വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പു നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിനോട് ബൈഡൻ പരാജയപ്പെടുമെന്ന് സർവ്വേ. ഓഗസ്റ്റ് 28 മുതൽ 31 വരെയായിരുന്നു സർവ്വേ സംഘടിപ്പിച്ചത്.
സഫലോക്ക് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സർവ്വെ ഫലങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലുള്ള പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് 47 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജൊ ബൈഡന് 41% വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഇരുപാർട്ടികളുടേയും ദേശീയ കൺവൻഷൻ സമാപിച്ചപ്പോൾ ബൈഡന്റെ സമാപന പ്രസംഗത്തിനേക്കാൾ കൂടുതൽ ജനങ്ങളുടെ അംഗീകാരം ലഭിച്ചതു പ്രസിഡന്റ് ട്രംപിന്റെ സമാപന പ്രസംഗത്തിനായിരുന്നു.സ്വതന്ത്രരായി ചിന്തിക്കുന്നവരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പ്രസിഡന്റഷ്യൽ ഡിബേറ്റിൽ ട്രംപിനു 47 ശതമാനവും ബൈഡന് 37 ശതമാനവും ലഭിക്കും. പത്തുശതമാനത്തിന്റെ വ്യത്യാസം.
ബൈഡനെ പിന്തുണക്കുന്ന ജോർജിയായിൽ നിന്നുള്ള കർട്ടിസ് സഫി പോലും ഡിബേറ്റിൽ ബൈഡന് വിജയിക്കാനാവില്ലാ എന്നാണ് കണക്കാക്കുന്നത്. ഡമോക്രാറ്റിക് പാർട്ടി പ്രവചിക്കുന്നത് ബൈഡന് ഡിബേറ്റിൽ വിജയസാധ്യത 79 ശതമാനമാണെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി 87 ശതമാനമാണ് ട്രംപ് വിജയിക്കുമെന്ന് പ്രവചിക്കുന്നു.
ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റ് സെപ്റ്റംബർ 29 നാണ്. മൂന്ന് ഡിബേറ്റുകളാണ് തിരഞ്ഞെടുപ്പിനുമുമ്പിൽ ഉണ്ടാകുക. 2016 ട്രംപ് ഹില്ലരി ഡിബേറ്റ് അമേരിക്കയിലുടനീളം 84 മില്യൺ ആളുകളാണ് വീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: