കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ കാർഡ് ഉടമകൾക്കും ഓണത്തിന് മുമ്പ് റേഷൻ ഷോപ്പുകൾ വഴി സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി. ഇതോടെ വെള്ള കാർഡുടമകൾക്ക് കിറ്റ് ഇല്ലാത്ത ഓണം.
ഇന്ന് ഉത്രാടവും നാളെ തിരുവോണവും എത്തിച്ചേരുമ്പോൾ മുൻഗണനേതര വിഭാഗത്തിൽപെട്ട (എൻപിഎൻഎസ് ) വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയിൽ ഒരിടത്തും ഇതുവരെ നടന്നില്ല . ഇന്നലെയും ഇന്നുമായി സംസ്ഥാനത്തെ മുഴുവൻ വെള്ളക്കാർഡ് ഉടമകൾക്കും കിറ്റുകൾ നൽകുമെന്ന് ഇന്നലെ പത്രങ്ങളിൽ വാർത്ത നൽകുകയും സിവിൽ സപ്ലൈസ് വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇന്ന് കിറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റേഷൻ ഷോപ്പ് ഉടമകൾ പറഞ്ഞു. സമൂഹത്തിലെ മുൻഗണ നേ തര വിഭാഗത്തിൽപ്പെട്ട വെള്ളക്കാർഡ് ഉടമകൾക്ക് സർക്കാർ ഓണകിറ്റ് ഓണത്തിന് മുമ്പ് കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇതോടെ സമൂഹത്തിലെ ജനങ്ങളെ രണ്ടു തട്ടായി കാണുന്ന സർക്കാർ നടപടിയിൽ ഗ്രാമപ്രദേശങ്ങളിൽ അടക്കം വെള്ള കാർഡുള്ള കുടുംബങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ് . ഓണക്കിറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ ഇന്നലെവരെ
ഭക്ഷ്യധാന്യങ്ങൾ വാങ്ങാതെ നിൽക്കുകയായിരുന്നു എന്നാൽ ഇന്നലെ റേഷൻ ഷോപ്പുകളുമായി ബന്ധപ്പെട്ട അന്വേഷിച്ചപ്പോഴാണ് വെള്ളക്കാർഡുകാർക്ക് വിതരണം ചെയ്യാൻ കിറ്റുകൾ എത്തിയിട്ടില്ലെന്ന മറുപടി ലഭിച്ചത് .ഇതോടെ ജനങ്ങൾ ഭക്ഷ്യധാന്യങ്ങൾക്കായി പൊതു വിപണിയിലെത്തി.എന്തിനാണ് ഇത്തരം പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുന്നതെന്ന ചോദ്യം വെള്ള കാർഡിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഉയരുകയാണ് .
വെള്ളക്കാർഡ് ഉടമകളോട് കാണിച്ച് സർക്കാരിന്റെ പക്ഷവാദ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറവാണ് കിറ്റ് വിതരണത്തിന് തടസ്സമായതെന്നാണ് അധികൃതരുടെ വാദം. എന്നാൽ ഇന്നലെ കിറ്റ് വിതരണം ചെയ്യുമെന്ന് പത്രങ്ങളിലൂടെ അറിയിച്ചതെന്തിനാണെന്നാണ് വെള്ള കാർഡുടമകൾ ചോദിക്കുന്നത്. ഓണക്കിറ്റ് വിതരണത്തിന്റെ തുടക്കത്തിൽ തന്നെ ഭക്ഷ്യവസ്തുക്കളിലെ തൂക്കത്തിലെ കുറവും ശർക്കരിലെ മായവും വിവാദമായിരുന്നു .ഇതോടെ ശർക്കരയ്ക്ക് പകരം പഞ്ചസാര നൽകാൻ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: