തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ജോലി സാധ്യത നമ്മുടെ നാട്ടിലെ നഴ്സുമാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയുക്തമാക്കുന്നതിന് വേണ്ടി അഡ്വാന്‍സ്ഡ് സ്കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ഇന്‍ നഴ്സിംഗ് (ASEPN) എന്ന നൈപുണ്യ വികസന കോഴ്സ് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റും (CMD), തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെകും (ODEPEC) ഒത്തുചേര്‍ന്നുള്ള സംയുക്ത സംരഭമാണിത്. ആസിപിന്‍ കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.
നമ്മുടെ ആരോഗ്യ മേഖലയില്‍ നഴ്സുമാര്‍ ചെയ്യുന്ന സേവനം വളരെ വലുതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ നഴ്സുമാരുടെ പരിചരണവും കഴിവും ലോകം അംഗീകരിച്ചതാണ്. അവര്‍ക്ക് വിദേശത്ത് മികച്ച അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നൈപുണ്യ വികസന കോഴ്സ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ കൈകോര്‍ത്തു കൊണ്ട് വിദ്യാഭ്യാസ യോഗ്യത നേടിയ നഴ്സുമാര്‍ക്ക് വിദേശത്തെ സ്ക്രീനിംഗ് പരീക്ഷകള്‍ പാസാകുന്നതിനും, അവിടെ ജോലി കിട്ടുന്നപക്ഷം മെച്ചപ്പെട്ട രീതിയില്‍ ജോലി ചെയ്യുന്നതിനും സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലന കോഴ്സാണ് രൂപപ്പെടുത്തിയിട്ടുള്ളത്. കോഴ്സ് കരിക്കുലം രൂപപ്പെടുത്തുന്നതില്‍ ഈ മേഖലയില്‍ ഏറ്റവും വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരും നഴ്സിംഗ് അധ്യാപകരും സോഫ്റ്റ് സ്കില്‍, ഐ.ടി മേഖലകളില്‍ നിന്നുള്ള വിദഗ്ധരും പങ്കു വഹിച്ചിട്ടുണ്ട്. ആറ് മാസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യ ബാച്ചുകളിലുള്ളവര്‍ക്ക് യു.കെ. ആശുപത്രികളിലാണ് ഒഡെപെക് മുഖേന ജോലി സാധ്യത ഉറപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ആറു മാസം നീണ്ടു നില്ക്കുന്ന കോഴ്സില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും ഐഇഎല്‍ടിഎസ്/ഒഇടി പരീക്ഷകള്‍ പാസാകുന്നതിനുമുള്ള പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അടിസ്ഥാന നഴ്സിംഗ് സ്കില്ലിനു പുറമെ എമര്‍ജന്‍സി ക്രിട്ടിക്കല്‍ കെയര്‍ സ്കില്‍, ഇന്ഫെക്ഷന് കണ്ട്രോള്, പേഷ്യന്റ് സേഫ്റ്റി തുടങ്ങി ആധുനിക വൈദ്യ ശുശ്രൂഷാ മേഖലകളിലെ നൈപുണ്യം, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാന വൈദഗ്ധ്യം, പെരുമാറ്റം, സമീപനം എന്നിവ മെച്ചപ്പെട്ടതാക്കുന്നതിനുള്ള സോഫ്റ്റ് സ്കില്‍ എന്നിവയുടെ പരിശീലനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തിയറി ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിക്കുന്നത്. കോഴ്സിന്റെ അവസാനത്തെ ആറാഴ്ച്ചയിലെ പരിശീലനം എല്ലാവിധ സൗകര്യവുമുള്ള സ്പെഷ്യാലിറ്റി ആശുപത്രിയിലായിരിക്കും. ഒരു ബാച്ചില്‍ 30 പേര്‍ക്ക് വീതം അഡ്മിഷന് ലഭിക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകമെങ്ങും തൊഴില്‍ വൈദഗ്ധ്യമുള്ള ലക്ഷക്കണക്കിന് നഴ്സുമാരെ ആവശ്യമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഒക്കെത്തന്നെ ഇവരുടെ കുറവ് വളരെ ഗുരുതരമായ രീതിയില്‍ അതാത് രാജ്യങ്ങളിലെ ആരോഗ്യ ശുശ്രൂഷാ രംഗങ്ങളെ ബാധിക്കുന്നുണ്ട്. കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തോടെ പരിശീലനം സിദ്ധിച്ച നഴ്സുമാരുടെ കുറവും അതുകൊണ്ടുള്ള പ്രത്യാഘാതങ്ങളും ലോക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2020 ജനുവരി മുതല്‍ കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ സര്‍വീസിലുള്ള നഴ്സുമാരില്‍ പലരും രോഗത്തിനടിമയാവുകയോ ക്വാറന്റൈനിലാവുകയോ പോലെയുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ആശുപത്രികളിലും ആതുര ശുശ്രൂഷാ കേന്ദ്രങ്ങളിലും കൂടുതല്‍ നഴ്സുമാരുടെ ആവശ്യം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇത്തരത്തില്‍ ഏറ്റവും വലിയ ഡിമാന്റ് കേരളത്തില്‍ ഉന്നയിച്ചിട്ടുള്ളത് ബ്രിട്ടന് ആണ്. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു കോഴ്സിന് രൂപം നല്‍കിയിട്ടുള്ളത്.
വനിത വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ കെ.എസ്. സലീഖ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഒഡെപെക് ചെയര്മാന് എന്‍. ശശിധരന് നായര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ടെക്നിക്കല്‍ സെഷനും ക്യു എ സെഷനും സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ ധന സഹായത്തോടെ നടത്തുന്ന ഈ പരിശീലന പരിപാടി പരമാവധി ഫീസ് ഇളവോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് വനിത വികസന കോര്പറേഷന് എം.ഡി. വി.സി. ബിന്ദു പറഞ്ഞു. –
പ്രതികരിക്കാൻ ഇവിടെ എഴുതുക: