ലോകത്തിന് മുമ്പില്‍ കേരളത്തെ നാണക്കേടിലാക്കിയ തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതോടെ കേരളസര്‍ക്കാറിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന യു.എ.പി.എ ചുമത്തിയ രാജ്യദ്രോഹകേസില്‍ ഒരു മന്ത്രി കുടുങ്ങുമെന്ന് ഉറപ്പായതോടെ മതത്തെ മറയാക്കി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലേക്ക് സി.പി.എമ്മും സര്‍ക്കാരും കടന്നിരിക്കുകയാണ്. നിരോധിത തീവ്രവാദ സംഘടനയായ സിമി മുതല്‍ സി.പി.എം വരെ പ്രവര്‍ത്തിച്ച് പരിചയമുള്ള ജലീലിനെ രക്ഷിക്കാന്‍ മതത്തെ ഉപയോഗിക്കുകയാണ് സി.പി.എം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനം അങ്ങേയറ്റം അപകടകരമാണ്. രാജ്യദ്രോഹകേസില്‍ ആരോപണവിധേയനായ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നവര്‍ വിശുദ്ധ ഖുറാനെ അവഹേളിക്കുന്നുവെന്നാണ് കോടിയേരി പറയുന്നത്. ഖുറാന്വിരുദ്ധ സമരത്തില്‍ മുസ്ലീം ലീഗ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതെന്തിനെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ചോദിച്ചത്. മുസ്ലീംസമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അഴിമതിയിലും തട്ടിപ്പിലും മുങ്ങിക്കുളിച്ച സര്‍ക്കാരിനെ രക്ഷിക്കാനാണ് സി.പി.എം മതവര്‍ഗ്ഗീയരാഷ്ട്രീയം പയറ്റുന്നതെന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാവും.
ഖുറാന് വിതരണം ചെയ്യുന്നതിനെ ബി.ജെ.പി എതിര്‍ത്തിട്ടേയില്ല. മറിച്ച് രാജ്യത്തിന്റെ നിയമങ്ങളെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും കടത്തുന്നതിനെയാണ് ബി.ജെ.പി എതിര്‍ത്തത്. ഖുറാന് ഗ്രന്ഥങ്ങളെ മറയാക്കി സ്വര്‍ണ്ണം കടത്തിയ ജലീലും അതിന് അദ്ദേഹത്തെ സഹായിച്ച മുഖ്യമന്ത്രിയും അത് ന്യായീകരിക്കുന്ന കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുമാണ് യഥാര്‍ത്ഥത്തില്‍ ഖുറാനെ അവഹേളിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കാനുള്ള ശ്രമത്തെ ബിജെപി ശക്തിയുക്തം എതിര്‍ക്കും. ഇത്തരം രാജ്യദ്രോഹപ്രവര്ത്തനത്തിനെതിരെയാണ് പോരാട്ടം. അത് മതപരമല്ല.
യു.ഡി.എഫിനെ പോലെ വോട്ട്ബാങ്ക് ഭയന്ന് പാതിവഴിയില്‍ സമരം ഉപേക്ഷിക്കാന്‍ ബി.ജെ.പി തയ്യാറല്ല. സി.ആപ്റ്റിനെ ഉപയോഗിച്ച് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും സര്‍ക്കാര്‍ വാഹനത്തില്‍ പാര്‍സല്‍ കടത്തി എന്ന ആരോപണം വന്നതോടെ തന്നെ ജലീല്‍ ഖുറാന് വിതരണം ചെയ്യാന്‍ തനിക്ക് അവകാശമുണ്ട്, അതിന്റെ പേരില്‍ തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന് പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കുടുങ്ങിയെന്ന് തോന്നിയപ്പോള്‍ വര്‍ഗീയ കാര്‍ഡ് പുറത്തിറക്കി ജലീലിനെ രക്ഷിക്കാനാണ് സര്‍ക്കാറും പാര്‍ട്ടിയും ശ്രമിക്കുന്നത്. ഖുറാനോട് ബി.ജെ.പിക്ക് അസഹിഷ്ണുതയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ഖുറാന് വിതരണത്തിനോ പാരായണം ചെയ്യുന്നതിനോ തടസ്സങ്ങളുണ്ടായതായി കോടിയേരിക്ക് വ്യക്തമാക്കാമോ? രാജ്യത്ത് മുസ്ലിങ്ങള്‍ ഏറ്റവും ന്യൂനപക്ഷമായ ഇടങ്ങളില്‍ പോലും ഖുറാന് വിതരണത്തിനോ പാരായണത്തിനോ എതിര്‍പ്പില്ലെന്നിരിക്കെ താരതമ്യേന മുസ്ലിങ്ങള്‍ സംഘടിതമായ കേരളത്തില്‍ ഖുറാന് വിതരണം ചെയ്യുന്നത് ബി.ജെ.പി എതിര്‍ക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
കേരളത്തിലെ ഏതാണ്ടെല്ലാ മുസ്ലിം വീടുകളിലും ഖുറാന് ഉണ്ടെന്നിരിക്കെ, ഖുറാന് അച്ചടിക്കുന്ന, അത് വിദേശത്തേക്ക് പോലും അയക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉള്ളപ്പോള്‍ എന്തിനാണ് ജലീല്‍ യു.എ.ഇയില്‍ നിന്നും ഖുറാന് കൊണ്ടുവന്നത്? അതും മതഗ്രന്ഥങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയ സ്ഥിതിക്ക് ജലീലിന്റെ നടപടി അസാധാരണമാണ്. സ്വര്ണ്ണക്കടത്തിനെതിരായി കേരളത്തില്‍ ഉയര്‍ന്നുവന്ന ശക്തമായ ജനരോഷത്തെ ഭയന്ന സിപിഎം മതവര്‍ഗ്ഗീയ സംഘടനകളുടെ ശൈലിയില്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്നും സംസ്ഥാനം എല്ലാ സഹായവും ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണത്തെ രഹസ്യമായി അട്ടിമറിക്കാനാണ് ശ്രമിച്ചത്. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാത്ത, ഇടിമിന്നലില്‍ നശിച്ചുപോയെന്ന് പറഞ്ഞതും സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ക്ക് തീപിടിച്ചതും ഇതിന്റെ ഭാഗമായാണ്. സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പൊലീസ് നടത്തിയ ഒത്തുകളിയും സി.പി.എം അനുകൂലിയായ നഴ്സിന്റെ ഫോണില്‍ അവര്‍ പല ഉന്നതന്മാരെയും ബന്ധപ്പെട്ടതും കേസ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നു. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോഴാണ് സി.പി.എം മതവര്‍ഗ്ഗീയതയുടെ കാര്‍ഡ് ഇറക്കി അവസാന പ്രതിരോധത്തിനുള്ള ശ്രമം നടത്തുന്നത്.
മതഗ്രന്ഥങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ള രാജ്യത്ത് ഒരു കോണ്‍സുലേറ്റ് കൊണ്ടുവന്ന ഏഴായിരത്തില്‍ പരം ഖുറാന് ഗ്രന്ഥങ്ങളില്‍ ഒരുപങ്ക് ഉന്നതവിദ്യാഭ്യാസമന്ത്രി എന്തിന് വിതരണം ചെയ്തു എന്നതും, അതിന് സര്‍ക്കാര്‍ വാഹനം എന്തിന് ഉപയോഗിച്ചു എന്നതുമാണ് അന്വേഷണത്തിലുള്ളത്.ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലും ഒരു ഭക്ഷ്യവസ്തുവും ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് നിയമമുള്ള രാജ്യത്ത് ആയിരക്കണക്കിന് കിലോ തൂക്കം വരുന്ന ഈന്തപ്പഴങ്ങള്‍ എന്തിന് വിതരണം ചെയ്തു എന്നതിന് ജലീല്‍ മറുപടി പറയേണ്ടതുണ്ട്. കോണ്‍സുലേറ്റുമായി ബന്ധം പുലര്‍ത്താന്‍ സംസ്ഥാന മന്ത്രിക്ക് നിയമപരമായ അനുമതി ഇല്ലെന്നിരിക്കെ ജലീല്‍ ചെയ്തതെല്ലാം നിയമവിരുദ്ധമാണ്. എന്നാല്‍ ബിജെപി തുടക്കം മുതലേ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഖുറാന്, സക്കാത്ത്, പെരുന്നാള്‍ തുടങ്ങിയ മതപരമായ കാര്യങ്ങള്‍ വലിച്ചിഴച്ച് രക്ഷപ്പെടാനാണ് മന്ത്രി ജലീല്‍ ശ്രമിച്ചത്. അന്വേഷണ ഏജന്‍സി ഈ കാര്യങ്ങള്‍ ജലീലിനോട് ചോദിച്ചപ്പോള്‍ മന്ത്രി അന്നു പറഞ്ഞ കാര്യങ്ങള്‍ സി.പി.എം ഇന്ന് ആവര്‍ത്തിക്കുകയാണ്.
പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മന്ത്രിയെ ചോദ്യം ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും ശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ അതെങ്ങനെ ഖുറാന് അവഹേളനം ആകുമെന്ന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കണം. കള്ളത്തരത്തിനും അഴിമതിക്കും ഖുറാന്റെ പേര് ദുരുപയോഗം ചെയ്യ്ത മന്ത്രി ജലീലിനും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമെതിരെ പ്രതികരിക്കാന്‍ മുസ്ലിം പുരോഹിതന്മാര് തയ്യാറാവാത്തത് അത്ഭുതപ്പെടുത്തുകയാണ്
ഇനിയും നാണംകെടും മുമ്പ് രാജിവെച്ച് ഒഴിയണം
മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റുമെല്ലാം രാജ്യദ്രോഹകേസില്‍ ഉള്‍പ്പെടുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്. ഓരോദിവസം കഴിയുംതോറും ഇടതു സര്‍ക്കാരിലെ മന്ത്രിമാരുടെ അവിഹിത ഇടപെടലുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ മുന മുഖ്യമന്ത്രിയിലേക്ക് തിരിഞ്ഞതോടെ ന്യായീകരണത്തിന്റെ എല്ലാപരിധികളും ലംഘിച്ച് അസ്വസ്ഥനാവുകയാണ് അദ്ദേഹം. പി.ആര് ഏജന്‍സികള്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്ത മുഖംമൂടി അഴിഞ്ഞു വീണതോടെ പഴയ പിണറായി വിജയന്റെ ദ്രംഷ്ടയും അസഹിഷ്ണുതയും കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. തന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തുന്നത് കെ.ടി ജലീലായതുകൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ജലീല്‍ കുടുങ്ങിയാല്‍ മുഖ്യമന്ത്രിയും കുടുങ്ങും. ജലീല്‍ വിഷയത്തില്‍ സി.പി.എം പൊളിറ്റ്ബ്യൂറോയുടെ മൗനം സംശയം ജനിപ്പിക്കുന്നതാണ്. വിദേശത്തു നിന്ന് വന്ന ഫണ്ട് അവര്‍ക്കും കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷണം കഴിഞ്ഞാലേ മനസിലാകുകയുള്ളൂ.
കോടിയേരിക്കെതിരെ കേസെടുക്കണം
വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന കോടിയേരിക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പുപയോഗിച്ച് കേസെടുക്കണം. ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് സി.പി.എം സെക്രട്ടറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.മത വിശ്വാസത്തേക്കാള്‍ മതത്തെ രാഷ്ടീയ അധികാരം നേടാന്‍ ഉള്ള കുറുക്ക് വഴിയായി ഉപയോഗിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട തന്ത്രം തന്നെയാണ് മുന്‍ സിമിക്കാരന്‍ കൂടിയായ ജലീല്‍ തന്റെ അഴിമതി മൂടിവെക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നത്. ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയും വരെ കേരളത്തില്‍ ഉയര്‍ന്നു വന്ന ജനകീയ സമരത്തിന് അവസാനമുണ്ടാവില്ല. രാജ്യത്തെ വഞ്ചിച്ച മന്ത്രിമാര്‍ രാജിവെച്ച് ഒഴിയുന്നതുവരെ ബി.ജെ.പി പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിയില്ല.
കെ.സുരേന്ദ്രന്
( ബി ജെ പി സംസ്ഥാന അധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: