തിരുവോണ ദിനത്തില്‍ തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു എന്ന വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍, രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഒരു മഹാമനീഷി എഴുതിയ പ്രവചനതുല്യമായ കത്തിനെ കുറിച്ച് ഓര്‍ത്തു. 1988 സെപ്തംബര്‍ 20 ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര്‍ജി, സിപിഎം അഖിലേന്ത്യ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാടിന് എഴുതിയ തുറന്ന കത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം എഴുതി : ‘സോഷ്യലിസത്തിന് മാനവികതയുടെ മുഖച്ഛായ നല്കാന് ഗോര്‍ബച്ചേവും മറ്റും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പൈശാചികതയിലേക്കുള്ള തിരിച്ചുപോക്കു തടയാനെങ്കിലും താങ്കള്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.'( ഇ.എം.എസ്സിന് ഒരു തുറന്ന കത്ത് 20 / 08/ 1988 ). 1980ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടി ഒരുമിച്ച് ദല്‍ഹിയില്‍ ചര്‍ച്ച നടത്തി. രണ്ടാം ഭാഗം കേരളത്തില്‍ നടത്താനും തിരുമാനിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന നേതാക്കളും ബിഎംഎസ് സ്ഥാപക നേതാവ് ദത്തോപാന്ത് ഠേംഗ്ഡിജിയും സിഐടിയു നേതാവ് രാമമൂര്‍ത്തിയും പങ്കെടുത്ത ചര്‍ച്ചകളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സിപിഎം കേരള ഘടകം വൈമുഖ്യം കാണിച്ചു. സാമാധാന ചര്‍ച്ചകള്‍ പ്രഹസനമായി. കൊലപാതക പരമ്പരകള്‍ക്ക് സിപിഎം നേതൃപരമായ പങ്ക് വഹിച്ചു കൊണ്ടിരുന്നു.
ഇന്ന്, കേരളത്തെ രാഷ്ട്രീയ-മത തീവ്രവാദികളുടെ സങ്കേതമാക്കി വളര്‍ത്തിയതില്‍ സിപിഎമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പിഴവുകള്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിനും രാഷ്ട്രീയ പ്രതിയോഗികളെ അരുംകൊല ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും തയ്യാറാവാതെ, അവരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മും ഭരണാധികാരികളും സ്വീകരിക്കുന്നത്. കേരളം മറ്റൊരു കശ്മീരാകുമോ എന്നാണ് ജനങ്ങള്‍ ഭയക്കുന്നത്. തിരുവോണത്തലേന്ന് വെഞ്ഞാറമ്മൂട് നടന്ന ഇരട്ട കൊലപാതകം അപലപിക്കേണ്ടത് തന്നെയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സമൂഹം ഒന്നായി പ്രതികരിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. സിപിഎം തുടങ്ങിവച്ചതിന്റെ ആവര്‍ത്തനം. 1988 അത്തം നാളില്‍ തിരുവനന്തപുരം മുരുക്കുംപുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് യുവാക്കളെ ക്ഷേത്രത്തില്‍ വച്ച് പ്രസാദ വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ക്ഷേത്രവളപ്പില്‍ അരിഞ്ഞ് തള്ളിയത്. 30 വര്‍ഷമായി എത്രയെത്ര കൊലപാതകങ്ങള്‍, അംഗഭംഗം വന്നവര്‍, ജീവച്ഛവമായി ജീവിക്കുന്നവര്‍… 2020 ലും തിരുവോണ നാളില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ സംഘട്ടനമാണോ? ഗുണ്ടാപ്പകയാണോ? മതഭീകരവാദ സംഘടനാ പ്രവര്‍ത്തകരാണോ അക്രമത്തിന് പിന്നില്‍? കൊല ചെയ്യപ്പെട്ടവര്‍ ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് എസ്ഡിപിഐ പോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചവരാണോ? ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്താന്‍ കേരളത്തോടൊപ്പം കേന്ദ്ര ഏജന്‍സികളും ശക്തമായ അന്വേഷണ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്ന സംസ്ഥാനമായി കേരളം മാറി. മത തീവ്രവാദ സംഘടനകളും അവരെ സംരക്ഷിക്കുന്നവരും ഭരണസിരാ കേന്ദ്രങ്ങളിലും അധികാര സ്ഥാനത്തും അപ്രമാദിത്തം നേടിക്കഴിഞ്ഞു. ഇടതുപക്ഷ ഭീകര സംഘടനകളും മത തീവ്രവാദികളും പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് എന്ന് പറഞ്ഞത് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനനാണ്. ന്യൂനപക്ഷ വോട്ട് നേടി അധികാരത്തിലെത്താനുള്ള ശ്രമവും മുന്നറിയിപ്പുകളെ അവഗണിച്ച് ഇടത്-വലത് മുന്നണികള്‍ രാജ്യദ്രോഹ ശക്തികളെ തരാതരം പോലെ പാലൂട്ടുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രവണതകളും തുറന്ന് കാണിക്കുന്ന അനേകം സംഭവങ്ങള്‍ നമ്മുക്ക് മുമ്പിലുണ്ട്. 1988ല്‍ പി.പരമേശ്വര്‍ജി, ഇഎംഎസ്സിനോട് ആവശ്യപ്പെട്ടു, രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണം. പക്ഷേ അത് ഉള്‍കൊള്ളാന്‍ കേരളം തയ്യറായില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുണ്ടകളെയും തീവ്രവാദികളെയും കൊലപാതകങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നു. ഒരു വൃക്ഷത്തിന്റെ വിവിധ ശിഖരങ്ങള്‍ മാത്രമാണ് എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകള്‍. സൗകര്യത്തിനനുസരിച്ച് ഇക്കൂട്ടര്‍ പല രൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ക്ക് തെരഞ്ഞെടുപ്പ് വിജയം നേടാന്‍ സഹായിച്ചതും സിപിഎമ്മിന്റെ അവസരവാദ നിലപാടുകളാണ്. ഇരു മുന്നണികള്‍ക്കും കേരളത്തിലെ ഭീകരവാദ സംഘടനകളുടെ വളര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാവില്ല.
കേരളവും തീവ്രവാദ ഭീഷണിയുടെ നിഴലിലാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2008 നവംബര്‍ 26 ന്, കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പ്രമേയത്തിന്റെ ഉള്ളടക്കം ഇതായിരുന്നു: സംസ്ഥാനത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന ഭീകരവാദ- തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ പോലീസ് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട പ്രതികളില്‍ പലരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഉത്തരം ആളുകള്‍ പല ഭീകരവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ ഉത്കണ്ഠാകുലരാണ്. ഈ ഗുരുതര സ്ഥിതിവിശേഷത്തെക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം, അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മറുപടിയോടുകൂടി അതും അവസാനിച്ചു. പിന്നീട് അഞ്ച് വര്‍ഷം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി, യുഡിഎഫ് ഭരിച്ചു. ഒന്നും സംഭവിച്ചില്ല. പി.പരമേശ്വര്‍ജിയെപ്പോലുള്ള മഹാത്മാക്കളുടെ വാക്കുകളും മുന്‍ രാഷ്ട്രപതി ഡോ: എ.പി.ജെ.അബ്ദുള്‍ കലാം മുന്നോട്ടു വെച്ച പത്തിന കര്‍മപദ്ധതികളും കേന്ദ്ര അന്വേഷണ സംഘങ്ങളുടെ മുന്നറിയിപ്പും അതിന്റെ ഗൗരവത്തോടെ ഉള്‍ക്കൊണ്ടാല്‍ മാത്രമാണ് കേരളത്തിന്റെ ഭാവി ശോഭനമാകുക.
ശശി വെണ്ണക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: