കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ അന്തര്‍സംസ്ഥാന യാത്ര വിലക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു. യാത്രവിലക്ക് കാരണം കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കര്‍ണാടക യാത്ര ചെയ്യുന്നതിലൂടെ കോവിഡ് വ്യാപിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഒരു നിയന്ത്രണവും അതിര്‍ത്തിയില്‍ പാടില്ലെന്നിരിക്കെ കേരള സര്‍ക്കാര്‍ നിയന്ത്രണമെടുത്ത് കളയാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോകാന്‍ കഴിയാതെ നിരവധിപേര്‍ക്ക് ജോലിപോലും നഷ്ടപെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. വിവിധ പരീക്ഷകളില്‍ ഹാജരായവര്‍ക്കും ദിവസ പാസെടുത്ത് കര്‍ണാടകയില്‍ പോയി വന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആകെ 5 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലാ ഭരണകൂടം പറയുന്നത് പോലെ യാതൊരുവിധ വ്യാപനവും ഇതുവഴി ഉണ്ടായിട്ടില്ല. വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞാണ് ഇന്നും കര്‍ണ്ണാടക കേരള സര്‍ക്കാരും ജില്ലാ ഭരണകൂടവും നിഷേധിക്കുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് റോഡുകള്‍ തുറന്ന് കൊടുക്കാന്‍ പറഞ്ഞിട്ടും ജില്ലയിലെ അതിര്‍ത്തികളില്‍ യാത്രസൗകര്യമൊരുക്കിയിട്ടില്ലെന്നും അഡ്വ കെ.ശ്രീകാന്ത് ആരോപിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടയില്‍ അഞ്ചുതവണയിലേറെയായി അനുമതിക്കായി ഉള്ള നിബന്ധനകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയവും അപ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് യാത്ര അനുവദിക്കുന്നതിനുവേണ്ടി മുന്നോട്ടു വയ്ക്കുന്നത്.
പുതിയ നിര്‍ദ്ദേശം ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയിലാണ്. റെഗുലര്‍ പാസ് ആവശ്യമില്ലെന്ന് പറയുകയും പക്ഷേ എന്‍ആര്‍സിക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാന്‍ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ആന്റ്റിജന്‍ ടെസ്റ്റ് നടത്തുന്നതിലും വ്യക്തതയില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം തുറന്നു കൊടുക്കാന്‍ പറഞ്ഞ നാലു റോഡുകളിലും ഒരു സംവിധാനവുമേര്പെടുത്തിട്ടില്ല. ജില്ലാ കളക്ടറോട് അന്വേഷിച്ചാലും ഒരു ഉത്തരവും കിട്ടുന്നില്ല. ഓരോ സ്ഥലത്ത് ഓരോ രീതിയിലാണ് ജനങ്ങള്‍ക്ക് മറുപടി ലഭിക്കുന്നത്. വ്യക്തത ഇല്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അന്തര്‍സംസ്ഥാന യാത്രക്കുള്ള നിയന്ത്രണം പൂര്‍ണ്ണമായും മാറ്റുന്നതുവരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും ശ്രീകാന്ത് അറിയിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി.സുരേഷ്കുമാര്‍ ഷെട്ടിയും മേഖലാ വൈസ് പ്രസിഡണ്ട് സതീശ്ചന്ദ്ര ഭണ്ഡാരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: