ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയിരുന്ന അദ്ധ്യാപക പ്രതിഭ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനം കൂടിയാണ് ഇന്ന്. 1888 സെപ്തംബര്‍ അഞ്ചിനാണ്, തത്വജ്ഞാനികളുടെ രാജാവ് എന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ വിശേഷിപ്പിച്ച സര് സര്‍വ്വേപ്പള്ളി രാധാകൃഷ്ണന് എന്ന ഡോ. എസ്. രാധാകൃഷ്ണന്, തമിഴ്നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തില്‍, സര്‍വ്വേപ്പള്ളി വീരസ്വാമിയുടെയും സീതമ്മയുടേയും മകനായി ജനിച്ചത്. ഒരു സാധാരണ ഗ്രാമമായിരുന്ന തിരുത്തണിയിലെ പ്രൈമറി ബോര്‍ഡില്‍ നിന്ന് തുടങ്ങിയ വിദ്യാഭ്യാസം ഹെര്‍മാന്‍സ് ബര്‍ഗ് ഇവാഞ്ചലിക്കല്‍ ലൂഥര്‍ മിഷന് സ്ക്കൂള്, വെല്ലൂര്‍ വൂര്‍സ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്ന് പൂര്‍ത്തിയാക്കി 1909ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ തത്വശാസ്ത്ര അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
ഭാരത തത്വചിന്തയില്‍ ആഴത്തിലുള്ള അവഗാഹം സിദ്ധിച്ചിരുന്ന അദ്ദേഹം, 1918ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രഫസറായി.1921-ല്‍ കല്‍ക്കട്ടാ സര്‍വ്വകലാശാലയില്‍ എത്തി. അക്കാലത്താണ്, 1926ല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ഫിലോസഫിയില്‍ അദ്ദേഹം പങ്കെടുക്കുന്നത്.പിന്നീട് ആന്ധ്ര – ബനാറസ് സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.1929ല്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മാഞ്ചസ്റ്റര്‍ കോളേജില്‍ നിയമിതനായ അദ്ദേഹത്തെ 1931-ല്‍ നൈറ്റ് ബഹുമതി നല്കി ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരിക്കുകയുണ്ടായി. അന്ന് മുതല്‍ അദ്ദേഹം സര് ഡോ. എസ്. രാധാകൃഷ്ണന് ആയി.
മാഞ്ചസ്റ്ററ്റിലെ ജീവിതകാലത്ത്, താരതമ്യമതപഠനത്തെക്കുറിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തിയ അദ്ദേഹം, പാശ്ചാത്യ തത്വചിന്തയിലെ ദൈവശാസ്ത്രത്തിന്റെ സ്വാധീനത്തെ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.
1952ല്‍ ആദ്യ ഉപരാഷ്ട്രപതിയും 1962 മെയ് 13ന് ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രതിയും ആയ അദ്ദേഹം, ഐക്യരാഷ്ട്രസഭയിലും സോവിയറ്റ് റഷ്യയിലും ഭാരതത്തിന്റെ അംബാസഡറും ആയി പ്രവര്‍ത്തിച്ച നയതന്ത്രജ്ഞന് കൂടി ആയിരുന്നു. അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അത് ‘തത്വശാസ്ത്രത്തിന് കിട്ടിയ അംഗീകാരം’ എന്നാണ് പ്രശസ്ത തത്വചിന്തകന്‍ ബര്‍ട്രാന്‍ഡ് റസ്സല്‍ വിശേഷിപ്പിച്ചത്.
ഭാരതത്തിന്റെ രണ്ടര ലക്ഷം ഗ്രാമങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണത്തെ അദ്ധ്യാപക ദിനം കടന്നു വന്നിരിക്കുന്നത്. സമൂഹത്തില്‍ അദ്ധ്യാപകന്റെ സ്ഥാനവും കര്‍ത്തവ്യവും എന്ത് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഡോ.എസ്. രാധാകൃഷ്ണന്റെ ജീവിതം.ഒപ്പം, സമൂഹത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് അദ്ധ്യാപകന് എന്ന് ലോകത്തെപ്പോലും തിരിച്ചറിയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനലബ്ധി. മികച്ച അദ്ധ്യാപകനെ രാഷ്ട്രപതിയാക്കിയതിലൂടെ ഭാരതം, ഗുരുസങ്കല്പത്തെ എത്ര ശ്രേഷ്ഠതരമായിട്ടാണ് കാണുന്നത് എന്ന് ഭാരതത്തോടു തന്നെയും ലോകത്തോടും പറയുകയായിരുന്നു.
ഡോ.എസ്. രാധാകൃഷ്ണനെ ഭാരതത്തിന്റെ പ്രഥമ പൗരനായി തെരഞ്ഞെടുത്തതിലൂടെ അന്നത്തെ ദേശീയ നേതൃത്വം ചെയ്തത്.അത് അക്കാലത്തെയും, ഒപ്പം വരാനിരുന്ന കാലത്തെയും അദ്ധ്യാപക സമൂഹത്തിന് നല്കിയ സൂചന കൂടി ആയിരുന്നു.
ചേറില്‍ നിന്ന് ശില്പത്തെ മെനയുന്ന ശില്പിയെപ്പോലെയാണ് അദ്ധ്യാപകന്. ശില്പം എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് ശില്‍പ്പിയാണ്. എന്നതുപോലെ, തന്റെ കയ്യില്‍ കിട്ടുന്ന കുട്ടിയെ, അവന്റെ കഴിവുകള്‍ കണ്ടെത്തി, താനും അവനും ഉള്‍പ്പെടുന്ന സമൂഹത്തില്‍, താന്‍ ജീവിക്കുന്ന രാഷ്ട്രത്തില്‍ പുരോഗമനപരമായ ഉല്പാദനക്ഷമതയോടു കൂടി ഇടപെടാന്‍ കഴിയുന്ന പൗരനായി മാറ്റിത്തീര്‍ക്കുന്നത് അദ്ധ്യാപകനാണ്.
ഭാരതത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ യൂറോ സെന്‍ട്രിക് ആക്കിയ മെക്കാളെ കാലത്തിന് മുമ്പ് വരെയും, ഒരു പരിധി വരെ ദേശീയ സ്വാതന്ത്ര്യ സമര കാലം വരെയും സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തിന്റെ ചാലകശക്തികളായി, നേതൃത്യപരമായ പങ്കുവഹിച്ചിരുന്നവര്‍ അദ്ധ്യാപകര്‍ ആയിരുന്നു. സമൂഹസൃഷ്ടിയില്‍ ഉത്തരവാദിത്തപരമായ പങ്കുവഹിച്ചിരുന്ന അദ്ധ്യാപന മേഖലയെ, കേവലം തൊഴില്‍ മേഖലയായി സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ മാറ്റിയെഴുതിയപ്പോള്‍ നമുക്ക് ഡോ. രാധാകൃഷ്ണനേപ്പോലെയുള്ള മികച്ച അദ്ധ്യാപകര്‍ ലഭ്യമല്ലാതായി. പതിയെ പതിയെ അദ്ധ്യാപനം എന്നത് ഒരു തൊഴിലും അദ്ധ്യാപകന് ഒരു തൊഴിലാളിയും ആയി മാറി.
ആ ഒരു അപചയത്തില്‍ നിന്ന് സമ്പൂര്‍ണ്ണമായ ഒരു മാറ്റത്തിലേക്ക് അദ്ധ്യാപകനെ നയിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020. ഭാരതത്തില്‍ ആദ്യമായി നിയമിക്കപ്പെട്ട വിദ്യാഭ്യാസ കമ്മീഷന്റെ (സര്‍വ്വകലാശാല വിദ്യാഭ്യാസ കമ്മീഷന് 1948-49) അദ്ധ്യക്ഷനായിരുന്നതും ഡോ.എസ് രാധാകൃഷ്ണനായിരുന്നു എന്നതും ഈയവസരത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ടതാണ്.
ദേശീയ വിദ്യാഭ്യാസ നയം 2020, അദ്ധ്യാപകന്, തന്റെ കര്‍മ്മ മേഖലയുടെ പവിത്രതയെ തിരിച്ചുപിടിക്കാനുള്ള എല്ലാ അവസരവും നല്‍കുന്നുണ്ട്. രാഷ്ടനിര്‍മ്മാതാക്കളാണ് തങ്ങളെന്ന ഉത്തരവാദിത്തബോധത്തോടെ അറിവിന്റെ വിതരണ-വിനിമയ മേഖലയില്‍ ഇടപെടാന്‍ ഈ നയം പ്രേരണയും പ്രോത്സാഹനവും നല്കുന്നു.
രാഷ്ട്രത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ, ദേശസ്നേഹികളും ദേശാഭിമാനികളും ആയ യുവതയെ വാര്‍ത്തെടുക്കേണ്ടത് അദ്ധ്യാപകരാണ്. ഡോ. എസ്.രാധാകൃഷ്ണനെപ്പോലെയുള്ള ദാര്‍ശനികപ്രതിഭകളായ അദ്ധ്യാപകര്‍ ഇനിയും ഉണ്ടാകണം. അവര്‍ നമ്മുടെ നാടിന്റെ നേതാക്കളാകണം. നാളെയുടെ രചന നടത്താന്‍, ഭാരതത്തിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കാന്‍ സന്നദ്ധരായ ജനതയുണ്ടാകണം.
പ്രതിഭാധനനായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനത്തില്, ദേശീയ അദ്ധ്യാപക ദിനത്തില്‍, നമ്മുടെ നാടിനെ ഒരു ചലനാത്മക വിജ്ഞാന സമൂഹമാക്കി മാറ്റാന്‍ നമുക്കൊരുമിച്ച് മുന്നേറാന്‍ സാധിക്കട്ടേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: