കണ്ണൂർ:രാജ്യത്തുതന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയാറെടുപ്പാണിത്.
കഴിഞ്ഞയാഴ്ച തലശ്ശേരിക്കടുത്ത് പൊന്ന്യത്തുണ്ടായ ബോംബു നിര്‍മ്മാണ വേളയിലെ സ്ഫോടനമാണ് അവസാനത്തെ സംഭവം. അന്നത്തെ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്ക്പറ്റി രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. ഈ സംഭവത്തില്‍ നാല്പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചതായി പത്രങ്ങളില്‍ വായിച്ചു. ഇവര്‍ നാല്പേരും മുന്‍പ് നിരവധി വധശ്രമ കേസ്സുകളിലും അക്രമങ്ങളിലും പ്രതികളായ സി.പി.എം. പ്രവര്‍ത്തകരാണ്. കൈപ്പത്തി നഷ്ടപ്പെട്ടത് ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയാക്കപ്പെടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത വ്യക്തിയുടേതാണ്.
ഇരിക്കൂറിലെ മലയോര പ്രദേശമായ കുടിയാന്മലയില് സി.പി.എം. നേതാവിന്റെ വീട്ടില്‍ വച്ച് ബോംബ് നിര്‍മിക്കുമ്പോള്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് പാര്‍ട്ടിക്ക് ഇതില്‍ ബന്ധമില്ലെന്ന് സി.പി.എം. പറഞ്ഞു. എന്നാല്‍ പിന്നീട് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ശ്രീകണ്ഠാപുരത്ത് എത്തി മരണപ്പെട്ടവര്‍ക്ക് കുടുംബ സഹായ ഫണ്ടും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായ ഫണ്ടും നല്കിയപ്പോള് പറഞ്ഞത് ഇവര്‍ പാര്‍ട്ടിക്കു വേണ്ടിയാണ് രക്തസാക്ഷികളായത് എന്നാണ്.
തലശ്ശേരി ധര്‍മ്മടത്ത് ബോംബ് നിര്‍മ്മിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അതീവ ഗുരുതരമായ പരിക്കേറ്റു. മട്ടന്നൂര്‍ കോളാരിയിലെ സി.പി.എം. ഓഫീസിന് സമീപത്ത് ബോംബ് നിര്‍മ്മാണം നടത്തവെ സ്ഫോടനത്തില്‍ ഒരു സി.പി.എമ്മുകാരന് മരണമടഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ ചെറ്റക്കണ്ടില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.പി.എമ്മുകാര്‍ മരിച്ചത് കശുമാവ് തോട്ടത്തില്‍ പ്രത്യേകം ഉണ്ടാക്കിയ ഷെഡ്ഡില്‍ ബോംബ് നിര്‍മ്മിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു.
പാനൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ പവിത്രന് മാസ്റ്റര്‍ എന്ന സി.പി.എം. നേതാവ് സ്റ്റാഫ് മുറിയില്‍ മേശപ്പുറത്ത് വച്ചിരുന്ന അദ്ദേഹത്തിന്റെ ബാഗ് അബദ്ധത്തില്‍ താഴെ വീണപ്പോള്‍ അതിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത് വലിയ വാര്‍ത്തയായി.
പി ജയരാജന്റെ മകന് ബോംബ് നിര്‍മാണത്തിനിടയില്‍ കൈക്ക് പരുക്ക് പറ്റിയപ്പോള്‍ സി.പി.എം. നേതാക്കള്‍ പറഞ്ഞത് വിഷുവിന് പടക്കം പൊട്ടിച്ചതാണ് എന്നാണ്. എന്നാല്‍ കലുങ്കിനടിയില്‍ കയറിയാണോ പടക്കം പൊട്ടിക്കുന്നത് എന്ന ചോദ്യമുയര്‍ന്നു. തുടര്‍ന്ന് ബോംബ് നിര്‍മ്മിക്കുമ്പോള്‍ പൊട്ടിത്തെറിയില്‍ പരുക്ക്പറ്റി എന്ന് കേസ് എടുക്കുവാന്‍ പോലീസ് നിര്‍ബന്ധിതമായി.
ഒളിപ്പിച്ച് വച്ച ബോംബുകള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിട്ടുണ്ട്.
കണ്ണൂരില്‍ നടക്കുന്ന ബോംബു നിര്‍മ്മാണങ്ങളില്‍ പാര്‍ട്ടിക്കുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്. ബോംബ് നിര്‍മ്മാണവും ആയുധ ശേഖരണവും നടത്തുന്നവരെയും ഇതിന് പ്രേരണ നല്കുന്നവരേയും കണ്ടെത്തുന്നതിനോ, നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ പോലീസ് തയ്യാറാകുന്നില്ല. അന്വേഷണം സി.പി.എമ്മിലേക്കു നീങ്ങുമ്പോള്‍ പിന്മാറാന് പോലീസ് നിര്‍ബന്ധിതമാകുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: