മാലൂര്‍: കൊട്ടിയൂര്‍ താഴെ മന്ദം ചേരി കോളനിയിലെ ശോഭ (34) എന്ന വനവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പ്രതി കോളയാടിന് സമീപം പെരുവ ചെമ്പുക്കാവ് സ്വദേശി വിപിനെ (22) കേളകം പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 28നാണ് മാലൂര്‍ പഞ്ചായത്തിലെ തോലമ്പ്ര പുരളിമല കുറിച്യ കോളനിക്ക് സമീപത്തെ കശുമാവിന് തോട്ടത്തില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊട്ടിയൂര്‍ മന്ദം ചേരി കോളനിയിലെ ശോഭയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 24 നാണ് ശോഭയെ കാണാതാകുന്നത്. ശോഭയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കേളകം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആഗസ്റ്റ് 28ന് തോലമ്പ്ര പുരളിമല കോളനിക്കടുത്ത് ആളൊഴിഞ്ഞ കശുമാവിന് തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത് . ഇത് ആത്മഹത്യയല്ലെന്ന് ബന്ധുക്കളും, നാട്ടുകാരും അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
വീട്ടില്‍ നിന്ന് ഏറെ ദൂരെയുള്ള കശുമാവിന് തോട്ടത്തില്‍ വെച്ച് ശോഭയുടെ മൃതദേഹം കണ്ടെത്തിയത് ആത്മഹത്യയാകില്ല എന്ന് പോലീസിനും സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ശോഭയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് വിപിനുമായുമായുള്ള ബന്ധം കണ്ടെത്തുന്നത്. പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിക്കുകയും, ശോഭ അണിഞ്ഞിരുന്ന സ്വര്‍ണമാല ആത്മഹത്യചെയ്ത കശുമാവിന് ചുവട്ടില്‍ തന്നെ കുഴിച്ചിടുകയും, മറ്റ് ആഭരണങ്ങള്‍ സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായും പ്രതി സമ്മതിച്ചു.
വിവാഹം വാഗ്ദാനം നല്കി ശോഭയുമായി അടുപ്പം കാണിച്ച പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും കേളകത്തുള്ള മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കൊലപാതകത്തിനു ശേഷം ആ പെണ്‍കുട്ടിയെ അറസ്റ്റിലാകുന്നതിന്റെ രണ്ടുദിവസം മുമ്പ് വിവാഹം ചെയ്യുകയും ചെയ്തു. കുറച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു ശോഭയെ വിളിച്ചു വരുത്തുകയായിരുന്നു. അങ്ങനെയാണ് ഇവര്‍ പുരളി മലയില്‍ എത്തിയത്. പിന്നീട് ആളൊഴിഞ്ഞ കശുമാവിന് തോട്ടത്തില്‍ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു.
ശോഭയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്
കേളകം പോലീസ് ഹൗസ് സ്റ്റേഷന് ഓഫീസര്‍ പി.വി. രാജന്, മാലൂര്‍ സബ്ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലെന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സംഭവസ്ഥലത്ത് എത്തിയത് . സംഭവമറിഞ്ഞ് നിരവധി പേരാണ് പ്രതിയെ കാണാന്‍ എത്തിയത്. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: