തിരുവല്ല: അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിയ്ക്ക് നിലമൊരുക്കാൻ ട്രാക്ടർ ഇറക്കണമെങ്കിൽ ഇനി സിഐടിയു കനിയണം. കർഷകർ സ്വന്തം ഇഷ്ടപ്രകാരം ട്രാക്ടർ ഇറക്കി നിലമൊരുക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ സിഐടിയു പിന്തുണയോടെ ട്രാക്ടർ ഉടമകൾ തൊഴിലാളി യൂണിയൻ രൂപീകരിച്ചപ്പോൾ കർഷകരുടെ ഈ അവകാശം കൈമോശം വരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം നിലം ഉഴുന്നതുമായി ബന്ധപ്പെട്ട കൂലി തർക്കം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ ട്രാക്ടറുകളെ തെരഞ്ഞെടുക്കാനുളള അവകാശം കർഷകന് വേണമെന്ന ആവശ്യം ഉയർന്നെങ്കിലും ധാരണയിലെത്തിയില്ല. ഇത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും കൊയ്ത്ത് മെതി യന്ത്രം വന്നപ്പോൾ പാടത്ത് ഇറക്കണമെങ്കിൽ സിപിഎമ്മിന്റെ കർഷകത്തൊഴിലാളി യൂണിയനായ കെഎസ്കെടിയുവിന്റെ അനുമതി വേണമായിരുന്നു. വെട്ടിനിരത്തിലിലൂടെ കുപ്രസിദ്ധമായ കെഎസ്കെടിയുവിന് അപേക്ഷ വച്ചെങ്കിൽ മാത്രമെ കർഷകർക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയുമായിരുന്നുള്ളു. എന്നാൽ കാലക്രമേണ കാർഷിക മേഖലയിൽ യന്ത്രവത്ക്കരണം സാർവത്രികമായതോടെ കെഎസ്കെടിയുവിന്റെ പല്ല് കൊഴിഞ്ഞു. യന്ത്രക്കൊയ്ത്തിനെ അംഗീകരിക്കേണ്ടി വന്നു. യൂണിയനിൽ നേതാക്കൾ ഉണ്ടെങ്കിലും പേരിന് മാത്രമായി തൊഴിലാളികൾ. ക്ഷേമനിധിയിൽ പേരുണ്ടെങ്കിലും പാടത്ത് പണിക്ക് ഇറങ്ങുന്നവർ കുറവാണ്. പുതുതലമുറ കൃഷിപ്പണികളിൽ നിന്ന് അകന്നതോടെ യൂണിയന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. കെഎസ്കെടിയുവിന്റെ ഭീഷണികൾ ഒഴിഞ്ഞപ്പോഴാണ് ട്രാക്ടർ തൊഴിലാളി യൂണിയൻ എന്ന പേരിൽ പുതിയൊരു യൂണിയൻ കർഷകർക്ക് തലവേദനയായി ഉദയം ചെയ്തിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ട്രാക്ടർ ഉടമകൾ അപ്പർകുട്ടനാട്ടിലും യൂണിയൻ രൂപീകരിച്ചെന്ന പേരിൽ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കുട്ടനാട്ടിൽ നിലമൊരുക്കാനുള്ള അവകാശം യൂണിയനാണെന്നും അതേ അവകാശം അപ്പർകുട്ടനാട്ടിലും വേണമെന്നാണ് സിഐടിയു യൂണിയന്റെ ആവശ്യം. മണിക്കൂറിന് 900 രൂപയാണ് യൂണിയൻ നിലഉഴവിന് ആവശ്യപ്പെട്ടത്. എന്നാൽ നിരണം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഒരേക്കറിന് 900 രൂപയിൽ ചെയ്യാമെന്ന ധാരണയിലെത്തി.എന്നാൽ ട്രാക്ടർ തെരഞ്ഞെടുക്കാനുള്ള അവകാശം കർഷകർക്ക് നൽകാൻ യൂണിയൻ തയ്യാറായില്ല.
ട്രാക്ടർ വാങ്ങാൻ കേന്ദ്ര സബ്സിഡി; സംഘർഷത്തിന് സിഐടിയു
കാർഷികമേഖലയെ പ്രോത്സിഹിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച സബ് മിഷൻ ഓഫ് അഗ്രികൾച്ചറൽ മെക്കനൈസേഷൻ (സ്മാം ) പദ്ധതി പ്രകാരം വാങ്ങിയ ട്രാക്ടറുകൾ ഉപയോഗിച്ചാണ് സി.ഐ.ടിയു കാർഷിക മേഖലയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം. ഈ പദ്ധതി പ്രകാരം കാർഷികോപകരണങ്ങൾ വാങ്ങാൻ 50 മുതൽ 70 ശതമാനം വരെ സബ്സിഡി ലഭിക്കും. 7 ലക്ഷം രൂപയുടെ ട്രാക്ടർ വാങ്ങണമെങ്കിൽ 50 ശതമാനം സബ്സിഡിയാണ്.കാർഷിക മേഖലയിൽ കുറഞ്ഞ ചെലവിൽ കൃഷിപ്പണികൾ ചെയ്യുന്നതിനാണ് ഉപകരണങ്ങൾക്ക് സബ്സിഡി അനുവദിക്കുന്നത്. എന്നാൽ സബ്സിഡി നിരക്കിൽ വാങ്ങുന്ന ഉപകരണങ്ങൾക്കാണ് അമിത കൂലിയും അവകാശവാദങ്ങളും യൂണിയൻ ആവശ്യപ്പെടുന്നതെന്നാണ് വിചിത്രം.ഇത്തരം അവകാശവാദങ്ങൾ അംഗീകരിച്ച് കൊടുക്കില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: