കൊച്ചി: അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസ് കേരളത്തില്‍ വളരെ സജീവമാണെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചത് രണ്ടു ദിവസം മുന്‍പ്. അതിനു തൊട്ടുപിന്നാലെയുണ്ടായ അറസ്റ്റുകള്‍ കേന്ദ്രത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് അടിവരയിടുന്നു.
കേരളത്തില്‍ നിന്ന് നിരവധി പേര് ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും തെക്കേയിന്ത്യയില്‍ നിന്ന് ഐഎസുമായി ബന്ധപ്പെട്ട 17 കേസുകളെടുത്തതായും 122 പേരെ അറസ്റ്റ് ചെയ്തെന്നും വ്യക്തമാക്കിയ കേന്ദ്രം, ഇവര്‍ക്ക് വന്‍തോതില്‍ വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സൈബര്‍ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് ഇവര്‍ ഭീകരാശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രം പറഞ്ഞു. ഇവര്‍ക്ക് എങ്ങനെയാണ് പണം ലഭിക്കുന്നത്, ആരാണ് ഫണ്ട് ചെയ്യുന്നത്, വിദേശത്തു നിന്ന് എങ്ങനെയാണ് പണം ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളതായും കേന്ദ്രം അറിയിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാകുന്നതിനിടയ്ക്കാണ് അല്‍ഖ്വയ്ദ ബന്ധമുള്ള മൂന്നു പേര് എറണാകുളത്തു നിന്ന് പിടിയിലായത്.
അബ്ദുള്‍ കരീമും ഛോട്ടാകരീമും റഹ്മാനും കഴിഞ്ഞത് കേരളത്തില്‍
ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനമാണ് എന്‍ഐഎ സംഘം ജമായത്ത് ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകര സംഘടനയിലെ കൊടുംഭീകരനായ അബ്ദുള്‍ കരീമിനെ (ബോറോ കരീം) ബംഗാളിലെ മുര്‍ഷിദാബാദിലെ സുതിയില്‍ നിന്ന് പിടികൂടിയത്.
ബംഗ്ലാദേശിലെയും ഇന്ത്യയിലെയും നിരവധി ബോംബു സ്ഫോടനക്കേസിലെ പ്രതിയായ ഇയാള്‍ക്ക് 2013ലെ ബോധഗയ സ്ഫോടനത്തിലും പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഏറെക്കാലമായി അപ്രത്യക്ഷനായിരുന്ന ഇയാള്‍ ഒരു സുപ്രഭാതത്തില്‍ മുര്‍ഷിദാബാദില്‍ എത്തുകയായിരുന്നു. ഇയാളുടെ വരവ് മണത്തറിഞ്ഞ എന്‍ഐഎ വൈകാതെ കുടുക്കി.
ചോദ്യം ചെയ്യലില്‍ ഒരു കാര്യം വ്യക്തമായി, ഇയാള്‍ മാസങ്ങളായി കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായി ജീവിക്കുകയായിരുന്നു. ഇവിടെ നിന്ന് കര്‍ണാടകത്തിലും അവിടെ നിന്ന് ബംഗാളിലും മടങ്ങിയെത്തുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് മലപ്പുറത്തെ കോട്ടക്കലില്‍ നിന്ന് അബ്ദുള്‍ കരീം (ഛോട്ടാ കരീം), മുസ്താഫിസൂര്‍ റഹ്മാന് (ഷഹീന്, തുഹീന്‍) എന്നിവരെ അറസ്റ്റ് ചെയ്തത്. ദലൈലാമയുടെ സന്ദര്‍ശനത്തിനു മുന്‍പ് ബോധഗയയില്‍ നടന്ന സ്ഫോടനം, 2014ലെ ബര്‍ദ്വാന്‍ സ്ഫോടനം എന്നി ഭീകരാക്രമണങ്ങളിലെ പ്രധാനപ്രതികളായിരുന്നു ഇവര്‍. സ്ഫോടനങ്ങള്‍ക്കു ശേഷം ഇവര്‍ ഒളിച്ചു താമസിച്ചിരുന്നത് കേരളത്തിലായിരുന്നു.
ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിലെ മറ്റു പ്രധാന പ്രതികളായ മുഹമ്മദ് ജഹിദുള്‍ ഇസ്ലാം (ബോമ മിയാന്‍), ആദില്‍ (അസാദുള്ള) എന്നീ ജെഎംബി ഭീകരരെ എന്‍ഐഎ പിടിച്ചത്.
സക്കീര്‍ നായിക്കിന്റെ ആഹ്വാനം
ആഗോള ഭീകരരുടെ തലതൊട്ടപ്പന്മാരില് ഒരുവനാണ് മലേഷ്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരന് സക്കീര്‍ നായിക്ക്. കടുത്ത മതവിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതിന് കേസുകള്‍ നേരിടുന്ന ഇയാള്‍ അറസ്റ്റ് ഭയന്ന് സൗദിയിലേക്കും അവിട നിന്ന് മലേഷ്യയിലേക്കും പലായനം ചെയ്തു. ഇയാളുടെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബംഗ്ലാദേശിലെ ധാക്കയില്‍ ഭീകരര്‍ കോഫിഷോപ്പില്‍ ആക്രമണം നടത്തിയത്. 29 പേര് കൊല്ലപ്പെട്ടു.
ഈ സാക്കീര്‍ നായിക്ക് അടുത്തിടെ ഒരാഹ്വാനം നടത്തിയിരുന്നു. മുസ്ലീങ്ങള്‍ക്ക് താമസിക്കാന്‍ പറ്റിയ ഇടം കേരളമാണെന്നും എല്ലാവരും അവിടേക്ക് പോകണമെന്നും അങ്ങനെ മുസ്ലീങ്ങള്‍ ഒന്നിച്ച് ഒരു പാര്‍ട്ടിയുണ്ടാക്കി ഭരണം പിടിക്കണമെന്നും. കേരളത്തില്‍ ബിജെപിക്ക് സ്വാധീനമില്ല, അതിനാല്‍, അവിടമാണ് പറ്റിയയിടം, ഇതര പാര്‍ട്ടികളുമായി ചേര്‍ന്നാല്‍ ഭരണം പിടിക്കാമെന്നും ഇയാള്‍ പറഞ്ഞു.
കേരളം ഭീകരര്‍ക്ക് വളക്കൂറുള്ള മണ്ണാണെന്ന് നിത്യേന തെളിയുന്ന സാഹചര്യത്തില്‍ സക്കീര്‍ നായിക്കിന്റെ ആഹ്വാനത്തിന് വലിയ പ്രാധാന്യമാണുള്ളത്.
ശ്രീലങ്കയിലെ സ്ഫോടനവും കേരളവും
ശ്രീലങ്കന്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ വന്‍സ്ഫോടനം ലോകത്തെ ഞെട്ടിച്ചു. സ്ത്രീയടക്കം ഒന്‍പതു ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 253 പേര് മരിച്ചു. നാഷണല്‍ തൗഹീദ് ജമാഅത്തായിരുന്നു ചാവേറാക്രമണത്തിനു പിന്നില്‍.
മുഖ്യപ്രതി മുഹമ്മദ് സഹ്റാന്‍ ഹാഷിം കേരളത്തില്‍ എത്തുകയും ഇവിടെയുള്ള ചില ഭീകര നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാ നായകെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഇയാള്‍ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് വ്യക്തമല്ല.
കൊല്ലങ്കോട്ടെ അറസ്റ്റ്
ലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസിന്റെ തമിഴ്നാട് മൊഡ്യൂളുമായി ബന്ധപ്പെട്ട് 2019 ജൂണില്‍ എന്‍ഐഎ കോയമ്പത്തൂരിലും ചെന്നൈയിലും വ്യാപകമായ റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിനൊപ്പം പാലക്കാട്ടെ കൊല്ലങ്കോട്ടു നിന്ന് റിയാസ് അബൂബക്കര്‍ (29) എന്ന ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ലങ്കന്‍ സ്ഫോടനം നടത്തിയവരുമായി ബന്ധമുണ്ടെന്നാണ് സൂചന.
സുബഹാനിയും പാരീസ് സ്ഫോടനവും
തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ മാളിയേക്കല്‍ വീട്ടില്‍ സുബഹാനി ഹാജ മൊയ്തീനെ (31) ഏതാനും വര്‍ഷം മുന്‍പ് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പാരീസില്‍ നൂറു ജീവനുകളെടുത്ത തിയെറ്റര്‍ സ്ഫോടനക്കേസിലെ പ്രതികളെ ഇയാള്‍ക്ക് അറിയാമായിരുന്നു. പരിശീലനത്തിന് അഫ്ഗാന് വഴി ഇറാഖിലേക്ക് പോയ ഇയാള്‍ തുര്‍ക്കിയിലെ ഈസ്താംബൂളില്‍ വച്ചാണ് പാരീസ് ആക്രമണക്കേസിലെ പ്രതികളായ അബ്ദുള്‍ ഹമീദ്, അൗദ്, സാലാം അബ്ദുള്‍ സലാം എന്നിവരുമായി പരിചയപ്പെട്ടത്. ഇയാള്‍ ഇറാഖിലെ മൊസൂളില്‍ ഭീകര പരിശീലനം നേടിയിട്ടുണ്ട്. എത്രമാത്രം ആഴത്തിലുള്ളതാണ് കേരളത്തിലെ ഭീകരപ്രവര്‍ത്തനമെന്നതിന് തെളിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: