തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത് സാക്ഷിയാകാനെന്ന വാദം തെറ്റ്. ജലീലിനെ വിളിപ്പിച്ചത് തീവ്രവാദ, രാജ്യദ്രോഹ വകുപ്പുകളില്‍ പ്രതികളായവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ത്തന്നെ. എന്‍ഐഎ നല്കിയ നോട്ടീസിലും ഇത് വ്യക്തമെന്ന് നിയമവിദഗ്ധര്‍.
യുഎപിഎ സെക്ഷന്‍ 16, 17, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയ ‘ആര്‍സി-02/2020/എന്‍ഐഎ/കെഒസി’- കേസില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഹാജരാകണം എന്നാണ് ജലീലിന് നല്കിയ നോട്ടീസില്‍ പറയുന്നത്. യുഎപിഎ സെക്ഷന്‍ 16 എന്നാല്‍ തീവ്രവാദക്കുറ്റം ആണ്. സെക്ഷന്‍ 17 തീവ്രവാദത്തിനായി പണം സ്വരൂപിക്കലും സെക്ഷന്‍ 17 തീവ്രവാദത്തിനായി ഗൂഢാലോചന നടത്തലുമാണ്.
ഈ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ‘ആര്‍സി-02/2020/എന്‍ഐഎ/കെഒസി’കേസില്‍ സ്വപ്ന സുരേഷും സന്ദീപ് നായരും അടക്കമുള്ളവരാണ് പ്രതികള്‍. അവരുടെ മൊഴികളില്‍ നിന്നും കെ.ടി.ജലീലിന് ഇതുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സിക്ക് ബോധ്യപ്പെട്ടതിനാലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, കേസില്‍ പ്രതിചേര്‍ക്കാത്ത ഒരാളെ ക്രിമിനല്‍ ചട്ടപ്രകാരം 160 അനുസരിച്ച് സാക്ഷി ആയി മാത്രമേ ചോദ്യം ചെയ്യലിനു വിളിക്കാനാവൂ. തുടര്‍ന്ന് മൊഴികളുടെ വിലയിരുത്തല്‍ നടത്തിയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഖുറാന് കടത്തലോ, റംസാന് കിറ്റ് നല്കിയതോ ആയ കേസുകള്‍ ഒന്നും എന്‍ഐഎ അന്വേഷിക്കുന്നുമില്ല. ഇതോടെ ഖുറാന് കടത്തും ചട്ടലംഘനവും കോണ്‍സുലേറ്റ് ബന്ധവും ചോദിച്ച് അറിയാനാണെന്ന ജലീലിന്റെയും സിപിഎം നേതാക്കളുടെയും വാദവും പൊള്ളയാണെന്ന് തെളിഞ്ഞിട്ടുണ്ട് .
എന്‍ഐഎ നല്കിയ നോട്ടീസില്‍ ‘കെ.ടി.ജലീല്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി, കേരള സര്‍ക്കാര്‍’ എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മന്ത്രി എന്ന നിലയില്‍ അല്ല വ്യക്തിപരമായാണ് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായതെന്ന വാദവും പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: