തിരുവല്ല: കോവിഡ് രോഗിയായ ദളിത് പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഈ മാസം 20 വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞുവന്ന പ്രതിയുടെ കോവിഡ് ടെസ്റ്റുകൾ എല്ലാം നെഗറ്റീവാണ്.
പ്രതിയെ കൂടുതലായി ചോദ്യം ചെയ്യലിന് വിധേയനാക്കുകയും തെളിവെടുപ്പും നടത്താനാണ് കസ്റ്റഡിയിൽ വാങ്ങായതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. അടൂർ ഡിവൈഎസ്പി ആർ. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ആംബുലൻസ് ഡ്രൈവർ നൗഫൽ പീഡനത്തിന് ആസൂത്രിത നീക്കം നടത്തിയതായാണ് പോലീസ് കണ്ടെത്തൽ. ആറിന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് കൊണ്ടുപോകുംവഴിയാണ് പെൺകുട്ടിയെ ആംബുലൻസിൽ വച്ച് ഡ്രൈവർ പീഡിപ്പിച്ചത്.
കേസിൽ ആംബുലൻസ് ഡ്രൈവർ കായകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫൽ (29) അറസ്റ്റിലായി.അതേസമയം പീഡനത്തിനിരയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നിരീക്ഷണത്തിൽ കഴിയുന്ന ഐസൊലഷൻ മുറിയിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: