‘തമിഴ്നാട്ടില്‍ ഒരു ശ്രീനാരായണ ഗുരു ജനിക്കാത്തതുകൊണ്ടാണ് അവിടെ ജാതി ഹിന്ദുക്കള്‍ ഹരിജനങ്ങളെയും മറ്റുതാഴ്ന്ന ജാതിക്കാരെയും ഇത്രയേറെ ദ്രോഹിക്കുന്നത്’. തമിഴ്നാട്ടിലെ കൂട്ട മതംമാറ്റത്തെക്കുറിച്ച് കാഞ്ചി കാമകോടി ജയേന്ദ്ര സരസ്വതി സ്വാമികളുടെ വാക്കുകളായിരുന്നു ഇത്. എങ്ങനെയാണ് കലുഷിതമായ ഒരു കാലഘട്ടത്തില്‍ അസ്പൃശ്യതയില്‍ നിന്ന് മോചനത്തിനായി മറ്റ് മതങ്ങളില്‍ ചേക്കേറാനൊരുങ്ങിയ പിന്നാക്ക സമൂഹത്തെ ശ്രീനാരായണ ഗുരുദേവന് കാത്തുരക്ഷിച്ചതെന്ന് ജയേന്ദ്ര സരസ്വതി സ്വാമികളുടെ വാക്കുകള്‍ കാണിച്ചുതരുന്നു.
19-ാം നൂറ്റാണ്ടിന്റെ സംഘര്‍ഷഭരിതമായ കാലഘട്ടത്തില്‍ ജാതിചിന്തകള്‍ മൂലം ‘നരനുനരനശുദ്ധ വസ്തുപോലും, ധരയില്‍ നടപ്പതു തീണ്ടലാണുപോലും’ എന്ന് കുമാരനാശാന് എഴുതിയ അന്ധകാരത്തില്‍ നിന്നും ആദ്ധ്യാത്മികതയില്‍ അടിയൂന്നി സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരുകയായിരുന്നു ഗുരുദേവന്. പിന്നാക്ക സമൂഹം തന്നെ ഹിന്ദുത്വത്തിന് അന്യമാകേണ്ട അവസ്ഥയില്‍ ഹിന്ദൂസമൂഹത്തിന് നേരാംവഴി കാട്ടുകയായിരുന്നു ഗുരുദേവന് ചെയ്തത്.
ഗുരുദേവന് ആരായിരുന്നുവെന്ന ചര്‍ച്ചകള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. കഠിന തപസ്സിലൂടെ ഈശ്വരസാക്ഷാത്കാരം നേടിയ ഗുരുദേവന് ഭാരതീയ ഋഷിപരമ്പരയിലെ തിളങ്ങുന്ന ആദ്ധ്യാത്മിക തേജസ്സാണ്. ഹൈന്ദവമായ എല്ലാത്തിനെയും പുച്ഛത്തോടെ കാണുകയും തങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ വെറുക്കുന്ന ഒരു വസ്തുവുണ്ടെങ്കില്‍ അത് ഹിന്ദുത്വമാണെന്ന് പ്രഖ്യാപിക്കുകയും, ഏകസത്യമെന്ന നിലയ്ക്ക് ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ 1854 സപ്തംബറിലായിരുന്നു ഗുരുദേവന്റെ ജനനം. ചരിത്രത്തിന്റെ അനിവാര്യമായ ഒരു യുഗപിറവി.
അരുവിപ്പുറം പ്രതിഷ്ഠ
1888ലെ ശിവരാത്രിനാളില്‍ ഗുരുദേവന് നടത്തിയ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ചരിത്രത്തില്‍ അന്നോളം സംഭവിച്ചിട്ടില്ലാത്ത നിശ്ശബ്ദ വിപ്ലവമായിരുന്നു. അത് ജാതികൊത്തളങ്ങളെ പിടിച്ചുകുലുക്കി. അതിന്റെ മാറ്റൊലികള്‍ ഭാരത്തിലുടനീളം വ്യാപിക്കുകയും ചെയ്തു. ഒരുപക്ഷേ ഗുരുദേവനെ ഭാരതം ശ്രദ്ധിച്ചുതുടങ്ങിയത് അരുവിപ്പുറത്തെ പ്രതിഷ്ഠ മുതലായിരിക്കണം. അതൊരു സാമൂഹിക-ആധ്യാത്മിക വിപ്ലവമായിരുന്നു. തികച്ചും സമാധാനപരമായി, ഒരു തുള്ളി രക്തം പൊടിയാതെ രചനാത്മകവും മഹത്തരവുമായ ഒരു പരിവര്‍ത്തനത്തിന്റെ ശംഖനാദമായിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട, ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പില്ക്കാലത്ത് ക്ഷേത്ര പ്രവേശന വിളംബരത്തിനൊക്കെ ആധാരശിലയായത് അരുവിപ്പുറം പ്രതിഷ്ഠയായിരുന്നുവെന്ന് നിസ്സംശയം പറയാം.
എസ്എന്‍ഡിപി യോഗം
സംഘടിച്ചു ശക്തരാകുവാനും സ്വാശ്രയശീലത്തില് ഉയരാനും വെല്ലുവിളികളെ നേരിടാനുമായാണ് 1903 ജനുവരി 4ന് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം രൂപീകരിച്ചത്. പി. പരമേശ്വര്‍ജി വിശേഷിപ്പിച്ചതുപോലെ ഗുരുദേവനും ഡോ. പല്‍പ്പുവും കുമാരനാശാനും ചേര്‍ന്നുള്ള ഒരു ത്രിവേണി സംഗമത്തിലൂടെയാണ് എസ്എന്‍ഡിപിയോഗം രൂപമെടുത്തത്.
ആചാരപരിഷ്കരണം
പിന്നാക്ക സമൂഹങ്ങളില്‍ രൂഢമൂലമായിട്ടുള്ള അനാചാരങ്ങളില്‍ നിന്നും മുക്തമാകാതെ ഈ ജനവിഭാഗത്തിന് മോചനമില്ലായെന്ന് അറിയാമായിരുന്ന ഗുരുദേവന് തിരണ്ടുകുളി, പുളികുടി, താലികെട്ട് എന്നിവ നിര്‍ത്തലാക്കി. കാളിയെയും മറുതയെയും ചാമുണ്ഡിയെയും മാറ്റി സ്വാത്വിക ദൈവങ്ങളെ പ്രതിഷ്ഠിച്ച് അവയിലേക്ക് നയിച്ചു. പുനര്വിവാഹരീതിയും ഏകപത്നീ വ്രതവും നടപ്പിലാക്കി. മതം, സാദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നിവയ്ക്കായി പ്രചാരണം നടത്തുവാന്‍ നിര്‍ദ്ദേശിച്ചു. മദ്യവര്‍ജനം വിപ്ലവകരമായ തീരുമാനമായിരുന്നു.
വര്‍ക്കലയിലെ ശിവഗിരി മഠത്തിന്റെയും ആലുവയിലെ അദൈ്വതാശ്രമത്തിന്റെയും സ്ഥാപനം വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 1924ല്‍ ആലുവയില്‍ നടന്ന സര്‍വമതസമ്മേളനത്തിന്റെ മുഖമുദ്ര തന്നെ ‘അറിയാനും അറിയിക്കാനും വേണ്ടിയാണ്, വാദിക്കാനും ജയിക്കാനും വേണ്ടിയല്ല’ എന്ന വിളംബരമായിരുന്നു. അനാചാരങ്ങള്‍ സവര്‍ണരില്‍ നിന്നും അനുഭവിക്കുമ്പോള്‍തന്നെ ഈഴവരിലെ ഉന്നതരായ പലര്‍ക്കും ഹരിജനങ്ങളോട് തീണ്ടലുണ്ടായിരുന്നു. ഇതിന്റെ അര്‍ഥശൂന്യത മനസ്സിലാക്കിക്കൊടുക്കുന്നതിനായി പുലയ സമുദായത്തിലെ കുട്ടികളെ ഗുരുദേവന് എടുത്തു വളര്‍ത്തി പഠിപ്പിക്കുകയും ചെയ്തു. ഗുരുദേവന് സ്ഥാപിച്ച ക്ഷേത്രങ്ങളെല്ലാം എല്ലാവിഭാഗക്കാര്‍ക്കും ആരാധിക്കാന്‍ സൗകര്യവും ചെയ്തിരുന്നു.
ഗുരുദേവനും ഗാന്ധിജിയും
ജാതീയത സംബന്ധിച്ച ഗാന്ധിജിയുടെ നിലപാടുകളില്‍ ഗുരുദേവന്റെ സ്വാധീനമുണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാം. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജിക്ക് പ്രചോദനമായതും 1925 മാര്‍ച്ച് 12ന് ശിവഗിരിയില്‍ ഗുരുദേവനുമായുണ്ടായ കൂടിക്കാഴ്ചയാണ്. ആദ്ധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്നും ഗാന്ധിജിയെ ധരിപ്പിച്ചിരുന്നു.
1923ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചശേഷം പറഞ്ഞത് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ധാരാളം പുണ്യാത്മക്കളെയും മഹര്ഷിമാരെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ശ്രീനാരായണ ഗുരുവിനേക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്.
തികഞ്ഞ ഹിന്ദു സംന്യാസി
ഗുരുദേവനെ ഹിന്ദുവല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും നടക്കുന്നുണ്ട്. ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാനും ഈഴവാദി പിന്നാക്ക വിഭാഗങ്ങളെ നാസ്തികരാക്കാനും മറ്റുമതങ്ങളുടെ തൊഴുത്തില്‍ക്കൊണ്ടുപോയി കെട്ടാനുമുള്ള തന്ത്രമാണ് ഇതിനുപിന്നിലുള്ളത്.
ഗുരുദേവന് തികഞ്ഞ ഒരു ഹിന്ദു സംന്യാസിയായിരുന്നു. 43ഓളം ക്ഷേത്രങ്ങളിലാണ് ഗുരുദേവന് പ്രതിഷ്ഠ നടത്തിയിട്ടുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുദേവന്റെ സ്തോത്രങ്ങളെല്ലാം ഹിന്ദുദേവീദേവന്മാരെക്കുറിച്ചുള്ളതാണ്. ഈശാവാസ്യോപനിഷത്തിനും ഗായത്രിക്കും ശേഷമുള്ള സാര്‍വജനീന പ്രാര്‍ഥനയാണ് ദൈവദശകമെന്നാണ് നിത്യചൈതന്യയതി വിലയിരുത്തുന്നത്. ആത്മോപദേശശതകമാകട്ടെ സാധാരണക്കാര്‍ക്ക് അദൈ്വത തത്വങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ഗുരു രചിച്ചതാണ്.
മതപരിവര്‍ത്തനത്തിന് ഗുരുദേവന് എതിരായിരുന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി മറ്റു മതങ്ങളിലേക്ക് മാറണമെന്നഭിപ്രായത്തിന് ശക്തമായി ഉയര്‍ന്ന അഭിപ്രായങ്ങളെ ഗുരുദേവന് അംഗീകരിച്ചില്ല. ഈഴവരെ മതംമാറ്റാന്‍ ഉദ്ദേശിച്ച് നടത്തിയ സമ്മേളനങ്ങളില്‍ ഗുരുവിന്റെ അഭിപ്രായം കുമാരനാശാന് ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തനസംരംഭത്തിനെതിരായി 1923ലെ എസ്എന്‍ഡിപിയോഗത്തിന്റെ കൊല്ലം സമ്മേളനത്തില്‍ കുമാരനാശാന് അതിശക്തമായി പ്രസംഗിക്കുകയുണ്ടായി. മതപരിവര്‍ത്തനരസവാദം എന്ന ആശാന്റെ ലഘുപുസ്തകം ഗുരുദേവന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ സ്വധര്‍മ്മത്തിലേക്ക് ഗുരുദേവന് തിരിച്ചുകൊണ്ടുവന്നിരുന്നു. ജീവിതത്തിലൊരിക്കല്‍ പോലും ക്ഷോഭിച്ചു സംസാരിക്കാതെ ജീവിതകാലമത്രയും മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു ശ്രീനാരായണഗുരു. എതിര്‍ത്തുകൊണ്ടും ഭര്‍ത്സിച്ചുകൊണ്ടും ഒരിക്കലും അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. ആദ്ധ്യാത്മികതയുടെയും സാമൂഹിക പരിഷ്കരണത്തിന്റെയും സമഞ്ജസമായ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ തന്നെയാണ് മാനവസമൂഹത്തിന് വഴികാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: