കൊച്ചി: കൊച്ചി മെട്രോയില്‍ വന്‍ സുരക്ഷാ വീഴ്ച. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ സ്വകാര്യ വ്യക്തിയുടെ ബ്ലോഗിലൂടെ പുറത്തായി. ഇതോടെ മെട്രോ അധികൃതര്‍ വെട്ടിലായി. മെട്രോ റെയിലിന്റെ നിര്‍മാണ, നിയന്ത്രണ, സാങ്കേതിക സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്ത മെട്രോ ട്രെയിന്‍ ഓപ്പറേറ്റിങ് കാബിന് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ബ്ലോഗിലൂടെ പുറത്തുവന്നിട്ടുണ്ട്.
സുരക്ഷാ ഭീഷണി നേരിടുന്ന നഗരങ്ങളിലൊന്ന് എന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കൊച്ചിയിലെ, അതീവ സുരക്ഷാ മേഖലയായ മെട്രോ റെയിലിന്റെ മുഴുവന്‍ വിവരങ്ങളും പരസ്യമായത് അതീവ ഗൗരവകരമാണ്. അതിസൂക്ഷ്മ വിവരങ്ങള്‍ മുട്ടം യാര്‍ഡില്‍ നിന്നാണ് പൊതുജനങ്ങളിലെത്തിച്ചത്.
സുജിത് ബക്തന് എന്നയാളുടെ ബ്ലോഗിലാണ് വിവരങ്ങള്‍. യോഗേഷ് അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടന്റ്, ദല്‍ഹിയില്‍ നിന്നുള്ള ഒരുദ്യോഗസ്ഥന് എന്നിവര്‍ ഒപ്പമുണ്ട്. ആരും കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ എന്നു വിശേഷിപ്പിച്ചാണ് ബ്ലോഗര്‍ ഇത് വിവരിക്കുന്നത്.
ട്രെയിന്‍ കാബിന്റെ അടി ഭാഗം, വോള്‍ട്ടേജ് ബോക്സ്, ബാറ്ററി ബോക്സ്, സിസിഡി, കറന്റ് കളക്ടര്‍, എങ്ങനെ ട്രെയിന്‍ കറന്റ് ചാര്‍ജ് ചെയ്യുന്നതടക്കം അതിസൂക്ഷ്മ കാര്യങ്ങള്‍ വിവരണത്തിലുണ്ട്. അറ്റകുറ്റപ്പണി, വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതെങ്ങനെ, നിര്‍ത്തുന്നത്, ബ്രേക്കിങ് തുടങ്ങിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ട്രെയിനിനുള്ളിലെയും പുറത്തെയും മാത്രമല്ല, യാര്‍ഡിന്റെ മുക്കും മൂലയും വരെ വീഡിയോയിലൂടെ ആര്‍ക്കും കാണാം. ട്രെയില്‍ കാബിന് അടിയിലെ 750 വോള്‍ട്ട് ഡിസി ബാറ്ററി, വൈദ്യുതി പ്രവഹിക്കുന്ന തേഡ് റെയിലിന്റെ പ്രവര്‍ത്തനം, ട്രെയിന്ഓപ്പറേറ്ററിന്റെ കാബിനിലെ സൂക്ഷ്മ യന്ത്രങ്ങള്‍, അവയുടെ പ്രവര്‍ത്തനം തുടങ്ങിയവയും ബ്ലോഗര്‍ ദൃശ്യങ്ങള്‍ കാട്ടി വിവരിക്കുന്നു. കാബിനില്‍ നിശ്ചിത ഭാരത്തില്‍ കൂടുതല്‍ ആയാല്‍ ഓപ്പറേറ്റര്‍ക്ക് അറിയാനാവുമെന്നും വാഹനം നിര്‍ത്താന്‍ കഴിയുമെന്നും വിശദീകരണമുണ്ട്. നിതിന്‍ എന്ന ട്രെയിന്‍ ഓപ്പറേറ്റര്‍ വണ്ടി ഓടിക്കുന്നതിനെ സംബന്ധിച്ചും വിവരിക്കുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്ത് അഞ്ചു മാസത്തോളമായി സര്‍വീസ് നിര്‍ത്തിയെങ്കിലും യാത്രക്കാരില്ലാതെ ട്രെയിന്‍ ഓടിച്ചിരുന്നു. എന്നാല്‍, ഈ സമയത്ത് ബ്ലോഗറെ കയറ്റി യാഡില്‍നിന്ന് കളമശേരിയിലേക്കും തിരിച്ചും യാത്ര നടത്തുകയും ചെയ്തു.
കൊച്ചി മെട്രോയുടെ പണി തുടങ്ങിയതു മുതല്‍ ഇതുവരെ തികച്ചും ഔദ്യോഗികമായി മാത്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ അതിസൂക്ഷ്മ വിവരങ്ങള്‍ എങ്ങനെ വ്യക്തിയുടെ ബ്ലോഗില്‍ വന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ദല്‍ഹി-കൊച്ചി മെട്രോ റെയില്‍വേകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പ്രതികരിച്ചു. പൊതുസ്ഥലവും അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലവും തമ്മിലുള്ള വ്യത്യാസം അറിയാതെയാണ് ഈ പ്രവൃത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: