റാന്നി: മലയോര മേഖലയിലെ ആരബിൾ ഭൂമി പ്രശ്നത്തിൽ വനം മന്ത്രി നൽകിയ ഉറപ്പുകൾ ജലരേഖയായി. ആരബിൾ ലാന്റിൽ അവകാശങ്ങൾ നഷ്ടപ്പെടുകയില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കർഷകരുടെ അവകാശങ്ങൾ കവരുന്ന ഡിഎഫ്ഒയുടെ ഉത്തരവ് ഇറങ്ങി ഒന്നര മാസം കഴിഞ്ഞിട്ടും ഉത്തരവ് പിൻവലിച്ചിട്ടില്ല. ഇതോടെ മലയോര മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ഭയാശങ്കയിൽ.
റാന്നി ഡിവിഷനിൽ ആരബിൾ ലാന്റായി കൃഷി ആവശ്യങ്ങൾക്കും വീട് വയ്ക്കുന്നതിനുമായി പട്ടയം നൽകിയിട്ടുള്ള 1536.82 ഹെക്ടർ ഭൂമി വനഭൂമിയാണ് എന്ന് കാണിച്ച് നിലവിൽ പാട്ടാദാർമാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ നഷ്ടപ്പെടും എന്ന രീതിയിൽ വ്യാപകമായ വ്യാജപ്രചരണമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ വിവാദ ഉത്തരവ് നാളിതുവരെ പിൻവലിച്ചിട്ടില്ല.1970 ലെ ആരബിൾ ഫോറസ്റ്റ് ലാന്റ് അസൈൻമെന്റ് ചട്ട പ്രകാരം പട്ടയം നൽകപ്പെട്ടതാണ് 1536.82 ഹെക്ടർ ഭൂമി. ഈ ഭൂമിയിൽ പട്ടാദാർമാർക്ക് നിലവിലുള്ള ഒരു അവകാശവും നഷ്ടപ്പെടുകയില്ലെങ്കിൽ എന്തുകൊണ്ടാണ് ഡിഎഫ്ഒയുടെ ഉത്തരവ് പിൻവലിക്കാത്തതെന്നാണ് കർഷകർ ചോദിക്കുന്നത്.
ആരബിൾ ഫോറസ്റ്റ് ലാൻഡായി പട്ടയം ലഭിച്ച് വീടുവച്ച് കൃഷിയും മറ്റു ഉപജീവനമാർഗ്ഗങ്ങളുമായി ജീവിച്ചു വരുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രകോപിതരാക്കി അനധികൃത മരംമുറിക്കെതിരെയും ക്വാറി പ്രവർത്തനങ്ങൾക്കെതിരെയും വനംവകുപ്പ് നിയമാനുസൃതം സ്വീകരിക്കുന്ന നടപടികളെ തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നതെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ജില്ലയിലെ ഭരണകക്ഷിയിൽപ്പെട്ട നേതാക്കളും, എംഎൽഎയും മുഖ്യമന്ത്രിക്കും, വനം മന്ത്രിക്കും നിവേദനം നൽകിയിട്ടും കർഷകരുടെ ആശങ്കയ്ക്ക് പരിഹാരം ഉണ്ടായില്ല.
തങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് മന്ത്രി പ്രസ്താവനയുമായി രംഗത്ത് വന്നതെന്നാണ് കർഷകരുടെ ആരോപണം. ആരബിൾ ലാന്റിലെ പട്ടാദാർമാർ നിലവിൽ അനുഭവിച്ചു വരുന്ന എല്ലാ അവകാശങ്ങളും തുടർന്നും ഉണ്ടായിരിക്കും. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പറഞ്ഞുവെങ്കിലും ഒന്നും സംഭവിച്ചില്ല.വനം വകുപ്പ് ഇക്കാര്യത്തിൽ പുതുതായി യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലങ്കിൽ റാന്നി ഡിഎഫ്ഒയുടെ ഉത്തരവ് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും കർഷകർ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: