക് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: