കേരളാ കോണ്‍ഗ്രസ് ഒരു വിചിത്ര രാഷ്ട്രീയ പാര്‍ട്ടിയാണ്. ഹൈറേഞ്ചുകളില്‍ നല്ല വേരോട്ടമുള്ള കക്ഷി. സമതലങ്ങളിലും മോശമല്ലാത്ത സ്വാധീനം. അഞ്ചര പതിറ്റാണ്ടിന്റെ പ്രായം തികച്ചു, ഈ പാര്‍ട്ടി. പക്ഷേ പ്രായത്തിനൊത്ത പക്വതയുണ്ടോ എന്നന്വേഷിച്ചാല്‍ സ്വാഭാവികമായും സംശയം വരും. കേരളാ കോണ്‍ഗ്രസ് എന്ന് കേട്ടാല്‍ ഒരുപാട് നേതാക്കളുടെ മുഖം തെളിയുമെങ്കിലും തിളങ്ങി നില്‍ക്കുന്നത് കെ.എം.മാണി തന്നെ. അന്തരിച്ചെങ്കിലും ഓര്‍മകള്‍ക്ക് മരണമില്ല.
കെ.എം.മാണിക്ക് തന്റെ കക്ഷിയെക്കുറിച്ച് സുചിന്തിതമായ അഭിപ്രായമുണ്ടായിരുന്നു. അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ പാര്‍ട്ടിയാണെന്നാണ് മാണി സ്വന്തം കക്ഷിയെക്കുറിച്ച് അഭിമാനിക്കാറ്. എന്നാല്‍ തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്നവകാശപ്പെടുന്ന സിപിഎമ്മിനോടൊപ്പം അധികം അന്തിയുറങ്ങാന്‍ മാണിക്ക് കഴിഞ്ഞിരുന്നില്ല. ഹ്രസ്വകാലത്തെ സഹവാസം കൊണ്ട് തന്നെ മാണിക്ക് കിട്ടിയത് കമ്യൂണിസ്റ്റ് വെറുപ്പിന്റെ ഭാണ്ഡമാണ്. ഇടത് മുന്നണിയുടെ പടിയിറങ്ങിയ മാണിയെ വിളിക്കാന്‍ എന്നിട്ടും സിപിഎമ്മിന് മടിയൊന്നുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം പോലും വാഗ്ദാനം കിട്ടിയിട്ടും മാണി മനസ്സ് മാറ്റിയിട്ടില്ല. അതിനെ തുടര്‍ന്നാണല്ലോ കെ.എം.മാണിയുടെ അവസാനത്തെ ബജറ്റ് പ്രസംഗം പോലും പൂര്‍ത്തിയാക്കാനാകാത്ത കലാപം നിയമസഭ കണ്ടത്.
നിയമസഭയില്‍ മുദ്രാവാക്യം വിളിക്കാമോ? പ്രസംഗം തടസ്സപ്പെടുത്താമോ? നടത്തളത്തില്‍ ഇറങ്ങാമോ? സ്പീക്കറെ അനുസരിക്കാതിരിക്കാമോ? തന്നെ കള്ളനെന്ന് വിളിക്കാമോ? തെറി മുദ്രാവാക്യം വിളിക്കാമോ എന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചത് വ്യാഴാഴ്ചത്തെ ബഡായി ബംഗ്ലാവിലാണ് (പ്രയോഗം പ്രതിപക്ഷ നേതാവിന്റേത്). മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ പ്രസക്തമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അങ്ങനെയൊന്നും പാടില്ല. പക്ഷേ പാടില്ലാത്ത കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുന്ന മുന്നണിയേത് എന്ന് ചോദിച്ചാല്‍ അഞ്ചുവര്‍ഷം മുന്‍പ് ബജറ്റവതരണ വേളയിലെ കയ്യാങ്കളി ഓര്‍ത്താല്‍ ഉത്തരം കിട്ടും. കൂക്കിവിളിയും തെറിയഭിഷേകങ്ങളും മാത്രമല്ല, സ്പീക്കറുടെ ഇരിപ്പിടംവരെ കീഴ്മേല്‍ മറിഞ്ഞു. അടിയും കടിയും പിടിയും വലിയുമെല്ലാം തെരുവു യുദ്ധത്തെക്കാള്‍ ഇരുപക്ഷവും നന്നായി ചെയ്തു. ബജറ്റിന്റെ നാലുവരി പ്രസംഗം വായിച്ച് മാണിക്ക് നിര്‍ത്തേണ്ടി വന്നു.
ഇതെല്ലാം മാണിക്കെതിരായ പ്രയോഗത്തിന്റെ ഭാഗമായിരുന്നിട്ടും പാലായിലെ മത്സരത്തില്‍ മാണിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. മാണി ജയിച്ചിടത്ത് തോല്ക്കാനാണോ മകന് മാണിയുടെ വിധി? ആണെന്നാണ് സാഹചര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മാണിയുടെ ജീവിതകാലത്ത് തന്നെ കേരളാ കോണ്‍ഗ്രസ് ഒന്നു കൂടി വളര്‍ന്നു. ആണെന്നാണ് സാഹചര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മാണിയുടെ ജീവിതകാലത്ത് തന്നെ കേരളാ കോണ്‍ഗ്രസ് ഒന്നുകൂടി വളര്‍ന്നു. വളര്‍ന്നാല്‍ പിന്നെ പിളരണമല്ലൊ. ”വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കക്ഷി” എന്നാണല്ലൊ സ്വന്തം പാര്‍ട്ടിക്കുള്ള സവിശേഷതയായി മാണി തന്നെ വ്യക്തമാക്കിയത്. ഒടുവിലത്തെ പിളര്‍പ്പിന്റെ നായകനാകാന്‍ ജോസ് കെ. മാണി വളര്‍ന്നിരിക്കുന്നു. ആ വളര്‍ച്ചയില്‍ ആശയും ആവേശവും കൊള്ളുന്ന മാണി വിരുദ്ധത ജീവിത വ്രതമാക്കിയ സിപിഎം ആകുമ്പോള്‍ ആര്‍ക്കാണ് കൗതുകമുണ്ടാകാതിരിക്കുക!
ജോസ് കെ. മാണി നയിക്കുന്ന ഗ്രൂപ്പിലെ രണ്ട് എംഎല്‍എമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നത് ശുഭസൂചകമായി കണ്ട് കുറിപ്പെഴുതിയത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. അണികളും ജനങ്ങളും ഭരണത്തിലെ പിത്തലാട്ടങ്ങള്‍ കണ്ട് കടന്നുപോകുമ്പോള്‍ വിടവ് നികത്താനുള്ള അടവ്, ‘കയറി വാ മോനെ ജോസേ’ എന്ന മട്ടിലുള്ള കുറിപ്പ്.
കോടിയേരിയുടെ ഏറ്റവും പുതിയ നീക്കത്തോട് എങ്ങനെയാവും കാനം രാജേന്ദ്രന് പ്രതികരിക്കുക. ഏതാനും മാസം മുന്‍പ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞ കാര്യമുണ്ടല്ലൊ, ജോസ് കെ. മാണിക്ക് ജനപിന്തുണയുണ്ടെന്ന്. അന്ന് കാനം പറഞ്ഞു, ”കേരള കോണ്‍ഗ്രസിന് ജനപിന്തുണയുണ്ട്. പക്ഷേ കടലിലെ വെള്ളം ബക്കറ്റില്‍ നിറച്ചാല്‍ തിര വരുമോ” എന്ന്. വി.എസ്. അച്യുതാനന്ദനെ അടിക്കാന്‍ പിണറായി വിജയന് പ്രയോഗിച്ച വടിയായിരുന്നു അത്. കാനം ആ ചോദ്യം ആവര്‍ത്തിക്കുമോ?
പണ്ടേക്ക് പണ്ടേ, സിപിഐ സ്വീകരിക്കുന്ന നിലപാടുകള്‍ക്കും വാക്കുകള്‍ക്കും കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്നു. പ്രഹരത്തിന്റെ ശക്തിയും പ്രശംസനീയമായിരുന്നു. അതെല്ലാം കോവിഡ് കാലത്തെ ഓണം പോലെയാകുമോ? അതിനാണ് സാധ്യത. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം അധികാരം. ഇതല്ലെങ്കില്‍ കേരളം ഇങ്ങോളം കാണാത്ത അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങുവാഴുമ്പോള്‍ എതിര്‍ത്തൊരു വാക്ക് പറയില്ലേ? പോട്ടെ, മുഖ്യമന്ത്രിയെ അനുകൂലിച്ചെങ്കിലും നാലക്ഷരം പറയേണ്ടേ? പുര കത്തുമ്പോള്‍ വാഴവെട്ടുക എന്ന് പറഞ്ഞതു പോലെ ആയിത്തീര്ന്നോ സിപിഐ.പി.ജെ. ജോസഫ് കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തി എല്‍ഡിഎഫില്‍ ചേക്കേറാന്‍ ആദ്യകാലത്ത് ഒരുങ്ങിയപ്പോള്‍ നമ്പൂതിരിപ്പാട് പറഞ്ഞ കാര്യമുണ്ട്. ”പള്ളിയേയും പട്ടക്കാരേയും തള്ളി പറയണം.” ഇഎംഎസ് പറഞ്ഞ വാക്ക് വിഴുങ്ങി ജോസഫിനെ മുന്നണിയിലെടുത്തു. ജോസഫിന്റെ ‘കുതിര’ (ചിഹ്നം)പ്പുറത്തായിരുന്നു ഏറെക്കാലം സിപിഎം. ജോസ് കെ.മാണി ഒരു ചിഹ്നവുമില്ലാതിരിക്കുമ്പോള് ഏതെങ്കിലും ഒരു കോണില്‍നിന്നു പോലും ചോദ്യചിഹ്നമുണ്ടാകില്ലെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: