ഇടുക്കി: നീണ്ട ഏഴ് മാസത്തെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിന് ശേഷം ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് വീട്ടിലേക്ക് പോകുന്നു. കഴിഞ്ഞ ഫെബ്രുവരി ആദ്യം വീട്ടില്‍ പോയി മടങ്ങിയെത്തിയ അദ്ദേഹത്തിന് പിന്നീട് നാട്ടിലേക്ക് പോകാനായില്ല.
പിന്നാലെ എത്തിയ കൊറോണയും കനത്ത മഴയും പെട്ടിമുടി ദുരന്തവുമെല്ലാം ജില്ലയെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് അദ്ദേഹം വീട്ടില്‍ പോലും പോകാതെ മുഴുവന്‍ സമയവും ജോലിയില്‍ വ്യാ പൃതനായത്. ദിവസങ്ങളോളം രാത്രി ഏറെ വൈകിയും അദ്ദേഹം ഓഫീസില്‍ തുടര്‍ന്നു. പെട്ടിമുടി ദുരന്ത സ്ഥലത്ത് നിരവധി തവണയെത്തി യോഗങ്ങളിലടക്കം പങ്കെടുത്തു. കൊറോണ ബാധയിലടക്കം കളക്ട്രേറ്റിലിരുന്ന് എല്ലാ വിവരങ്ങളും ഏകോപിപ്പിച്ച് വേണ്ട സൗകര്യങ്ങളുമൊരുക്കി. ഈ സമയത്തെല്ലാം ഗസ്റ്റ് ഹൗസില്‍ അദ്ദേഹം തനിച്ചായിരുന്നു.
ഇതിന് ശേഷമാണ് ഓണമെത്തിയതോടെ വീട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യമൊരുങ്ങിയത്. കാസര്‍ഗോഡ് സ്വദേശിയായ അദ്ദേഹം 2018 അവസാനത്തോടെയാണ് ഇടുക്കിയിലെത്തിയത്. ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന കളക്ടര്‍ സെപ്തംബര്‍ രണ്ടിന് തിരികെ എത്തും. പകരം ചുമതല എഡിഎമ്മിനാണ്. ഏറെ നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന സന്തോഷത്തിലാണ് കളക്ടര്‍, അച്ഛനെ കാണാനാകുമെന്ന പ്രതീക്ഷയില്‍ എട്ടിലും രണ്ടിലും പഠിക്കുന്ന മക്കളും. ഇത്തരത്തില്‍ മാസങ്ങള്‍ കൂടുമ്പോള്‍ പോലും വീട്ടില്‍ പോകുകയോ ബന്ധുക്കളെ കാണുകയോ ചെയ്യാനാകാതെ നിരവധി ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ജോലി നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: