ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആര്‍എസ്എസ് പ്രചാരകനായി മാറി, പിന്നീട് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി വിജയഭാരതം മാസികയുടെ എഡിറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇന്നലെ വിടപറഞ്ഞ മാ. വീരബാഹു. 1968ല്‍ പ്രചാരകനായ ഇദ്ദേഹം തിരുനെല്‍വേലി സ്വദേശിയാണ്. തമിഴ്നാടിന്റെ പല ഭാഗങ്ങളിലും പ്രചാരകനായിപ്രവര്‍ത്തിച്ചു. പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെല്ലാം സമൂലമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കന്യാകുമാരി ജില്ലയില്‍ വിളവംകോട് താലൂക്ക് പ്രചാരകായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിനോട് ചേര്‍ന്ന പ്രദേശമാണത്. കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്നു അന്ന് അവിടം. ആ ഭാഗത്തെ ആറ് നിയോജകമണ്ഡലങ്ങളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളും കമ്യൂണിസ്റ്റ്കാരുടെ കേന്ദ്രമായിരുന്നു. വീരബാഹു വലിയ ഭീഷണിയാണ് അവിടെ നേരിട്ടത്. പ്രവര്‍ത്തനം നിര്‍ത്തി തിരിച്ചു പോകണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. എന്നാല്‍ പിറ്റേന്ന് നേരിട്ട് പാര്‍ട്ടി ഓഫീസില്‍ കയറിച്ചെന്ന് ആര്‍ക്കാണ് തന്നെയിവിടെ നിന്ന് പറഞ്ഞയക്കാന്‍ ധൈര്യമുള്ളത് എന്ന് നേരിട്ട് നേതാക്കളുടെ മുഖത്ത് നോക്കി ചോദിക്കുകയായിരുന്നു അദ്ദേഹം. അവിടെ ആദ്യമായിട്ടായിരുന്നു കമ്മ്യൂണിസ്റ്റ് ഭീഷണിയെ ഒരാള്‍ അത്തരത്തില്‍ നേരിട്ടത്. തനിച്ചെത്തിയ ആര്‍എസ്എസ് പ്രചാരകന്റെ വെല്ലുവിളി ഏറ്റെടുക്കാനാവാതെ നേതാക്കള്‍ പാര്‍ട്ടി ഓഫീസ് വിട്ട് ഓടുകയായിരുന്നു. ഇന്നവിടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പേരിനുപോലുമില്ലാത്ത പ്രദേശമായി മാറി. 1970 കളില്‍ വിരബാഹു തുടങ്ങിവെച്ച പ്രവര്‍ത്തനം മൂലമാണ് ഈ മാറ്റമുണ്ടായത്.
അടിയന്തിരാവസ്ഥക്കാലത്ത് 19 മാസം ജയില്‍ വാസം അനുഷ്ഠിച്ച അദ്ദേഹം ജയില്‍ വിമോചനത്തിനുശേഷം വെല്ലൂര്‍ ജില്ലാ, വിഭാഗ് പ്രചാരക് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാരതത്തിന്റെ ചരിത്രത്തില്‍ സവിശേഷതയാര്‍ന്ന സംഭവമാണ് ഓര്‍മവരുന്നത്. വെല്ലൂര്‍ ജലകണ്ഡേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന കോട്ടയെ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിഷ്ഠ നാല് കിലോമീറ്റര്‍ അകലെയുള്ള സത്വാചരി എന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. പിന്നീട് വൈദേശീക ഭരണകാലത്തൊന്നും ക്ഷേത്രം തുറന്നു ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. 1806 ല്‍ അവിടെ വെല്ലൂര്‍ കലാപം നടന്നു. സ്വാതന്ത്ര്യത്തിന് ശേഷം സ്ഥലവും പരിസരവും ആര്‍ക്കിയോളജിവകുപ്പിന്റെ കൈയിലായിരുന്നു. 1980 ല്‍ ഹിന്ദുമുന്നണി ആരംഭിച്ച ശേഷം ക്ഷേത്രം തുറന്ന് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന ആവശ്യമുയര്‍ന്നു. 300 വര്‍ഷം പൂട്ടിക്കിടന്ന ക്ഷേത്രം 1981 മാര്‍ച്ച് 16 ന് തുറക്കാനിടയായത് വീരബാഹുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളായിരുന്നു.
നല്ല പ്രാസംഗികനായിരുന്നു തമിഴില്‍ ഏറെ പാണ്ഡിത്യമുള്ള അദ്ദേഹം. ഭാരതീയ വിചാരം പ്രചരിപ്പിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗവും. സംഘത്തിന്റെ തമിഴ്നാട് പ്രാന്തശാരീരിക് ശിക്ഷണ്‍ പ്രമുഖായി അദ്ദേഹം ഒരു ദശകക്കാലം പ്രവര്‍ത്തിച്ചു. വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുമുന്നണി എന്നീ സംഘടനകളുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഏത് പ്രതിസന്ധികളെയും അതിജീവിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അസാമാന്യമായ സംഘടനാ കുശലതയായിരുന്നു ആ മുതിര്‍ന്ന പ്രചാരകന് പ്രകടിപ്പിച്ചത്. നിറഞ്ഞ ചിരിയോടെ സ്വയം സേവകര്‍ക്ക് എന്നും പ്രേരണ നല്‍കുന്നതായിരുന്നു ആ ജീവിതം. വിദ്വേഷമോ, നീരസമോ ഇല്ലാതെ അദ്ദേഹം എല്ലാവരുമായും ഇടപെട്ടു. പ്രവര്‍ത്തനത്തില്‍ ഏറെ പിന്നാക്കം നിന്നിരുന്ന വെല്ലൂര്‍ മേഖലയില്‍ വലിയ മാറ്റമാണ് അദ്ദേഹമുണ്ടാക്കിയത്. ഈ മേഖലയില്‍ 1980 കളില്‍ നിരവധി വിദ്യാലയങ്ങള്‍ ആരംഭിച്ചു. എളിയ നിലയില്‍ തുടങ്ങിയ സരസ്വതി വിദ്യാലയങ്ങള്‍ ഇന്ന് വളര്‍ന്ന് വലുതായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുള്ള സ്ഥാപനങ്ങളായി മാറി. ഏഴോളം വിദ്യാലയങ്ങളുള്ള ഒരു ശൃംഖലയായി അത് ആ മേഖലയില്‍ മാറികഴിഞ്ഞു. ഇളയമകനായതിനാല്‍ അച്ഛനെയും അമ്മയേയും പരിചരിക്കാനുള്ള ഉത്തരവാദിത്വവും വീരബാഹു അവസാനകാലം നിറവേറ്റി. തമിഴ്നാട്ടിലെ സംഘപ്രവര്‍ത്തനത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ കാര്യകര്‍ത്താവായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് സുഖമായിരിക്കുന്നുവെന്ന സന്ദേശം അയച്ച അദ്ദേഹം ഇത്ര പെട്ടെന്ന് വിടപറഞ്ഞത് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവിന് സദ്ഗതി ലഭിക്കട്ടെയെന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ആ ജീവിതം സ്വയം സേവകര്‍ക്ക് എന്നും മാതൃകയാണ്. സ്വയം സേവകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
ജി. സ്ഥാണുമാലയന്‍
ആര്‍എസ്എസ് ദക്ഷിണ, ദക്ഷിണ
മദ്ധ്യക്ഷേത്ര ഗ്രാമവികാസ് പ്രമുഖ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: