തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റെന്ന പേരില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് വിഷം. സപ്ലൈകോ വഴി വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം നല്കിയ പപ്പടത്തിനാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തല്‍. കിറ്റുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്ത് നല്ലൊരു വിഭാഗം ആളുകള്‍ ഉപയോഗിച്ചും കഴിഞ്ഞപ്പോഴാണ് പപ്പടത്തിന് ഗുണനിലവാരമില്ലെന്നും ഇത് തിരിച്ചുവിളിക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പപ്പടത്തില്‍ ഈര്‍പ്പത്തിന്റേയും, സോഡിയം കാര്ബണേറ്റിന്റേയും അളവും ക്ഷാരാംശവും അനുവദനീയമായതിലും കൂടുതലാണെന്ന് കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റില്‍ (സിഎഫ്ആര്‍ഡി) നടത്തിയ പരിശോധയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ അടിയന്തിരമായി ഇത് തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്കി. കൂടാതെ കമ്പനിക്ക് ഒരു മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉല്പന്നങ്ങളുടെ ഗുണനിലവാരം മോശമായാലും ഒരു വര്‍ഷത്തേക്ക് കമ്പനിയെ ബ്ലാക്ലിസ്റ്റ് ചെയ്യാമെന്ന ചട്ടം നിലനില്‍ക്കെ കമ്പനിയെ സംരക്ഷിക്കുന്ന വിധത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഹഫ്സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് സപ്ലൈകോ ഓണക്കിറ്റിലേക്കുള്ള പപ്പടം വിതരണം ചെയ്തത്. തമിഴ്നാട്ടില്‍ നിന്നുള്ള ശ്രീ ശാസ്താ അപ്പളമാണ് കേരള പപ്പടമെന്ന പേരില്‍ മാറ്റി നല്‍കിയത്. നേരത്തെ കിറ്റിനൊപ്പം വിതരണം ചെയ്ത ശര്‍ക്കരയ്ക്കും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പപ്പടത്തിനെതിരേയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ല. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണെന്നാണ് കണ്ടെത്തിയത്.
2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പിഎച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. 91 ലക്ഷം പാക്കറ്റുകളാണ് വിതരണത്തിനായി സംസ്ഥാനം വാങ്ങിയിട്ടുള്ളത്.
അതേസമയം പൊടിഞ്ഞുപോകാത്ത ഉഴുന്നുപയോഗിച്ച് വൃത്തിയുള്ള സാഹചര്യത്തില്‍ നിര്‍മിച്ച കേരള പപ്പടമാണ് വേണ്ടതെന്ന് സപ്ലൈകോ ടെന്‍ഡറില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നിബന്ധന പേപ്പറില്‍ മാത്രമായി ഒതുങ്ങിയെന്ന് വ്യക്തം. കേരള പപ്പടത്തിന് 15 ദിവസം മാത്രം കേടുകൂടാതെ ഉപയോഗിക്കാനുള്ള കാലാവധിയുള്ളപ്പോള്‍ ഓണം കിറ്റിലെ പപ്പടത്തിനു മൂന്നു മുതല്‍ 6 മാസം വരെയാണു സമയപരിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: