ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് ജയത്തുടക്കം. അത്യന്തം ആവേശകരവും ഗോള്‍മഴയും കണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലീഡ്സ് യുണൈറ്റഡിനെ കീഴടക്കി. ലീഡ്സ് ഇത്തവണ രണ്ടാം ഡിവിഷനില്‍ നിന്ന് പ്രമോഷന് നേടി പ്രീമിയര്‍ ലീഗില്‍ എത്തിയതാണ്. മൂന്ന് തവണ പിന്നിലായ ശേഷം തിരിച്ചടിച്ച മാര്‍സലോ ബിയെല്‍സയുടെ ടീം ഒടുവില്‍ 4-3നാണു കീഴടങ്ങിയത്. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഹാട്രിക്കാണ് ചെമ്പടയ്ക്ക് വിജയം സമ്മാനിച്ചത്.
ആദ്യ 35 മിനിറ്റില്‍ തന്നെ 5 ഗോള്‍ വീണ മത്സരം ആവേശകരമായിരുന്നു. 4-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ പെനല്‍റ്റി ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും 12-ാം മിനിറ്റില്‍ ജാക്ക് ഹാരിസന്റെ ഗോളില്‍ ലീഡ്സ് തിരിച്ചടിച്ചു. 20-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്കിന്റെ ഹെഡറില്‍ ലിവര്‍പൂള്‍ വീണ്ടും മുന്നില്‍. വാന്‍ ഡിക്കിന്റെ തന്നെ പിഴവു മുതലെടുത്ത് 30-ാം മിനിറ്റില്‍ പാട്രിക് ബാംഫോഡിന്റെ വക സമനില ഗോള്‍. 33-ാം മിനിറ്റില്‍ സല വീണ്ടും ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ഇതോടെ ആദ്യപകുതിയില്‍ നിലവിലെ ചാമ്പ്യന്മാര് 3-2ന് മുന്നില്‍.
പിന്നീട്, 66-ാം മിനിറ്റില്‍ മാറ്റിയൂസ് ക്ലിക്കിന്റെ ഗോളില്‍ വീണ്ടും ലീഡ്സ് സമനില പിടിച്ചു. 88-ാം മിനിറ്റില്‍ കിട്ടിയ രണ്ടാം പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സലാ ഹാട്രിക്കും ലിവര്‍പൂളിന്റെ വിജയവും പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ വില്‍ഫ്രഡ് സാഹ നേടിയ ഏക ഗോളില്‍ സതാംപ്ടണെ തോല്‍പ്പിച്ച് ക്രിസ്റ്റല്‍ പാലസും വിജയത്തോടെ സീസണിന് തുടക്കമിട്ടു. 13-ാം മിനിറ്റിലായിരുന്നു സാഹയുടെ ഗോള്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുെണെറ്റഡിനെ തകര്‍ത്ത് ന്യൂകാസില്‍ യുണൈറ്റഡും പുതിയ സീസണില്‍ തകര്‍പ്പന്‍ തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: