സ്റ്റോക്ഹോം: രാജ്യാന്തര മത്സരങ്ങളില്‍ നൂറാം ഗോള്‍ നേടി സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രം കുറിച്ചു. ഒരു രാജ്യത്തിനായി ഗോളുകളുടെ സെഞ്ചുറിയടിക്കുന്ന ലോകത്തെ രണ്ടാമത്തെ കളിക്കാരാണ് ഈ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍. നേഷന്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ ഈ നേട്ടം സ്വന്തമാക്കിയത്.
യൂറോപ്പില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന് രാജ്യത്തിന് വേണ്ടി നൂറ് ഗോളുകള്‍ നേടുന്നത്. ഇറാന്റെ ഇതിഹാസം അലി ഡെയാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്തിനുവേണ്ടി നൂറ് ഗോള്‍ നേടിയ താരം
ആദ്യ പകുതിയില്‍ റൊണോയുടെ ഫ്രീകിക്ക് സ്വീഡന്റെ ഗോള്‍ വലയിലേക്ക് പറന്നുകയറിപ്പോള് പോര്‍ച്ചുഗലിനായുള്ള ഈ സ്ട്രൈക്കറുടെ ഗോള്‍ നേട്ടം നൂറായി. മറ്റൊരു ഗോള്‍ കൂടി നേടി റൊണോ പോര്‍ച്ചുഗലിന് മടക്കമില്ലാത്ത രണ്ട് ഗോളിന്റെ വിജയവും സമ്മാനിച്ചു.
പോര്‍ച്ചുഗലിനായി 165-ാം മത്സരം കളിച്ച റൊണോയ്ക്ക് 101 ഗോളുകളായി. ഒമ്പത് ഗോളുകള്‍ കൂടി നേടിയാല്‍ മുന്‍ ഇറാന് സ്ട്രൈക്കര്‍ അലി ഡേയ് കുറിച്ചിട്ട 109 ഗോളെന്ന റെക്കോഡ് മറികടക്കാം.
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം അഞ്ചു തവണ സ്വന്തമാക്കിയ റൊണോ നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും ഗോള്‍ കുറിച്ച താരമാണ്. ഇത് വരെ 131 ഗോളുകള്‍ നേടി. തൊട്ടടുത്ത എതിരാളിയായ ലയണല്‍ മെസിയെക്കാള്‍ പതിനാറ് ഗോളുകള്‍ കൂടുതലാണിത്.
2003 ലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി അരങ്ങേറ്റം കു റിച്ചത്. ആ വര്‍ഷം രണ്ട് മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോളടിക്കാനായില്ല. 2004 മുതല്‍ ഗോളടി തുടങ്ങി. ഏഴു മത്സരങ്ങളില്‍ ഏഴു ഗോളുകള്‍ .പിന്നീട് എല്ലാ വര്‍ഷവും പോര്‍ച്ചുഗലിനായി ഗോളടിച്ചു. 2019 ലാണ് പോര്‍ച്ചുഗലിനായി കൂടുതല്‍ ഗോളുകള്‍ നേടിയത്.
പത്ത് മത്സരങ്ങളില്‍ പതിനാല് ഗോളുകള്‍ സ്കോര്‍ ചെയ്തു.
നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. പരിക്കിനെ തുടര്‍ന്ന് റൊണോ വിട്ടുനിന്ന ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: