സ്റ്റോക്ഹോം: സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയുടെ ഗോളില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് വിജയം. യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് സ്വീഡനെ തോല്‍പ്പിച്ചു.
ഇരുപത്തിയൊന്നുകാരനായ എംബാപ്പ 41-ാം മിനിറ്റിലാണ് വിജയഗോള്‍ നേടിയത്. ഫ്രാന്‍സിനായി എംബാപ്പെയുടെ 14-ാം ഗോളാണിത്. കടുത്ത മത്സരമായിരുന്നു. വിജയത്തിനായി അദ്ധ്വാനിച്ച് കളിച്ചെന്ന് എംബാപ്പെ പറഞ്ഞു. 77-ാം മിനിറ്റില്‍ പരിക്കേറ്റ് എംബാപ്പെയ്ക്ക് പുറത്തുപോകേണ്ടിവന്നു.
സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂടാതെ കളിക്കാനിറങ്ങിയ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. 2018 ലെ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പരിക്കിനെ തുടര്‍ന്നാണ് റൊണാള്‍ഡോ വിട്ടുനിന്നത്. ജാവോ കാന്‍സലോ, ഡിയാഗോ ജോട്ട, ജാവോ ഫെലിക്സ്, ആന്ദ്രെ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിനായി ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം റാങ്കുകാരായ ബെല്‍ജിയം മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡെന്മാര്ക്കിനെ തോല്‍പ്പിച്ചു. ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ഐസ്ലന്ഡിനെ പരാജയപ്പെടുത്തി. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി റഹീം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: